Sunday, April 12, 2026
Home Blog Page 191

കിളിമാനൂരില്‍ ബസ്സിനടിയിൽ പെട്ട് വൃദ്ധയ്ക്ക് ദാരുണാന്ത്യം

0

കിളിമാനൂര്‍ പുതിയകാവിലുണ്ടായ വാഹന അപകടത്തില്‍ വൃദ്ധ മരിച്ചു. അടയമണ്‍ ആശാരിക്കുന്ന് കുന്നില്‍ വീട്ടില്‍ കുഞ്ഞന്‍ ആശാരിയുടെയും ചെല്ലമ്മയുടെയും മകളായ ലതിക (68)ആണ് മരിച്ചത്. വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സായി മുമ്പ് ജോലി ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

പള്ളിക്കലില്‍ നിന്നും കിളിമാനൂരിലേയ്‌ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്. പുതിയകാവില്‍ നിര്‍ത്തി ആളെ ഇറക്കിയ ശേഷം മുന്നോട്ടെടുത്തപ്പോള്‍ ലതികയെ തട്ടുകയും ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. ഉടനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കിളിമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുൻ ലോകസുന്ദരി മത്സരാർഥി ഷെരിക ഡി അർമാസ് കാൻസർ ബാധിച്ച് 26ാം വയസിൽ അന്തരിച്ചു

0

2015ൽ ഉറുഗ്വായെ പ്രതിനിധീകരിച്ച ലോകസുന്ദരി മത്സരാർഥി ഷെരിക ഡി അർമാസ് അന്തരിച്ചു. 26 വയസായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ക്യാൻസറിന് എതിരെ പോരാടുകയായിരുന്നു. സെർവികൽ കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കീമോതെറാപ്പി, റേഡിയോതെറാപ്പി ചികിത്സ തേടിയിരുന്നു. ഷെരിക മരിച്ച വിവരം സഹോദരനാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ചൈനയിൽ നടന്ന ലോകസുന്ദരി ചാമ്പ്യൻഷിപ്പിൽ അവസാന 30 പേരിൽ ഷെരിക ഇടംനേടിയിരുന്നു. മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ 18 വയസ്സായിരുന്നു ഷെറികയുടെ പ്രായം. ഷെരികയുടെ മരണത്തിൽ നിലവിലെ മിസ് ഉറുഗ്വേ കാർല റൊമേറോ അനുശോചിച്ചു. ക്യാൻസർ ബാധിതരായ കുട്ടികളെ ചികിത്സിക്കുന്ന പെരസ് സ്‌ക്രീമിനി ഫൗണ്ടേഷനു വേണ്ടി ഷെറിക പ്രവർത്തിച്ചിരുന്നു.

തിരുവനന്തപുരത്ത് വീടിനുള്ളിൽ ഗൃഹനാഥൻ മരിച്ചനിലയിൽ; വീട്ടിൽ വെള്ളം കയറിയാണ് മരണമെന്ന് നിഗമനം

0

തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിനു സമീപം ബാലനഗറിൽ അറുപത്തെട്ടുകാരനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബാലനഗർ സ്വദേശി വിക്രമനാണു മരിച്ചത്. വീടിനകത്ത് വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളത്തിൽ വീണു മരിച്ചതെന്നാണു പ്രാഥമിക നിഗമനം.

വീടിനു പരിസരത്ത് വെള്ളം കയറിയതിനാൽ ഭാര്യ മക്കളുമായി മകളുടെ വീട്ടിലേക്കു പോയിരുന്നു. രാവിലെ ഭാര്യ ഭക്ഷണം നൽകാനായി വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ കട്ടിലിനോളം വെള്ളം കയറിയ നിലയിലായിരുന്നു. വെള്ളം ഇറങ്ങിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

26 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുവിദക്കണമെന്ന യുവതിയുടെ ആവശ്യം സുപ്രീം കോടതി തളളി

0

26 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുവിദക്കണമെന്ന വിവാഹിതയായ യുവതിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗം ബെഞ്ചാണ് ഹർജി തള്ളിയത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് വിധി. 26 ആഴ്ചയും 5 ദിവസവും ആണ് ഗർഭകാലം.

ഗർഭം അലസിപ്പിക്കാൻ അനുവദിക്കുന്നത് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിന്റെ 3, 5 വകുപ്പുകളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. അമ്മയ്ക്കോ കുഞ്ഞിനോ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. “ഞങ്ങൾക്ക് ഹൃദയമിടിപ്പ് തടയാൻ കഴിയില്ല,” എന്നാണ് വിധി പ്രസ്താപിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞത്.എംടിപി നിയമപ്രകാരം, ബലാത്സംഗത്തെ അതിജീവിച്ചവർ ഉൾപ്പെടെ വിവാഹിതരായ സ്ത്രീകൾക്കും ഭിന്നശേഷിയുള്ളവരും പ്രായപൂർത്തിയാകാത്തവരും ഗർഭം അവസാനിപ്പിക്കുന്നതിനുള്ള ഉയർന്ന പരിധി 24 ആഴ്ചയാണ്. രണ്ട് കുട്ടികളുടെ അമ്മയായ തനിക്ക് വിഷാദരോഗമുണ്ടെന്നും വൈകാരികമായോ സാമ്പത്തികമായോ മൂന്നാമതൊരു കുഞ്ഞിനെ വളർത്താനുള്ള സാഹചര്യമില്ലെന്നുമാണ് യുവതി പറഞ്ഞിരുന്നത്.

ഗാസയിൽ വെടിനിർത്തലിന് സമ്മതിച്ചുവന്ന വാർത്ത തള്ളി ഇസ്രായേൽ

0

ഗാസയില്‍നിന്ന് നൂറുകണക്കിന് പേര്‍ക്ക് ഈജിപ്റ്റിലേക്ക് കടക്കുന്നതിന് സഹായകരമാകുംവിധം വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്ത തള്ളി ഇസ്രായേൽ. റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ ഗാസയിലേക്കുള്ള റഫ അതിർത്തി ക്രോസിങ് വീണ്ടും തുറന്നതായി അൽ അറബിയ റിപ്പോർട്ട് ചെയ്തിരുന്നു. സഹായ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ഇസ്രായേൽ മണിക്കൂറുകൾ ആക്രമണം നിർത്തി വയ്ക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.

അതിനിടെ ഗാസയിൽ നിന്നുള്ള കൂട്ടപലായനം തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടെ വടക്കന്‍ ഗാസയില്‍ നിന്ന് 4 ലക്ഷത്തിലധികം പേരാണ് ഒഴിഞ്ഞുപോയത് എന്നാണ് റിപ്പോർട്ട്. 126 സെനികരെ ബന്ദികളാക്കിയെന്ന് നേരത്തെ ഹമാസ് അറിയിച്ചിരുന്നു. ഇക്കാര്യം ഇപ്പോള്‍ ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. ഗസയിലുള്ളവർക്ക് സഹായം എത്തിക്കുന്നതിന് തയ്യാറായി നൂറുകണക്കിന് ട്രക്കുകളാണ് അതിർത്തിയിൽ കാത്തുനിൽക്കുന്നത്.

തൃശ്ശൂരിൽ ചിറയില്‍ കുളിക്കാനിറങ്ങിയ 4 കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

0

തൃശ്ശൂർ പുത്തൂരിനടുത്ത് ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കുറ്റൂർ സ്വദേശി അഭിൻ ജോൺ, അർജുൻ കെ, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈൻ എന്നിവരാണ് മരിച്ചത്. അഭിൻ ജോൺ സെന്റ് അലോഷ്യസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയും മറ്റു മൂന്ന് പേർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളുമാണ്.

പുത്തൂര്‍ കൈനൂർ ചിറയിൽ ഉച്ച കഴിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം. ചിറയിൽ നാല് വിദ്യാർത്ഥികൾ കുളിക്കാൻ ഇറങ്ങിയതാണ്. ഒരു വിദ്യാർത്ഥി ഒഴുക്കിൽപ്പെടുന്നത് കണ്ട് മറ്റു മൂന്ന് പേർ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവരും ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് വിദ്യാർത്ഥികളെ ചിറയിൽ നിന്നും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂബ ടീമും സ്ഥലത്ത് എത്തിയിരുന്നു.

“ലോകത്തിലെ തന്നെ പ്രമുഖ തുറമുഖങ്ങൾക്കൊപ്പമാണ് വിഴിഞ്ഞവും” വിഴിഞ്ഞത്ത് ആദ്യകപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി

0

എല്ലാവരും ഒത്തുചേർന്നാൽ അസാധ്യമായത് ഒന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിലെ തന്നെ പ്രമുഖ തുറമുഖങ്ങൾക്കൊപ്പമാണ് വിഴിഞ്ഞമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഭിമാന പദ്ധതിയാണിത്. ചില രാജ്യാന്തര ലോബികളും വാണിജ്യ ലോബികളും ഇതിനെതിരെ നീക്കം നടത്തി. അവർ പ്രത്യേക രീതിയിൽ ഇതിനെതിരെ രംഗത്തുണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിക്കാൻ നമുക്കായി എന്നും പിണറായി പറഞ്ഞു.

തുറമുഖത്തെത്തിയ ചൈനീസ് കപ്പലായ ഷെൻഹുവ 15നെ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌താണ് സ്വീകരിച്ചത്. വാട്ടർ സല്യൂട്ട് നല്‍കി കൊണ്ടാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിലെത്തി. തുടർന്ന് കരിമരുന്ന് പ്രയോഗവും നടന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രിയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

ഇത് പോലെയുള്ള 8 കപ്പലുകൾ കൂടി ഇനി അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞം തുറമുറത്തേക്ക് വരുമെന്ന് പിണറായി വിജയൻ പറഞ്ഞു. ആറ് മാസത്തിനുള്ളിൽ കമ്മീഷനിംഗ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖം, കേരളം ഇന്ത്യക്ക് നൽകുന്ന മഹത്തായ സംഭവനയാണ്. തുറമുഖത്തോടനുബന്ധിച്ച് വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ തുരങ്കപാത നിർമിക്കാനുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. പോർട്ടിനെ ദേശീയപാത 66നോട് ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിനുള്ള ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. ഇതിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡ് വികസിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. 6000 കോടി ചെലവഴിച്ച് നിർമിക്കുന്ന ഔട്ടർ റിങ് റോഡ് വികസിപ്പിക്കാൻ ആലോചിക്കുന്നുണ്ട്. 6000 കോടി ചെലവഴിച്ച് നിർമിക്കുന്ന ഔട്ടർ റിങ് റോഡ് കൂടി വരുന്നതോടെ വലിയ നേട്ടമാകും. 5000ത്തിലധികം തൊഴിൽ അവസരങ്ങളാണ് ഇവിടെ പുതുതായി വരുന്നത്. തുറമുഖം യാഥാർഥ്യമാകുന്നതോടെ കേരളം കണ്ടെയ്നർ നീക്കത്തിന്റെ കേന്ദ്രമായി മാറും. വ്യവസായങ്ങൾക്കും വലിയ സാധ്യതയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിശക്തമായ മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

0

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2023 ഒക്ടോബർ 16) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ജില്ലയിൽ പലയിടങ്ങളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയതെന്ന് കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ജില്ലയിയിൽ പലയിടങ്ങളിലും വെള്ളക്കെട്ടാണ്. കണ്ണമൂല, ചാക്ക , തേക്കുംമൂട് ബണ്ട് കോളനി, പൗണ്ടുകടവ്, പൊട്ടക്കുഴി, മരുതൂർ, നെയ്യാറ്റിൻകര,വെള്ളായണി തുടങ്ങി പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ മണിക്കൂറുകൾ നീണ്ട മഴയിൽ ടെക്നോപാര്‍ക്കിലടക്കം വെള്ളം കയറി. നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഗ്രാമീണ മേഖലകളിൽ ഏക്കറ് കണക്കിന് കൃഷി നശിച്ചു. ജില്ലയുടെ വിവിധ മേഖലകളിലായി ഇരുപത്തിയൊന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

കനത്ത മഴയിൽ തിരുവനന്തപുരത്ത് 6 വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. വെള്ളം കയറിയതിനാല്‍ കഴക്കൂട്ടം സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. സുരക്ഷാ നടപടികളുടെ ഭാഗമായി സബ്‌സ്റ്റേഷനില്‍ നിന്നുള്ള കുഴിവിള, യൂണിവേഴ്‌സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി.ഫീഡറുകള്‍ സ്വിച്ച് ഓഫ് ചെയ്തത് മേഖലയില്‍ വൈദ്യുതി തടസ്സപ്പെടാനിടയാക്കി.ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടൽ -കായലോര -മലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനമുണ്ട്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും തീരപ്രദേശത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലും ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

റീൽസിൽ നിന്നും പണികിട്ടി യുവാക്കൾ; ബൈക്ക് സ്റ്റണ്ട് നടത്തിയ നിയമലംഘകരിൽ നിന്നും ഈടാക്കിയത് മൂന്നരലക്ഷം രൂപ

0

ഇരുചക്ര വാഹനങ്ങളുടെ അഭ്യാസപ്രകടനം, അമിതവേഗം, രൂപമാറ്റം എന്നിവ തടയുകയെന്ന ലക്ഷ്യത്തോടെ കേരള പൊലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ 35 ഇരുചക്രവാഹനങ്ങള്‍ പിടിച്ചെടുത്തു. 3,59,250 രൂപ പിഴ ഈടാക്കി. ട്രാഫിക്കിന്റെ ചുമതലയുള്ള ഐജി ജി സ്പര്‍ജന്‍ കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി സെല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകൾ നിരീക്ഷിച്ചാണ് നിയമലംഘകരെ കണ്ടെത്തിയത്.

വാഹനരൂപമാറ്റം വരുത്തി സ്റ്റണ്ട് ചെയ്ത് ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരുടെ വിലാസം ശേഖരിച്ചാണ് ഓപ്പറേഷന്‍ ബൈക്ക് സ്റ്റണ്ടിന്റെ മൂന്നാംഘട്ടം നടപ്പാക്കിയത്. നിയമം ലംഘിച്ച ഏഴു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 30 പേരുടെ ലൈസന്‍സ് റദ്ദാക്കി. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പോലീസിന്‍റെ ശുഭയാത്ര വാട്സാപ്പ് നമ്പറായ 9747001099 എന്ന നമ്പറിലേയ്ക്ക് വിഡിയോയും ചിത്രങ്ങളും അയക്കാം.

പോലീസിന് തിരിച്ചറിയൽ കാർഡ് കൊടുക്കുമ്പോൾ പോക്കറ്റിൽ നിന്നും കഞ്ചാവ് പൊതി താഴെവീണു; പത്തനംതിട്ടയിൽ കാർഷിക ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം

0

കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടയിൽ സംഘർഷം. പൊലീസ് ലാത്തി വീശി. വോട്ട് ചെയ്യാനെത്തിയ യുവാക്കളോടു തിരിച്ചറിൽ കാർഡ് ചോദിച്ചപ്പോൾ വോട്ടിങ് സ്ലിപ്പിനൊപ്പം കഞ്ചാവ് പൊതിയും പോക്കറ്റിൽ നിന്നും വീണു. കൊടുമൺ സ്വദേശികളായ രണ്ടുപേരിൽനിന്നാണ് കഞ്ചാവ് പൊതികൾ പിടിച്ചത്. ഇവരിൽനിന്ന് യുഡിഎഫ് വോട്ടിങ് സ്ലിപ്പും കണ്ടെടുത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടക്കുന്നുവെന്ന് യുഡിഎഫും എൽഡിഎഫും ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച തർക്കം സംഘർഷത്തിലേക്കും എത്തി. പോലീസ് ലാത്തിവീശിയാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെയാണ് വോട്ട് ചെയ്യാനെത്തിയ രണ്ടുപേരോട് പോലീസ് തിരിച്ചറിയൽ കാർഡ് ചോദിച്ചത്. ഇവർ തിരിച്ചറിയൽ കാർഡ് എടുക്കുന്നതിനിടെ പോക്കറ്റിലുണ്ടായിരുന്ന കഞ്ചാവ് പൊതികളും നിലത്തുവീഴുകയായിരുന്നു. ഇതോടെ രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കള്ളവോട്ട് ചെയ്യാനെത്തിയവരാണെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്.