Sunday, April 12, 2026
Home Blog Page 189

റഫ അതിർത്തി തുറന്നു; സഹായവുമായി ട്രക്കുകൾ ഗാസയിലേക്ക്

0

അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ റഫ അതിർത്തി തുറന്നു. ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാൻ പ്രതിദിനം 20 ട്രക്കുകള്‍ക്കാണ് അനുമതി. അതിർത്തി തുറന്നതായി പലസ്തീൻ സ്ഥിരീകരിച്ചു. ട്രക്കുകൾ പലസ്തീനിലേക്ക് കടക്കുന്നതിന്റെ ദൃശ്യങ്ങൾ ഈജിപ്ഷ്യൻ പ്രാദേശിക ചാനലുകൾ പുറത്ത് വിട്ടിട്ടുണ്ട്. യു എൻ അയച്ച മരുന്നുകളുമായാണ് ട്രക്കുകൾ എത്തുന്നത്. ട്രക്കിൽ ജീവൻ രക്ഷാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളുമാണ്.

റഫ കവാടം തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു. ഗാസയെ നിരീക്ഷിക്കാന്‍ സൈന്യത്തോട് സജ്ജമാകാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കി. ഹമാസ് ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും തുടരുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ജോ ബൈഡനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നടത്തിയ ചര്‍ച്ചയിലാണ് ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ തീരുമാനമായത്.

ഗാസയിൽ പുലർച്ചെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു. തെക്കൻ റഫ സിറ്റിയിലെ കെട്ടിടങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായിട്ടുണ്ട്. ആക്രമണം 14ാം ദിവസത്തിലേക്ക് കടന്നപ്പോൾ മരണസംഖ്യ 4200 കവിഞ്ഞതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. മരിച്ചവരിൽ 70 ശതമാനം കുട്ടികളും സ്ത്രീകളുമാണ്. 24 മണിക്കൂറിനുള്ളിൽ 352 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ 14 ലക്ഷം ആളുകളാണ് ഇതിനകം കുടിയൊഴിപ്പിക്കപ്പെട്ടത്. .

ഗഗൻയാൻ പരീക്ഷണ വിക്ഷേപണം വിജയകരം; അഭിമാന നേട്ടത്തിൽ ഐഎസ്ആർഒ

0

ഗഗൻയാൻ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ. ഗഗയൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം പൂർണ വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് 10 മണിയോടെയാണ് പരീക്ഷണ വിക്ഷേപണം നടന്നത്. ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷനാണ് വിജയകരമായി പൂർത്തിയാക്കിയത്. ഭ്രമണപഥത്തിൽ എത്തും മുൻപ് തിരികെ ഇറക്കേണ്ടി വന്നാൽ യാത്രക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്നതാണ് ഈ ദൗത്യം.

ഓട്ടമാറ്റിക് ലോഞ്ച് സീക്വൻസിലെ തകരാറിനെ തുടർന്ന് മാറ്റി വച്ച വിക്ഷേപണം 10 മണിയോടെയാണ് നടത്തിയത്. 17 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂൾ വേർപെട്ട് താഴേക്കിറങ്ങി. തുടർന്ന് പാരഷൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോമീറ്റർ മാറി ബംഗാൾ ഉൾക്കടലിൽ വീണു. വിക്ഷേപണം കഴിഞ്ഞ് 9.50 മിനിറ്റിനുള്ളിൽ ദൗത്യം പൂർത്തിയായി. അടുത്ത വർഷാവസാനം മൂന്ന് പേരെ ബഹിരാകാശത്തെത്തിക്കാനാണ് ഐഎസ്ആ‍ർഒ ഒരുങ്ങുന്നത്. ചാന്ദ്രയാൻ 3 യുടെയും ആദിത്യ എൽ 1 ന്റെയും വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഐഎസ്ആ‍ർഒ പുതിയ ദൗത്യത്തിന് ഒരുങ്ങുന്നത്.

ഗെഹ്ലോട്ടിൻ്റെ പ്രസ്താവനയിൽ രാജസ്ഥാൻ കോൺഗ്രസിൽ അതൃപ്തി, നേതൃത്വത്തെ വിയോജിപ്പ് അറിയിക്കാൻ ഒരുങ്ങി സച്ചിൻ വിഭാഗം

0

അശോക് ഗെഹ്ലോട്ടിൻ്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ രാജസ്ഥാനിൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. അതൃപ്തി നേതൃത്വത്തെ അറിയിക്കാൻ ഒരുങ്ങുകയാണ് സച്ചിൻ പൈലറ്റ് വിഭാഗം. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് ഗെഹ്ലോട്ട് നടത്തിയ പ്രസ്താവനയിൽ ഉള്ള അതൃപ്തി ഇതിനോടകം മറ നീക്കി പുറത്തു വന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തുന്ന പ്രിയങ്ക ഗാന്ധിയെ സച്ചിൻ അതൃപ്തി അറിയിക്കും.

പദവി ഒഴിയാന്‍ ആഗ്രഹിക്കുന്നു, പക്ഷെ ഈ പോസ്റ്റ് എന്നെ വിട്ടുപോകുന്നില്ല, അതൊരിക്കലും എന്നെ കൈവിടില്ലെന്ന് കരുതുന്നുവെന്നാണ് അശോക് ഗെഹ്ലോട്ടിന്റെ വിവാദ പ്രസംഗം. മുഖ്യമന്ത്രി പദത്തെ സംബന്ധിച്ചുള്ള ഗെഹ്ലോട്ടിൻ്റെ പ്രസ്താവനയിൽ ഹൈക്കമാന്റിന് അതൃപ്തി അറിയിക്കാൻ ഒരുങ്ങുകയാണ് പൈലറ്റ് ക്യാമ്പ്. ഗലോട്ടിന്റെ പ്രസ്താവന അനവസരത്തിൽ ആണെന്നും, ഐക്യ നീക്കത്തിന് തിരിച്ചടിയാകുമെന്നുമാണ് പൈലറ്റ് ക്യാമ്പിൽ വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് ശേഷമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. യുവാക്കൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകണമെന്നും ആണ് മറു വിഭാഗത്തിൻ്റെ ആവശ്യം. സ്ഥാനാർത്ഥി നിർണയ ചർച്ചകളെയും പ്രസ്താവന ബാധിക്കുമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് രാജസ്ഥാനിൽ എത്തും. ദൗസയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും രാജസ്ഥാനിൽ അനിശ്ചിതത്വം തുടരുകയാണ്.

ആലുവയില്‍ 5 വയസുകാരിയുടെ കൊലപാതകത്തിൽ വിചാരണ പൂർത്തിയായി

0

ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന്‍ വിചാരണ പൂര്‍ത്തിയായി. 43 സാക്ഷികളെ വിസ്തരിച്ചു. 95 രേഖകളും പത്ത് തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. എറണാകുളം പോക്സോ കോടതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്.

അഞ്ചുവയസുകാരി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ജ്യൂസ്‌ നൽകി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തിനെതിരെ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന‍് ഹാജരാക്കിയത്. ജൂലൈയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി മാലിന്യക്കൂമ്പാരത്തില്‍വച്ച് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയെന്നതാണ് കേസ്. പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയതുമുതല്‍ ആലുവ മാര്‍ക്കറ്റിലെത്തിക്കുന്നതുവരെ നേരിൽ കണ്ട സാക്ഷികളെ വിസ്തരിച്ചു. കുട്ടിയെ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും കോടതിയില്‍ ഹാജരാക്കി. പ്രതിയുടെ ശരീരശ്രവങ്ങൾ കുട്ടിയുടെ സ്വകാര്യഭാഗത്തും വസ്ത്രങ്ങളിലുമുള്ളതായുള്ള ഫോറന്‍സിക് പരിശോധനാ ഫലവും കോടതിയിലെത്തിച്ചു.

എംഡിഎംഎയുമായി മെഡിക്കല്‍ വിദ്യാര്‍ത്ഥി കൊല്ലത്ത് പിടിയില്‍

0

കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി മെഡിക്കൽ വിദ്യാർഥി പിടിയിൽ. സ്വകാര്യ ഡെന്‍റല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാർഥി കോഴിക്കോട് സ്വദേശി നൗഫലാണ് കൊട്ടിയം പൊലീസിന്‍റെ പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് പുലർച്ചെ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ്സിൽ കൊട്ടിയം ജംഗ്ഷനിൽ വന്നിറങ്ങിയപ്പോഴാണ് നൗഫൽ പിടിയിലായത്. 72 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തു.

ബംഗളുരുവിൽ നിന്നും എംഡിഎംഎ കൊണ്ടുവന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് അന്തർ സംസ്ഥാന ബസുകൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് നൗഫൽ പിടിയിലായത്. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനുള്ള സമഗ്രഹികളും പോലീസ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളത്തെ അൽതാഫ് എന്ന ആളാണ് ലഹരിമരുന്ന് നൽകിയതെന്നാണ് ഇയാൾ മൊഴി നൽകിയിട്ടുള്ളത്. പ്രതിയും എം.ഡി.എം.എ. ഉപയോഗിച്ച് ലഹരിയായതിനാൽ പോലീസിന് വിശദമായി ചോദ്യംചെയ്യാനായിട്ടില്ല. പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

മലപ്പുറത്തെ 13 കാരന്റെ മരണം ഷോക്കേറ്റ്; കൃഷി ഉടമയ്‌ക്കെതിരെ കേസ്

0

മലപ്പുറം പൂക്കോട്ടുംപാടത്ത് കൃഷിയിടത്തില്‍ 13കാരന്‍ മരിച്ച നിലയില്‍. അസം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്മത്തുള്ളയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.കൃഷിസ്ഥലത്ത് സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റാണ് മരണം. കാട്ടുപന്നികളെ തുരത്താനായാണ് വൈദ്യുതി വേലി സ്ഥാപിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ആള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.

ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമരമ്പലത്തെ ഇഷ്ടികക്കളത്തില്‍ ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ മാതാപിതാക്കള്‍. കുട്ടിയെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

വിളിച്ചപ്പോൾ ഇറങ്ങിവന്നില്ല, നേമത്ത് യുവാവ് കാമുകിയെ കുത്തിക്കൊല്ലാൻ ശ്രമിച്ചശേഷം സ്വയം കഴുത്തറത്തു

0

നേമത്ത് യുവതിയെ കഴുത്തിൽ കുത്തിയ ശേഷം യുവാവ് സ്വയം കഴുത്തറുത്തു. രാവിലെ എട്ടരയോടെ വീടിന് മുന്നിലെത്തിയ ദീപകുമായി റോഡിൽ വച്ച് രമ്യ ദീർഘനേരം സംസാരിച്ചിരുന്നു. പിന്നീട് ഭയന്നോടിയ രമ്യയെ പിന്തുടർന്ന് ദീപക് കടന്നുപിടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം അയൽവീട്ടിലേക്ക് ഓടിയ രമ്യയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഈ സമയത്ത് രമ്യയുടെ വീട്ടിൽ ഒളിച്ചിരുന്ന പ്രതി പൊലീസെത്തിയതറിഞ്ഞ് കൈയിലെ കത്തി ഉപയോഗിച്ച് സ്വയം കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.

രമ്യയും ദീപകും ഏറെ കാലമായി പ്രണയത്തിലാണെന്നും ഇവർ രമ്യയുടെ വീടിന് മുന്നിലെ റോഡിൽ വച്ച് സംസാരിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്. അതേസമം സംഭവത്തിൽ നിർണായകമായി അയൽവാസിയുടെ മൊഴി. രാവിലെ രമ്യയുടെ വീട്ടിൽ നിന്ന് ശബ്ദം കേട്ടുവെന്നും പിന്നാലെ രമ്യയുടെ നിലവിളി കേട്ടെന്നും അയൽവാസി പറയുന്നു. ദീപക്ക് വീട്ടിൽ തന്നെ ഒളിച്ചിരിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിന് തൊട്ട് മുമ്പാണ് ദീപക് സ്വയം പരിക്കേൽപ്പിച്ചതെന്നും അയൽവാസി പറയുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിയുന്ന രമ്യയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. എന്നാൽ ദീപക് അപകട നില തരണം ചെയ്തു. നേമം സ്വദേശിയായ രമ്യ വെള്ളായണിയിലെ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയാണ്. രമ്യയും അമ്മയും അമ്മൂമ്മയും മാത്രമാണ് വീട്ടിൽ കഴിയുന്നത്. അമ്മ നേമത്ത് പെട്രോൾ പമ്പിലെ ജീവനക്കാരിയാണ്.

ശബരിമല തീർത്ഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾ വേണ്ട; പിഴ ഈടാക്കണമെന്ന് ഹൈക്കോടതി

0

ശബരിമല തീർഥാടനതിനായി അലങ്കരിച്ച വാഹനങ്ങൾ പാടില്ലെന്ന് കേരള ഹൈക്കോടതി. പുഷ്പങ്ങളും ഇലകളും വച്ച് വാഹനങ്ങൾ അലങ്കരിക്കാൻ പാടിലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുഷ്‌പങ്ങളും ഇലകളും വച്ച് അലങ്കരിച്ച് വരുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർദേശം. വാഹനങ്ങൾ അലങ്കരിച്ച് വരുന്നത് മോട്ടർ വാഹന ചട്ടങ്ങൾക്ക് എതിരെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അന്യ സംസ്ഥാനങ്ങളിൽ നിന്നും മറ്റും തീർത്ഥാടനത്തിന് വരുന്ന വാഹനങ്ങൾ മിക്കതും ഇത്തരത്തിൽ അലങ്കരിച്ചാണ് വരാറുള്ളത്. ശബരിമല സർവീസ് നടത്തുന്ന കെ എസ് ആർ ടി സി ബസുകളും ഇത്തരത്തിൽ അലങ്കരിച്ചാണ് സർവീസ് നടത്താറുള്ളത്. എന്നാൽ ഇത്തരത്തിൽ യാതൊരു അലങ്കാരവും ഒരു വാഹനത്തിലും പാടില്ലെന്നും ഹെെക്കോടതി വ്യക്തമാക്കി. സർക്കാർ ബോർഡ് വെച്ച് വരുന്ന തീർഥാടക വാഹനങ്ങൾക്കെതിരെ നടപടി ഉണ്ടാകണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനും കോടതി നിർദേശിച്ചു.

ഗാസയിൽ ആശുപത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ മരണം 500 കടന്നു; കടുത്ത പ്രതിഷേധവുമായി ലോക രാഷ്ട്രങ്ങൾ

0

ഗാസയിലെ ആശുപത്രിക്ക് നേരെ ഉണ്ടായ വ്യോമാക്രമണത്തില്‍ മരണസംഖ്യ 500 കടന്നു. ഇന്നലെ രാത്രി നടത്തിയ വ്യോമാക്രമണത്തില്‍ 500 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഗാസ അധികൃതര്‍ പറഞ്ഞു. ഇസ്രായേലാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പലസ്തീൻ പറയുന്നത്. എന്നാല്‍ ഹമാസിന്റെ മിസൈല്‍ തന്നെയാണ് ആശുപത്രിക്ക് മേല്‍ പതിച്ചത് എന്നാണ് ഇസ്രായേലിന്റെ ആരോപണം.

ആക്രമണത്തില്‍ ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആക്രമണത്തില്‍ ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇസ്രയേല്‍ സൈന്യവും ആവർത്തിക്കുന്നു.

ഗാസയിലെ അല്‍ അഹില്‍ അറബ് ആശുപത്രിക്കുനേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കാനിരുന്ന ഉച്ചകോടി ജോര്‍ദാന്‍ റദ്ദാക്കി. ജോ ബൈഡന്റെ ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ തലേന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. റഷ്യയും യുഎഇയും അടിയന്തരമായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫാത്താഹ് എല്‍- സിസിയും പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ആക്രമണങ്ങളുടെപശ്ചാത്തലത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് മഹ്മൂദ് അബ്ബാസ് അറിയിച്ചു. ഇതോടെ ഉച്ചകോടി റദ്ദാക്കിയതായി വൈറ്റ്ഹൗസ് അറിയിച്ചു.

പി എൻ മഹേഷ് പുതിയ ശബരിമല മേല്‍ശാന്തി; മാളികപ്പുറത്ത് പി ജി മുരളി

0

ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എന്‍ മഹേഷ് ശബരിമല മേല്‍ശാന്തി. ശബരിമല സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് മഹേഷിനെ മേൽശാന്തിയായി തെരഞ്ഞെടുത്തത്.പി.ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. തൃശ്ശൂർ സ്വദേശിയാണ് മുരളി.17 പേരാണ് ശബരിമല മേല്‍ശാന്തിമാരുടെ അന്തിമ പട്ടികയിലുണ്ടായിരുന്നത്. ഇവരില്‍ നിന്നാണ് മഹേഷിനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. മാളികപ്പുറം മേൽശാന്തിമാരുടെ പട്ടികയിലുണ്ടായിരുന്ന 12 പേരിൽനിന്നാണ് പി.ജി മുരളിയെ തെരഞ്ഞെടുത്തത്.

മണ്ഡല, മകരവിളക്ക് തീർത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക. ഇന്നലെയാണ് തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് നട തുറന്നത്.

ഇന്ന് മുതൽ 22 വരെ വിശേഷാൽ പൂജകൾ ഉണ്ടാകും. ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം ദിവസവും നടത്തപ്പെടും. 22ന് രാത്രി 10ന് നട അടയ്ക്കും. മണ്ഡല മകരവിളക്ക് തീർത്ഥാടനം നവംബർ 16 ന് തുടങ്ങും. നവംബർ 17 ന് മണ്ഡല മഹോത്സവത്തിനായി ശബരിമല നട തുറക്കും.