Sunday, April 12, 2026
Home Blog Page 188

തേജ് ചുഴലിക്കാറ്റ്: ഒമാനില്‍ ദോഫാര്‍ മേഖലയില്‍ ശക്തമായ മഴ

0

തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. ദോഫാര്‍-അല്‍വുസ്ത ഗവര്‍ണ്ണറേറ്റുകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ദോഫാര്‍ മേഖലയില്‍ ഇന്നും നാളെയും പൊതു അവധിയാണ്.

നിലവില്‍ സലാല നഗരത്തിന് 250 കിലോമീറ്റര്‍ അകലെയാണ് തേജ് ചുഴലിക്കാറ്റ്. അടുത്ത ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ കാറ്റ് കരയില്‍ പ്രവേശിക്കും എന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്. കാറ്റ് തീരത്തോട് അടുത്തതോടെ ദോഫാര്‍ ഗവര്‍ണറേറ്റിലും അല്‍വുസ്ത ഗവര്‍ണറേറ്റിലെ വിലായത്ത് അല്‍ ജസീറിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മേഖലയില്‍ കാറ്റും മഴയും കൂടുതല്‍ ശക്തിപ്പെടും എന്നാണ് ഒമാന്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ദോഫാര്‍ ഗവര്‍ണറേറ്റിനും യെമനും ഇടയിലായിട്ടായിരിക്കും കാറ്റ് കരയില്‍ പ്രവേശിക്കുക. ദോഫാര്‍ ഗവര്‍ണറേറ്റിലും അല്‍വുസ്ത ഗവര്‍ണറേറ്റിന്റെ ചില ഭാഗങ്ങളിലുമായി അന്‍പത് മുതല്‍ മുന്നൂറ് മില്ലിമീറ്റര്‍ വരെ മമഴ ലഭിച്ചേക്കാം എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.

രണ്ടിടത്തും പൊതു-സ്വകാര്യമേഖലകള്‍ക്ക് ഇന്നും നാളെയും അവധി നല്‍കിയിരിക്കുകയാണ്. തീരപ്രദേശങ്ങളില്‍ നിന്നും നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതിനകം പതിനയ്യായിരത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സലാല തുറമുഖം ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് അടച്ചു.ദോഫാര്‍ മേഖലയില്‍ പൊതുജനങ്ങള്‍ താഴ്ന്ന പ്രദേശങ്ങളിലേക്കും താഴ് വാരങ്ങളിലേക്കും പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്നില്ല; ബിജെപിയുമായി കാൽ നൂറ്റാണ്ടായി ഉള്ള ബന്ധം അവസാനിപ്പിച്ച് നടി ഗൗതമി

0

ബിജെപിയുമായുള്ള കാൽ നൂറ്റാണ്ട് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി ഗൗതമി. ബി.ജെ.പിയിൽ നിന്ന് ഗൗതമി രാജിവെച്ചു. വ്യക്തിപരമായി പ്രശ്നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. തന്റെ സ്വത്തും സമ്പാദ്യവും തട്ടിയെടുത്തയാളെ പാർട്ടി നേതാക്കൾ സംരക്ഷിക്കുന്നുവെന്നും ഗൗതമി ആരോപിച്ചു. 25 വർഷം മുമ്പാണ് ഗൗതമി ബി.ജെ.പിയിൽ ചേർന്നത്.

20 വർഷം മുമ്പ് തന്റെ വസ്തുക്കളും മറ്റും കൈകാര്യം ചെയ്യാൻ ഏൽപ്പിച്ച സി. അഴഗപ്പൻ എന്ന ബിൽഡേഴ്സ് അളകപ്പൻ വിശ്വാസവഞ്ചന നടത്തിയെന്നാണ് ഗൗതമിയുടെ ആരോപണം. സാമ്പത്തികാവശ്യങ്ങൾക്കായി തന്റെ പേരിലുള്ള 46 ഏക്കർ ഭൂമി വിൽക്കാൻ ഗൗതമി തീരുമാനിച്ചിരുന്നു. അത് വിൽക്കാൻ സഹായിക്കാമെന്ന് ബിൽഡർ അളഗപ്പനും ഭാര്യയും സഹായം വാഗ്ദാനം ചെയ്തു. അതേത്തുടർന്ന് പവർ ഓഫ് അറ്റോർണി നൽകിയെന്നും എന്നാൽ അളകപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖയുണ്ടാക്കിയും 25കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമായിരുന്നു ആരോപണം. ഇതിനെതിരെ നിയമപ്പോരാട്ടത്തിനിറങ്ങിയപ്പോൾ പാർട്ടി അഴഗപ്പനൊപ്പം നിൽക്കുകയാണ് ഉണ്ടായതെന്ന് ഗൗതമി പറയുന്നു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി രാജപാളയം മണ്ഡലത്തിൽ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും ഗൗതമി പറയുന്നു. പാർട്ടി താഴേത്തട്ടിൽ ശക്തിപ്പെടുത്തുന്നതടക്കമുള്ള നടപടികളുമായി താൻ മുന്നോട്ടുപോയി. എന്നാൽ, അവസാനനിമിഷം പാർട്ടി വാക്കുമാറ്റി. എന്നിട്ടും താൻ പാർട്ടിക്ക് ഒപ്പം നിന്നു. എന്നിട്ടും, അഴകപ്പനെ പാർട്ടി സഹായിക്കുന്നുവെന്നും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് 40 ദിവസം കഴിഞ്ഞിട്ടും അയാളെ ഒളിവിൽപോകാൻ സഹായിച്ചുവെന്നും ഗൗതമി ആരോപിക്കുന്നു.

തനിക്ക് മുഖ്യമന്ത്രിയിലും പോലീസിലും നിയമ വ്യവസ്ഥയിലും പ്രതീക്ഷയുണ്ടെന്ന് ഗൗതമി രാജിക്കത്തിൽ പറയുന്നു. നീതിക്കുവേണ്ടിയും മകളുടെ ഭാവിക്കുവേണ്ടിയും, ഏകരക്ഷിതാവെന്ന നിലയിലും ഒറ്റയ്ക്കായ സ്ത്രീയെന്ന നിലയിലുമുള്ള പോരാട്ടമാണ് താൻ നടത്തുന്നതെന്നും കത്തിൽ ഗൗതമി ചൂണ്ടിക്കാട്ടുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ആദ്യകുറ്റപത്രം ഇ ഡി ഉടൻ സമർപ്പിക്കും

0

തൃശൂർ കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി ഇഡി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള നാല് പ്രതികൾക്കെതിരെ ബുധനാഴ്ച കുറ്റപത്രം സമർപ്പിക്കും. പി.സതീഷ്കുമാർ, പി.പി.കിരൺ, പി.ആർ.അരവിന്ദാക്ഷൻ, സി.കെ.ജിൽസ് എന്നിവരാണ് നാല് പ്രതികൾ. കുറ്റപത്രത്തിന്റെ കരട് തയ്യാറായി. കരട് നിയമ വിദഗ്‍ധർ പരിശോധിക്കുകയാണ്.

വടക്കാഞ്ചേരി മുൻസിപ്പൽ കൗൺസിലർ പിആർ അരവിന്ദാക്ഷന്റെയും, മുൻ സീനിയർ അക്കൗണ്ടൻ്റ് സികെ ജിൽസിന്റെയും ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കുകയാണ്. നേരത്തെ ജാമ്യാപേക്ഷയിൽ കോടതിയിൽ വിശദമായ വാദം നടന്നിരുന്നു. അരവിന്ദാക്ഷന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന കോൾ റെക്കോർഡ് കോടതിയിൽ കേൾപ്പിക്കാനുള്ള ശ്രമവും പ്രോസിക്യൂഷൻ തടഞ്ഞിരുന്നു. കോടതിയിൽ നൽകുന്ന കുറ്റപത്രത്തിനൊപ്പം ഈ ശബ്ദരേഖകളും കൈമാറുന്നുണ്ട്. കുറ്റപത്രം സമർപ്പിച്ച ശേഷം ഉന്നത രാഷ്‌ട്രീയ നേതാക്കൾ‌ക്കെതിരെ തുടരന്വേഷണം നടത്താനാണ് ഇഡിയ്‌ക്ക് ലഭിച്ച നിയമോപദേശം.

യുദ്ധഭീതിയില്‍ പശ്ചിമേഷ്യ: ഇസ്രയേല്‍-ഹമാസ് യുദ്ധം മറ്റിടങ്ങളിലേക്ക് വ്യാപിക്കുമോ എന്ന് ആശങ്ക

0

ഇസ്രയേല്‍-ഹമാസ് യുദ്ധം പശ്ചിമേഷ്യയില്‍ മറ്റിടങ്ങളിലേക്ക് വ്യാപിക്കുമോ എന്ന് ആശങ്ക കൂടുതല്‍ ശക്തമായി. സിറിയയില്‍ രണ്ട് വിമാനത്താവളങ്ങള്‍ക്ക് നേരെയാണ് ഇസ്രയേല്‍ ആക്രമണം ഉണ്ടായത്. അമേരിക്ക മേഖലയിലേക്ക് കൂടുതല്‍ സൈനികരെ അയക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇസ്രയേലില്‍ ഹമാസ് കടന്നുകയറി ആക്രമിച്ചതിന് പിന്നാലെ ആരംഭിച്ച യുദ്ധം രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ കൂടുതല്‍ മേഖലകളിലേക്ക് വളരുകയാണ്. സിറിയയില്‍ തലസ്ഥാനമായ ദമാസ്‌ക്കസിലും വടക്കന്‍ നഗരമായ അലപ്പോയിലും ആണ് വിമാനത്താവളങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം ഉണ്ടായത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിമാനങ്ങളാണ് രണ്ടും. ഇത് ഈ മാസം രണ്ടാം തവണയാണ് ഇസ്രയേലില്‍ നിന്നും സിറിയയിലെ ഈ വിമാനത്താവളങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ദമാസ്‌ക്കസ് വിമാനത്താവളത്തില്‍ രണ്ട് ജീവനക്കാര്‍ ആക്രമണങ്ങളില്‍ കൊലപ്പെടുകയും ചെയ്തു.ആക്രമണത്തെ തുടര്‍ന്ന് രണ്ട് വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ആക്രമണങ്ങള്‍ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നത് പശ്ചിമേഷ്യയില്‍ ആശങ്ക പരത്തിയിട്ടുണ്ട്.ഹമാസിന് നേരെ കരയുദ്ധം ആരംഭിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നാണ് ഇറാനും ഹസ്ബുള്ളയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇസ്രയേല്‍ കരയുദ്ധത്തിലേക്ക് കടന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായേക്കും. ഇസ്രയേലിനെ പിന്തുണക്കുന്നതിനായി പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനാണ് ഇസ്രയേല്‍ ഒരുങ്ങുന്നത്. ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ രണ്ട് പടക്കപ്പലുകളും രണ്ടായിരത്തിലധികം സൈനികരേയും അമേരിക്ക മേഖലയിലേക്ക് അയച്ചിരുന്നു

തേജ് ചുഴലിക്കാറ്റ് : ഒമാനില്‍ ദോഫാര്‍ മേഖലയില്‍ പൊതു അവധി പ്രഖ്യാപിച്ചു

0

അറബിക്കടലില്‍ രൂപം കൊണ്ട തേജ് തുഴലിക്കാറ്റിനെ തുടര്‍ന്ന് ഒമാനിലെ ദോഫാര്‍ മേഖലയില്‍ രണ്ട് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ആണ് അവധി. ദോഫാര്‍, അല്‍വുസ്ത ഗവര്‍ണറേറ്റുകളില്‍ ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം അനുഭവപ്പെടും എന്നാണ് മുന്നറിപ്പ്.

ദോഫാര്‍ ഗവര്‍ണ്ണറേറ്റില്‍ പൂര്‍ണ്ണമായും അല്‍വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജസാര്‍ വിലായത്തിലും ആണ് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു സ്വകാര്യമേഖലകള്‍ക്ക് ഒരു പോലെ അവധി ബാധകമായിരിക്കും. ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഒമാന്‍ ഭരണകൂടം. നിലവില്‍ ഒമാന്‍ തീരത്തുനിന്നും നാനൂറ് കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ്. നാളെയും മറ്റന്നാളും ആയിരിക്കും കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ ഒമാനില്‍ അനുഭവപ്പെടുക. ശക്തമായ മഴയ്‌ക്കൊപ്പം കാറ്റും വീശും എന്നാണ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റ് ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ള സലാലയുടെ തീരപ്രദേശങ്ങളില്‍ നിന്നടക്കം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ് ഒമാന്‍ ദുരന്തനിവാരണ ദേശീയ സമിതി. സലാല തുറമുഖം അടച്ചു. ആരോഗ്യമന്ത്രാലയം ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ തുറന്നിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം എന്നും താഴ്‌വാരങ്ങളിലും മലവെള്ളപ്പാച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പോകരുതെന്നും ദുരന്തനിവാരണ സിമിത മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച ഉച്ചയോട് കൂടി സലാലയ്ക്കും യെമനിലെ അല്‍ ഗെയ്ദക്കും ഇടയില്‍ കാറ്റ് തീരം തൊടും എന്നാണ് ഇന്ത്യന്‍ കാലാവസഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തേജ് ചുഴലിക്കാറ്റ്:യുഎഇയില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

0

അറബിക്കടലില്‍ രൂപമെടുത്ത തേജ് ചുഴലിക്കാറ്റ് യുഎഇയില്‍ മഴയ്ക്ക് കാരണാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. അടുത്ത രണ്ട് ദിവസത്തേക്കാണ് മഴയ്ക്ക് സാധ്യത. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ദേശീയകാലാവാസ്ഥാ കേന്ദ്രം അറിയിച്ചു.

അറബിക്കടലില്‍ രൂപമെടുത്ത തേജ് ചുഴലിക്കാറ്റ് നിലവില്‍ ക്യാറ്റഗറി രണ്ട് ചുഴലിക്കാറ്റാണെന്നും 165-മുതല്‍ 175 വരെ കിലോമീറ്റര്‍ വേഗതയുണ്ടെന്നും യുഎഇ ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 190 കിലോമീറ്റര്‍ വരെ വര്‍ദ്ധിച്ച് ക്യാറ്റഗറി മൂന്ന് ചുഴലിക്കാറ്റായി മാറും. തേജ് ചുഴലിക്കാറ്റ് യുഎഇയെ നേരിട്ട് ബാധിക്കില്ല.പക്ഷെ അറബിക്കടലില്‍ നിന്നുള്ള ഈര്‍പ്പം, രാജ്യത്തിന്റെ കഴിക്കന്‍ മേഖലയിലേക്കും തെക്കന്‍ ഭാഗത്തേക്കും എത്തും. ഇത് മേഘങ്ങള്‍ രൂപപ്പെടുന്നതിനും മഴ അനുഭവപ്പെടുന്നതിനും കാരണമാകും എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും കാലവസ്ഥാ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കണം എന്നും കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും ദേശീയകാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യുഎഇയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധയിടങ്ങളില്‍ മഴ അനുഭവപ്പെടുന്നുണ്ട്. ഇന്നലെ റാസല്‍ഖൈമ അടക്കം വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു.

ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ജോസ് കെ മാണി

0

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. അതിനേക്കാള്‍ വലിയ ഉത്തരവാദിത്വം പാര്‍ട്ടി ഏല്‍പിച്ചിട്ടുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റുന്നതിന് ആണ് പ്രഥമ പരിഗണന എന്നും അദ്ദേഹം പറഞ്ഞു. ഒരു കാരണവശാലും താന്‍ ലോക്‌സഭയിലേക്ക് മല്‍സരിക്കാനില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കോട്ടയത്ത് നിലവിലെ എംപി കേരള കോണ്‍ഗ്രസ് എം നേതാവ് തോമസ് ചാഴിക്കാടനാണ്. ചാഴിക്കാടനോടൊപ്പം ജോസ് കെ മാണിയുടെ പേരും പാര്‍ട്ടി സജീവമായി ആലോചിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. ജോസ് കെ മാണി മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ തോമസ് ചാഴിക്കാടന് തന്നെയാണ് സാധ്യത. 2019ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ് തോമസ് ചാഴിക്കാടന്‍ മല്‍സരിച്ചത്.

പാട്ടോർമയിലെ മുല്ലനേഴി; മുല്ലനേഴി വിടപറഞ്ഞിട്ട് പന്ത്രണ്ട് വർഷം

0

കവിയും ഗാനരചയിതാവും അഭിനേതാവുമായിരുന്ന മുല്ലനേഴി ഓർമ്മയായിട്ട് പന്ത്രണ്ട് വർഷം. ഗൃഹാതുരത്വം നിറഞ്ഞ ഒരുപാട് വരികൾ മലയാളികൾക്ക് സമ്മാനിച്ചാണ് മുല്ലനേഴി യാത്രയായത്. പുതിയ തലമുറ പോലും ഇന്നും ആ പാട്ടുകൾ ആസ്വദിക്കുന്നു.1948 മേയ് 16ന് ൽ തൃശൂർ ജില്ലയിലെ അവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയിൽ മുല്ലനേഴി നാരായണൻ നമ്പൂതിരിയുടെയും നങ്ങേലി അന്തർജ്ജനത്തിന്‍റെയും മകനായി ജനനം. രാമവർമ്മപുരം സർക്കാർ ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. 1980 മുതൽ 83 വരെ കേരള സംഗീത നാടക അക്കാദമി ഭരണസമിതിയിൽ അംഗമായിരുന്നു.

പി.എം. അബ്ദുൽ അസീസ് 1970കളുടെ തുടക്കത്തിൽ രചിച്ച ചാവേർപ്പട എന്ന നാടകത്തിൽ പ്രേംജിയോടൊപ്പം അഭിനയിച്ചുകൊണ്ടാണ് മുല്ലനേഴി കലാരംഗത്തേക്ക് കടന്നുവന്നത്. 69ചലച്ചിത്രഗാനങ്ങളും ഒട്ടനവധി ആൽബം ഗാനങ്ങളും മുല്ലനേഴി രചിച്ചിട്ടുണ്ട്.ഞാവൽപ്പഴങ്ങൾ എന്ന ചിത്രത്തിലെ ‘കറുകറുത്തൊരു പെണ്ണാണേ’ എന്ന ഗാനത്തിന്‍റെ രചനയിലൂടെ പ്രശസ്തനായി. 1995-ൽ നാടകത്തിനും 2010-ൽ കവിതക്കുമുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചില നാടകങ്ങളിലും ഏതാനും സിനിമകളിലും അഭിനയിച്ചു. 2011 ഒക്ടോബര്‍ 22-ന് തൃശൂരില്‍ വെച്ച് അന്തരിച്ചു.

റെക്കോർഡ് തീർത്ത് വിജയ് – ലോകേഷ് ചിത്രം ലിയോ

0

റിലീസ് ചെയ്ത് രണ്ടാം ദിനം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 100 കോടി കളക്റ്റ് ചെയ്തിരിക്കുകയാണ്. ആദ്യ ദിനത്തിൽ ആഗോളതലത്തിൽ 148.5 കോടിയാണ് സിനിമ കളക്റ്റ് ചെയ്തത്. ഇതിൽ 64.80 കോടി ഇന്ത്യയിൽ നിന്നായിരുന്നു. രണ്ടാം ദിനത്തിൽ കളക്ഷന് അല്പം കുറവുണ്ടായി. രണ്ടാം ദിനത്തിൽ 36 കോടിയാണ് ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് വാരിയത്. ഇതോടെ രണ്ടു ദിവസം കൊണ്ട് സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ മാത്രം 100 കോടിയിൽ എത്തി.

തമിഴ്‌നാട്ടിൽ ചിത്രത്തിന്റെ കളക്ഷൻ മുന്നിലാണ്. തമിഴ്നാട്ടിൽ 24 കോടിയും, ആന്ധ്രാപ്രദേശ്-തെലങ്കാന, കേരളം എന്നിവിടങ്ങളിൽ നിന്ന് ആറ് കോടി രൂപ വീതവും നേടി. കർണാടകയിൽ ഇത് 4.50 കോടി രൂപയാണ്. ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് വന്നത്. വാരാന്ത്യത്തിൽ ചിത്രത്തിന് കളക്ഷൻ കൂട്ടനാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. പൂജ അവധി ആയതിനാൽ കൂടുതൽ കുടുംബ പ്രേക്ഷകർ തീയറ്ററുകളിൽ എത്തും.

വിജയിയുടെ ഒപ്പമുള്ള ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ ചിത്രമാണ് ലിയോ. മാസ്റ്ററാണ് ആദ്യ ചിത്രം. വിക്രം സിനിമയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന ലോകേഷിന്റെ ചിത്രം കൂടി ആണ് ലിയോ. ലോകേഷ് കനകരാജിന്റെ മേക്കിങ്ങിനും സിനിമയുടെ സാങ്കേതിക മികവിനും വിജയ്‌യുടെ അഭിനയത്തിനും മികച്ച അഭിപ്രായം ഉണ്ട്.

തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താരനിരയാണ് ലിയോയിലുണ്ട്. അനിരുദ്ധ് രവിചന്ദ്രർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ക്ഷേത്രംവക ഭൂമിയിൽ ആർഎസ്‌എസ് പ്രവർത്തനം വേണ്ട; കർശന നിർദേശവുമായി ദേവസ്വം ബോർഡ്

0

ക്ഷേത്രം വക പ്രദേശത്ത് ആർഎസ്എസ് ശാഖാ പ്രവർത്തനം തടഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പരിശീലനത്തിന് വിലക്കേർപ്പെടുത്തിയ തീരുമാനം ശക്തമായി നടപ്പിലാക്കണമെന്ന് ബോർഡ്. ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ ആർഎസ്എസിന്റെ ശാഖകൾ പ്രവർത്തിക്കുന്നതും ആയോധന പരിശീലനം ഉൾപ്പെടെ മാസ്സ്ഡ്രിൽ നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ നടപടി സ്വീകരിക്കാൻ ഡപ്യൂട്ടി ദേവസ്വം കമ്മിഷണർമാർക്കും അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർമാർക്കും ബോർഡ് നിർദേശം നൽകി. ചിലയിടങ്ങളില്‍ വിലക്ക് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കർശന നടപടി സ്വീകരിക്കാൻ നിർദേശിച്ച് പുതിയ ഉത്തരവിറക്കിയത്. സർക്കുലര്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ക്ഷേത്ര പവിത്രത ലംഘിക്കുന്നതിനും ഭക്തരുടെ സ്വകാര്യത തടസ്സപ്പെടുന്നതിനും ഇത്തരം കടന്നുകയറൽ കാരണമാകുമെന്ന് ദേവസ്വം കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു. ഇങ്ങനെ ഉള്ള സംഘടനകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ക്ഷേത്ര അധികൃതർക്ക് പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായം തേടാം. ക്ഷേത്രവുമായി ബന്ധമില്ലാത്ത ചിത്രങ്ങൾ, ചിഹ്നങ്ങൾ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അടിയന്തരമായി നീക്കം ചെയ്യും.

തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടെ പ്രവർത്തനം, ആയുധ പരിശീലനം, ആയോധന അഭ്യാസം, മാസ്‌ഡ്രിൽ എന്നിവ പരിശോധിക്കാൻ രാത്രിയിൽ‌ ഉൾപ്പെടെ മിന്നൽ പരിശോധന നടത്തണം. ‘നാമജപഘോഷം’ എന്ന പേരിലോ മറ്റേതെങ്കിലും പേരിലോ പ്രതിഷേധ യോഗങ്ങൾ ക്ഷേത്ര വസ്‌തുവിൽ‌ ചേരുന്നത് നിരോധിച്ചു. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്ന പക്ഷം ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.