Sunday, April 12, 2026
Home Blog Page 187

തൃശൂരിൽ അച്ഛൻ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ മരണം നാലായി

0

തൃശൂർ മാടക്കത്തറ പഞ്ചായത്തിലെ ചിറക്കേക്കോട്ട് മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കൊട്ടേക്കാടൻ വീട്ടിൽ ജോജിയുടെ ഭാര്യ ലിജി (32) ആണ് മരിച്ചത്. ജോജി (39), മകൻ തെൻഡുൽക്കർ (12) എന്നിവർ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. തീ കൊളുത്തിയ പിതാവ് ജോൺസൻ (68) വിഷം കഴിച്ച് മരിച്ചിരുന്നു.

സെപ്റ്റംബർ 14നു പുലർച്ചെ 12.30നാണു മകന്റെ കുടുംബം ഉറങ്ങുന്ന മുറിയിലേക്കു ജനലിലൂടെ ജോൺസൺ പെട്രോൾ ഒഴിച്ചത്. ഭാര്യ സാറ ഉറങ്ങുന്ന മുറി പൂട്ടിയിട്ട ശേഷമാണ് ഇയാൾ തീയിട്ടത്. കുറച്ച് വർഷങ്ങളായി ജോൺസനും മകനും തമ്മിൽ തർക്കം ഉണ്ടാകാറുണ്ടായിരുന്നു. വാടകവീട്ടിലേക്കു മാറിയ ജോജിയും കുടുംബവും ബന്ധുക്കൾ ഇടപെട്ടതിനെത്തുടർന്നു 2 വർഷം മുൻപാണ് വീട്ടിലേക്ക് തിരികെ താമസത്തിന് എത്തിയത്.

തീ പടരുന്നത് കണ്ട അയൽവാസികളാണ് ആംബുലൻസ് വിളിച്ച് പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ജൂബിലി മിഷനിലും പിന്നീട് എറണാകുളം മെഡിക്കൽ സെന്ററിലും പ്രവേശിപ്പിച്ചെങ്കിലും ജോജിയും തെൻഡുൽക്കറും അന്നു തന്നെ മരിച്ചു. വിഷം കഴിച്ച് അവശനിലയിൽ ജോൺസനെ വീടിന്റെ ടെറസിൽ കണ്ടെത്തുകയായിരുന്നു. ചികിത്സയിൽ ആയിരുന്ന ജോൺസൺ ഒരാഴ്ച കഴിഞ്ഞ് മരിച്ചു.

ചെന്നൈയില്‍ ഭിന്നശേഷിക്കാരായ 3 കുട്ടികൾക്ക് ട്രെയിന്‍ ഇടിച്ച് ദാരുണാന്ത്യം

0

ചെന്നൈ താംബരത്ത് ട്രെയിൻ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് വിദ്യാർഥികൾ മരിച്ചു . കർണാടക സ്വദേശികളായ സുരേഷ് (15), രവി(15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. ഇവർ ബധിരരും മൂകരുമായിരുന്നു.

ഉച്ചയോടുകൂടി താംബരത്ത് പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ചാണ് അപകടം. കര്‍ണാടകയില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ഊറപ്പാക്കത്തെ ബന്ധുവീട്ടില്‍ എത്തിയതാണ് കുട്ടികള്‍. മഞ്ജുനാഥും സുരേഷും സഹോദരങ്ങളാണ്. ഇരുവര്‍ക്കും ചെവി കേള്‍ക്കില്ല. ഇവരുടെ ബന്ധുവാണ് രവി. രവിക്ക് സംസാരശേഷിയില്ല.

‘ലിയോ’ പ്രമോഷനിടെ പാലക്കാട് സംവിധായകൻ ലോകേഷ് കനകരാജിന് പരുക്ക്

0

ലിയോ കേരളാ പ്രൊമോഷന്റെ ഭാഗമായി പാലക്കാട് അരോമ തിയേറ്ററില്‍ ഉണ്ടായ തിരക്കിനിടയില്‍ സംവിധായകന്‍ ലോകേഷ് കനകരാജിന് നിസ്സാര പരിക്ക്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ലോകേഷിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയൂം പ്രാഥമിക ചികിത്സ നേടിയ ശേഷം കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങി എന്നും ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു. പരിപാടിക്കിടയില്‍ കൃഷ്ണമൂര്‍ത്തിക്കും നിസ്സാര പരിക്ക് പറ്റിയിരുന്നു.

ലോകേഷ് കനകരാജിനെ കാണാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്. ലോകേഷിന്റെ കാലിനാണ് പരുക്കേറ്റത്. ഇതോടെ ഇന്നു നടക്കേണ്ടിയിരുന്ന മറ്റ് തിയറ്റർ വിസിറ്റും പ്രസ്മീറ്റും റദ്ദാക്കി. അതേസമയം പരുക്ക് നിസ്സാരമാണെന്നും എല്ലാവരെയും കാണാന്‍ താൻ വീണ്ടും കേരളത്തിൽ തിരികെയെത്തുെമെന്നും ലോകേഷ് എക്സിൽ കുറിച്ചു.

‘‘കേരളം, നിങ്ങളുടെ സ്നേഹത്തിന് നന്ദി. എല്ലാവരെയും പാലക്കാട് കണ്ടതിൽ അതിയായ സന്തോഷവും നന്ദിയും ഉണ്ട്. ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായ ഒരു ചെറിയ പരുക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എത്താൻ കഴിഞ്ഞില്ല. കേരളത്തിൽ നിങ്ങളെ കാണാൻ ഞാൻ തീർച്ചയായും മടങ്ങിവരും. അതുവരെ അതേ സ്നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരുക.’’ലോകേഷ് കനകാരാജ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

സംസ്ഥാനത്ത് വില്‍ക്കുന്നത് കാലാവധി കഴിഞ്ഞ ചാത്തന്‍ മരുന്നുകള്‍; ആരോഗ്യവകുപ്പിനെതിരെ പ്രതിപക്ഷനേതാവ്

0

ആരോഗ്യവകുപ്പിനെതിരെ ഗുരുതര വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഗുണനിലവാരമില്ലാത്ത ചാത്തന്‍ മരുന്നുകളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ വിതരണം ചെയ്തുവെന്ന സിഎജി റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. സിഎജി റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മെഡിക്കൽ സർവീസ് കോർപ്പറേഷനിലെ സിഎജി റിപ്പോര്‍ട്ട് പ്രകാരം, വിതരണം ചെയ്ത 1610 ബാച്ച് മരുന്നുകള്‍ കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി. 26 ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. വിതരണം മരവിപ്പിച്ച മരുന്നുകള്‍ 483 ആശുപത്രികള്‍ക്ക് നല്‍കി. രോഗികൾക്ക് ജീവഹാനി വരുത്തുന്ന രീതിയിൽ പണം തട്ടി. ഗുണനിലവാര പരിശോധനയിൽ ഗുരുതരമായ അലംഭാവമുണ്ടായി എന്നാണ് സിഎജി കണ്ടെത്തലിൽ നിന്നും വ്യക്തമാകുന്നതെന്നും സതീശന്‍ പറഞ്ഞു.

സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സപ്ലൈക്കോയില്‍ നിത്യോപയോഗ സാധനങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്. കെഎസ്ആര്‍ടിസിയെ പോലെ സപ്ലൈക്കോയും തകരുകയാണ്. ഖജനാവില്‍ പണമില്ലാത്തപ്പോഴാണ് സോഷ്യല്‍ മിഡിയ മാനേജ്‌മെന്റിന് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

തമിഴ്നാട്ടിൽ ബസും കാറും കൂട്ടിയിടിച്ച് 7 മരണം

0

തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ച് ഏഴു മരണം.14 പേർക്കു പരുക്കേറ്റു. മരിച്ചവരിൽ ആറു പേർ അസം സ്വദേശികളാണ്. ഒരാൾ തമിഴ്നാട്ടുകാരനും. പോണ്ടിച്ചേരിയിൽ നിന്ന് ഹൊസൂരിലേക്ക് പോവുകയായിരുന്ന കാറും എതിരെവന്ന തമിഴ്നാട് സർക്കാർ ബസുമാണ് കൂട്ടിയിടിച്ചത്. മരിച്ചവർ കാറിലുണ്ടായിരുന്ന യാത്രക്കാരാണ്.

പുതുച്ചേരിയിൽനിന്ന് ഹൊസൂരിലെ പശ ഫാക്ടറിയിലേക്കു പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഫാക്ടറിയിലെ തൊഴിലാളികളാണ് മരിച്ചത്. തിണ്ടിവനം – കൃഷ്ണഗിരി ദേശീയപാത 77ൽ തിരുവണ്ണാമലൈ ജില്ലയിലെ ചെങ്ങം ടൗണിന് സമീപം രാത്രി 9.20 ഓടെയായിരുന്നു അപകടം. കാറിനകത്ത് ഒൻപത് പേരുണ്ടായിരുന്നു. ഡ്രെെവറൊഴികെ മറ്റുള്ളവരെല്ലാം അസം സ്വദേശികളാണ്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.

മാത്യു കുഴല്‍നാടന്‍ ഈ എപ്പിസോഡ് അവസാനിപ്പിച്ച് പുതിയ കാര്യങ്ങളുമായി വരണം: കെ എന്‍ ബാലഗോപാൽ

0

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വീണ വിജയന്‍ നികുതി അടച്ചെന്ന വിഷയത്തില്‍ മാത്യു കുഴല്‍നാടന്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് മന്ത്രി ആരോപിച്ചു. നികുതി അടച്ചോ എന്ന് ചോദിച്ച് മാത്യു കുഴല്‍നാടന്‍ നല്‍കിയ കത്തിന് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. നികുതി അടയ്ക്കാത്ത ആളുകളുടെ വിവരങ്ങള്‍ പുറത്തുവിടാറില്ല. മറുപടി കിട്ടിയിട്ടും തെറ്റിദ്ധാരണ പരത്തുകയാണ്. മാത്യു കുഴല്‍നാടന്‍ ഈ എപ്പിസോഡ് അവസാനിപ്പിച്ച് പുതിയ കാര്യങ്ങളുമായി വരണമെന്നും ധനമന്ത്രി പറഞ്ഞു.

വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ ധനകാര്യ വകുപ്പ് ഇറക്കിയ കത്തിൽ തീയതി സംബന്ധിച്ച് അവ്യക്തത ഉണ്ടെന്നാണ് മാത്യു കുഴൽനാടൻ്റെ വിമർശനം. കത്ത് അല്ല ക്യാപ്‌സ്യൂള്‍ എന്നായിരുന്നു കുഴല്‍നാടൻ ആരോപിച്ചത്. 2017 മുതല്‍ വീണ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്തത് 2018ലാണ്. ഈ ആരോപണങ്ങൾക്ക് ആണ് ധനമന്ത്രിയുടെ മറുപടി.

നികുതിയടച്ച പണം മാസപ്പടിയാണെന്ന് തലയില്‍ വെളിച്ചമുള്ളവർ പറയില്ലെന്ന് എ.കെ ബാലൻ

0

മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. മുഖ്യമന്ത്രിയുടെ മകൾ വീണ നികുതിയടച്ചു എന്ന രേഖ പുറത്ത് വന്നതോടെ അത് മാസപ്പടി അല്ലെന്ന് തെളിഞ്ഞു. എന്നിട്ടും മാസപ്പടി എന്ന് പറയാൻ തലയിൽ വെളിച്ചമുള്ളവർക്ക് കഴിയില്ല. മാത്യു വീണിടം വിദ്യയാക്കുകയാണെന്നും എ കെ ബാലൻ പറഞ്ഞു.

ജി.എസ്.ടി. കൊടുത്തിട്ടില്ല, സർവീസ് കൊടുക്കാതെ മാസപ്പടി വാങ്ങുന്നു എന്നീ ആരോപണങ്ങളാണ് മാത്യു ഉന്നയിച്ചത്. ജിഎസ്ടി രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പണം കൊടുത്തുവെന്നത് അടിസ്ഥാനരഹിതമാണ്. ടാക്സ് കൊടുത്തുവെന്ന് ജിഎസ്ടി കമ്മിഷണർ ധനകാര്യ വകുപ്പിനെ അറിയിച്ചു. കത്തിൽ തെറ്റുണ്ടോ ശരിയുണ്ടോ എന്ന് പറയാൻ തനിക്ക് സാധിക്കില്ലെന്നും മാത്യു ഉന്നയിച്ച ഡേറ്റുകളിലെ വിവരങ്ങൾ ഐജിഎസ്ടിയോടാണ് ചോദിക്കേണ്ടതെന്നും എ കെ ബാലൻ പറഞ്ഞു. വേണമെങ്കിൽ അദ്ദേഹത്തിന് കോടതിയിൽ പോകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീണയുടെ കമ്പനിയായ എക്സാലോജിക്, കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്ന് വാങ്ങിയ പണത്തിന് ജി.എസ്.ടി. അടച്ചതായി ധനവകുപ്പ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാത്യു കുഴൽനാടനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം. രംഗത്തെത്തിയത്. മാത്യു മാപ്പ് പറയണമെന്നാണ് നേരത്തെ സിപിഐഎം പറഞ്ഞത്. എന്നാൽ ജിഎസ്ടി രജിസ്ട്രേഷൻ എടുക്കും മുൻപാണ് പണം വാങ്ങിയതെന്ന് ആണ് കുഴൽനാടൻ ഇന്ന് ആരോപിച്ചത്.

പറഞ്ഞത് വീണ ജി എസ് ടി രജിസ്ട്രേഷൻ എടുക്കും മുൻപ് വാങ്ങിയ മാസപ്പടിയെക്കുറിച്ച്; ധനവകുപ്പിൻ്റെ കത്ത് തള്ളി മാത്യു കുഴൽനാടൻ

0

മാസപ്പടി വിവാദത്തിൽ ധനവകുപ്പിന്റെ റിപ്പോർട്ട് തള്ളി മാത്യു കുഴൽനാടൻ. ധനവകുപ്പിൻ്റെ കത്ത് തനിക്ക് ലഭിച്ചില്ലെന്ന് പറഞ്ഞ മാത്യു മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കത്തിലെ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംസാരിച്ചത്. വീണ വിജയൻ ജിഎസ്ടി അടച്ചു എന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഏത് കാലയളവിൽ ആണ് ഇത് എന്ന് പറയുന്നില്ല. മാസപ്പടിയായി കിട്ടിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് ധനവകുപ്പിന്റെ റിപ്പോർട്ടിൽ എവിടെയും പരാമർശമില്ലെന്നും കുഴൽനാടൻ പറയുന്നു.

നികുതിയടച്ചോ എന്നതല്ല, മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതാണ് പ്രധാനം. സേവനം നൽകാതെ മാസപ്പടി വാങ്ങിയത് ഗുരുതര തെറ്റ്. വീണ 2017 മുതൽ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. 2018-ലാണ് വീണ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ളത്. പിന്നെ എങ്ങനെയാണ് അവർ ജിഎസ്ടി അടച്ചതെന്ന് വ്യക്തമാക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു. ധനവകുപ്പ് ഇപ്പോൾ ഇറക്കിയത് കത്തല്ല, കാപ്സ്യൂളാണെന്നും കുഴൽനാടൻ പറഞ്ഞു.

വീണയുടെ അക്കൗണ്ടില്‍ 60 ലക്ഷം രൂപ വന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അച്ഛന് പ്രത്യേക ആക്ഷന്‍ കാണിക്കാനുള്ള വൈഭവം ഉള്ളത് പോലെ വീണാ വിജയന് മാത്രമായി പ്രത്യേക രീതിയില്‍ ജിഎസ്ടി അടയ്ക്കാന്‍ കഴിയുമോ എന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. താന്‍ ആണോ തന്നെ സംശയത്തിന്‍റെ നിഴലിലാക്കുകയും വിഷയം വഴിതിരിച്ചുവിടുകയും ചെയ്യാന്‍ ശ്രമിച്ച ധനമന്ത്രിയാണോ മാപ്പ് പറയേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

ജിസിസി ഏകീകൃത വീസ അടുത്ത വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വന്നേക്കും

0

ഏകീകൃത ജിസിസി വീസ അടുത്ത വര്‍ഷം ആദ്യ എന്ന് യുഎഇ വാണിജ്യ മന്ത്രി അബ്ദുള്ള ബിന്‍ തൂഖ് അല്‍ മര്‍റി. ഏകീകൃത വീസ സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ അടുത്ത മാസം നടക്കുമെന്നും മന്ത്രി അറിയിച്ചു.

ആറ് ജിസിസി രാജ്യങ്ങളും ഒറ്റവീസയില്‍ സന്ദര്‍ശക്കുന്നതിനുള്ള സംവിധാനം ആണ് പ്രാബല്യത്തില്‍ വരാന്‍ ഒരുങ്ങുന്നത്. ഷെങ്കന്‍ മാതൃകയിലുള്ള ഏകീകൃത ജിസിസി വീസയ്ക്ക് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. അടുത്ത വര്‍ഷം ആദ്യം തന്നെ ഏകീകൃത ജിസിസി വീസ പ്രാബല്യത്തില്‍ വന്നേക്കും എന്നാണ് യുഎഇ വാണിജ്യമന്ത്രി അബ്ദുള്ള ബിന്‍ തൂഖ് അല്‍ മര്‍റി വ്യക്തമാക്കുന്നത്. ഏകീകൃത വീസ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ അടുത്ത മാസം ചര്‍ച്ചകള്‍ നടക്കുമെന്നും അബ്ദുള്ള ബിന്‍ തൂഖ് അല്‍ മര്‍റി പറഞ്ഞു.

അടുത്ത മാസം ചേരുന്ന ജിസിസി മന്ത്രിതല യോഗത്തില്‍ ആയിരിക്കും ഏകീകൃത വീസ സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകളും അന്തിമ തീരുമാനവും. ഈ മാസം ആദ്യം ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ ചേര്‍ന്ന ജിസിസി മന്ത്രിതല യോഗത്തില്‍ ആണ് ഏകീകൃത ജിസിസി വീസയ്ക്ക് അംഗീകാരം നല്‍കിയത്. മേഖലയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഏകീകൃത വീസ കൊണ്ടുവരുന്നത്. ജിസിസി രാജ്യങ്ങളിലെ താമസവീസക്കാരായ വിദേശികള്‍ക്കും ഏകീകൃത വീസയുടെ പ്രയോജനം ലഭിക്കും

കുവൈത്തില്‍ നിന്നും കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌

0

കുവൈത്ത്- കേരള സെക്ടറില്‍ കൂടുതല്‍ സര്‍വസുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്സ്. ഈ മാസം 30 മുതല്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് ആഴ്ചയില്‍ അധിക സര്‍വീസ് നടത്തും. അധിക ബാഗേജ് നിരക്കില്‍ നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്.

കുവൈത്ത്- കണ്ണൂര്‍ റൂട്ടില്‍ നിലവിലുള്ള സര്‍വീസിന് പുറമേയാണ് പുതിയ സര്‍വീസ്. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ ആരംഭിക്കുന്നത് കുവൈത്ത്- കണ്ണൂര്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും. തിങ്കളാഴ്ചകളില്‍ പുലര്‍ച്ചെ 4.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 7.40ന് എത്തിച്ചേരും. നവംബര്‍ മുതല്‍ കുവൈത്ത്- കരിപ്പൂര്‍ സര്‍വീസില്‍ മാറ്റം ഉണ്ടാകുമെും എയര്‍ലൈന്‍ അറിയിച്ചു.

ചൊവ്വ, വെള്ളി ദിവസങ്ങളില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ഉണ്ടായിരിക്കില്ലെന്നാണ് അറിയിപ്പ്. അതേസമയം ഓഫ് സീസണില്‍ അധിക ബാഗേജിന് നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. കുവൈത്തില്‍ നിന്ന് നാട്ടിലേയ്ക്കുള്ള 10 കിലോ അധിക ബാഗേജിന് ഒരു ദിനാറായിരിക്കും ഈടാക്കുക. 15 കിലോ അധിക ബാഗേജിന് പത്ത് ദിനാറാണ് ഈടാക്കുക. ഡിസംബര്‍ 11 വരെ യാത്ര ചെയ്യുന്നവര്‍ക്കും ടിക്കറ്റ് എടുക്കുന്നവര്‍ക്കും മാത്രമായിരിക്കും നിരക്കിളവ് ലഭിക്കുക. കഴിഞ്ഞ ജൂലൈയിലും ഇളവ് പ്രഖ്യാപിച്ചിരുന്നു