Sunday, April 12, 2026
Home Blog Page 101

ഇറാഖില്‍ നിന്നും ഇസ്രയേലില്‍ ആക്രമണം നടത്താന്‍ ഇറാന്റെ പദ്ധതി എന്ന് റിപ്പോര്‍ട്ട്‌

0

ഇറാഖില്‍ നിന്നും ഇസ്രയേലില്‍ ശക്തമായ ആക്രമണം നടത്താന്‍ ഇറാന്‍
ഒരുക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഇറാന്‍ അനുകൂല സായുധ സംഘങ്ങളെ ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനാണ് പദ്ധതി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ഇത് ഒഴിവാക്കുന്നതിന് ഇറാഖ് ഭരണകൂടം ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

ഇറാഖില്‍ ഇറാന്‍ ആയുധവും പണവും നല്‍കി പിന്തുണയ്ക്കുന്ന സായുധ സംഘടനകളെ ഉപയോഗിച്ച് ഇസ്രയേലില്‍ ആക്രമണം നടത്തുന്നതിന് ആണ് ഒരുക്കങ്ങള്‍ നടക്കുന്നത് എന്നാണ് റോയിട്ടേഴ്‌സ് അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ അഞ്ചിന് മുന്‍പ് ഇറാഖില്‍ നിന്നും ഇസ്രയേലിനെ ആക്രമിക്കുന്നതിന് ആണ് ഇറാന്റെ പദ്ധതി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയെ ഉദ്ധരിച്ചാണ് രാജ്യാന്തരമാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.


നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരിക്കും ആക്രമണം.നേരിട്ട് ആക്രമണം നടത്തിയാല്‍ ഇസ്രയേല്‍ ഇറാനിലെ തന്ത്രപ്രധാന മേഖലകളില്‍ പ്രത്യാക്രമണം നടത്തും എന്നതുകൊണ്ടാണ് ഇറാഖി സായുധ സംഘങ്ങളെ ഉപയോഗിക്കുന്നത്.എന്നാല്‍ ഇത്തരത്തില്‍ ഒരു ആക്രമണം ഇസ്രയേലിന് എതിരെ രാജ്യത്ത് നിന്നും ഉണ്ടാകുന്നത് തടയുന്നതിന് ഇറാഖി ഭരണകൂടം ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.സദ്ദാംഹുസൈന്റെ പതനത്തിനും അമേരിക്കന്‍ അധിനിവേശത്തിനുമെല്ലാം ശേഷം എണ്ണപ്പണം ഉപയോഗിച്ച് സ്ഥിരത കൈവരിച്ച് വരുന്ന ഇറാഖ് വീണ്ടും ഒരു സംഘര്‍ഷാവസ്ഥ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് രാജ്യത്ത് നിന്നുള്ള ആക്രമണം ഒഴിവാക്കുന്നതിന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുന്നത്.

ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ ഭരണാധികാരികള്‍

0

ദീപാവലി ആശംസകള്‍ നേര്‍ന്ന യുഎഇ ഭരണാധികാരികള്‍. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവരാണ് എക്‌സിലൂടെ ആശംസാ സന്ദേശം പങ്കുവെച്ചത്. യുഎഇയില്‍ വിവിധയിടങ്ങളിലാണ് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന ജനതയ്ക്ക് ആശംസകള്‍ അറിയിക്കുകയാണ് യുഎഇ ഭരണകര്‍ത്താക്കള്‍. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവരാണ് എക്‌സിലൂടെ ആശംസകള്‍ അറിയിച്ചത്. അറബിക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു ആശംസാ സന്ദേശം പങ്കുവെച്ചത്.

യുഎഇയിലും ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്ന പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ വരും വര്‍ഷങ്ങളും നിങ്ങള്‍ക്കും കുടുംബത്തിനും സാമാധാനവും സന്തോഷവും ഉണ്ടാകട്ടെയെന്നും എക്‌സില്‍ കുറിച്ചു. സന്തോഷവും സമാധാവും നിറഞ്ഞ ദിനങ്ങളാകട്ടെയെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു. ദുബൈയിലും മറ്റ് വിവിധ എമിറേറ്റുകളിലും വിപുലമായി ദീപാവലി ആഘോഷങ്ങളാണ് നടത്തുന്നത്. ദുബൈയില്‍ വിവിധ സ്ഥലങ്ങളില്‍ നവംബര്‍ ഏഴ് വരെ നീണ്ടു നല്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

വടക്കന്‍ ഗാസയില്‍ തീവ്രമായ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം

0

വടക്കന്‍ ഗാസയില്‍ തീവ്രമായ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം.
ബുധനാഴ്ച വടക്കന്‍ ഗാസയില്‍ മാത്രം മുപ്പത് പേര്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു.അതെസമയം ലബനനില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനായേക്കും എന്ന് പ്രധാനമന്ത്രി നജീബ് മിതാകി പറഞ്ഞു.

വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയയില്‍ തൊണ്ണൂറ്റിമൂന്ന് പേരുടെ ജീവനെടുത്ത ഇസ്രയേല്‍ ആക്രമണത്തിന് എതിരെ രാജ്യാന്തരതലത്തില്‍ വന്‍ പ്രതിഷേധം ആണ് ഉയരുന്നത്. ഇതിനിടയിലും വടക്കന്‍ ഗാസയില്‍ രൂക്ഷമായ ആക്രണമം തുടരുകയാണ് ഇസ്രയേല്‍.ബെയ്ത്ത് ലാഹിയയില്‍ എട്ട് പേര്‍ കൂടി ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.ബെയ്ത്ത് ലാഹിയ,ബെയ്ത്ത് ഹാനോന്‍,ജബലിയ എന്നിവിടങ്ങളിലാണ് ഇസ്രയേല്‍ ഇപ്പോള്‍ ആക്രമണങ്ങള്‍ നടത്തുന്നത്. ഇവിടെ ഹാമാസ് വീണ്ടും സംഘടിക്കുന്നുവെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ വീണ്ടും ആക്രമണം ആരംഭിച്ചിരിക്കുന്നത്.ബെയ്ത്ത് ലാഹിയയില്‍ അഞ്ചുനിലകെട്ടിടത്തില്‍ നടത്തിയ ആക്രമണത്തില്‍ ആണ് 93 പേര്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടതില്‍ ഇരുപത്തിമൂന്ന് പേര്‍ കുട്ടികളാണ്. ഈ കെട്ടിടത്തില്‍ താമസക്കാരുണ്ടെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ അവകാശവാദം.കെട്ടിടത്തിന് മുകളില്‍ ഇരുന്ന് ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് ആരെ ഇസ്രയേല്‍ സൈന്യത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.ഇതെ തുടര്‍ന്നാണ് ആക്രമണം നടത്തിയത് എന്നും ഇസ്രയേല്‍ പ്രതിരോധ സേന വിശദീകരിച്ചു.ഇതിനിടയില്‍ ലബനനില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ശ്രമങ്ങളില്‍ പുരോഗതിയുണ്ട്.

ഇസ്രയേലുമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വെടിനിര്‍ത്തലിന് ധാരണയായേക്കും എന്ന് ലബനന്‍ പ്രധാനമന്ത്രി നജീബ് മിതാകി പറഞ്ഞു. അമേരിക്കയുടെ നിര്‍ദ്ദേശപ്രകാരം ആണ് അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍.നിര്‍ദ്ദേശപ്രകാരം വെടിനിര്‍ത്തിലിന്റെ ആദ്യ ആഴ്ച്ച തന്നെ ഇസ്രയേല്‍ സൈന്യത്തെ ലബനനില്‍ നിന്നും പിന്‍വലിച്ചേക്കും

യുഎഇ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്‌

0

രണ്ട് മാസക്കാലം നീണ്ടുനിന്ന യുഎഇ പൊതുമാപ്പ് ഇന്ന് അവസാനിക്കും.വലിയ തിരക്കാണ് പൊതുമാപ്പ് കേന്ദ്രങ്ങളില്‍ അവസാന ദിവസവും അനുഭവപ്പെടുന്നത്. നാളെ മുതല്‍ രാജ്യത്ത് താമസനിയമലംഘകരെ പിടികൂടുന്നതിന് ശക്തമായ പരിശോധനയുണ്ടാകും എന്നാണ് മുന്നറിയിപ്പ്

രാജ്യത്തെമ്പാടുമുള്ള ഇമിഗ്രേഷന്‍ കേന്ദ്രങ്ങളുടെ സമീപത്ത് വലിയ ക്യൂവും കനത്ത ഗതാഗതക്കുരുക്കും ആണ് ഇന്ന് അനുഭവപ്പെടുന്നത്.ദുബൈ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിലും അമര്‍ സെന്ററുകളിലും നൂറുകണക്കിന് പേരാണ് അവസാനദിവസവും എത്തിക്കൊണ്ടിരിക്കുന്നത്.ഇന്ന് രാവിലെ ആറ് മുതല്‍ ഇമിഗ്രേഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പൊതുമാപ്പ് തേടിയെത്തുന്നവര്‍ ഉണ്ട്.ജോലി കണ്ടെത്തിയതിന് ശേഷം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് കാത്തിരുന്നവരാണ് അവസാനദിവസങ്ങളില്‍ ഇമിഗ്രേഷന്‍ സെന്ററുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇമിഗ്രേഷന്‍ കേന്ദ്രങ്ങളില്‍ കനത്ത തിരക്ക് അനുഭവപ്പെടുന്നുണ്ട്.

ഇമിഗ്രേഷന്‍ കേന്ദ്രങ്ങളിലേക്കുള്ള പബ്ലിക് ബസുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.തിരക്ക് കണക്കിലെടുത്ത് ദുബൈ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരേയും പൊലീസ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ്. എന്നാല്‍ പൊതുമാപ്പ് തേടിയെത്തുന്നവരുടെ തിരക്ക് മൂലം ഇന്നലെ രാത്രി ഒന്‍പതര അവിറിലെ പൊതുമാപ്പ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു.പതിനായിരക്കണക്കിന് താമസനിയമലംഘകര്‍ക്ക് അനുഗ്രഹമായ പൊതുമാപ്പാണ് ഇന്ന് യുഎഇയില്‍ സമാപിക്കുന്നത്.

ഷാര്‍ജ പുസ്തമേള:മലയാളത്തില്‍ നിന്നും ഇത്തവണയും എഴുത്തുകാരുടെ നീണ്ട നിര

0

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഇത്തവണയും മലയാളത്തില്‍ നിന്നുള്ള
എഴുത്തുകാരുടെ നീണ്ട നിര. റഫീഖ് അഹമ്മദും വിനോയ് തോമസും അടക്കമുള്ള
എഴുത്തുകാരാണ് ഇത്തവണ എത്തുന്നത്.നംവബര്‍ ആറിന് ആണ് പുസ്തകോത്സവത്തിന്റെ
പുതിയ പതിപ്പിന് തുടക്കമാവുക.

കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്,കവി പിപി രാമചന്ദ്രന്‍,വിനോയ് തോമസ്,
അഖില്‍ പി ധര്‍മ്മജന്‍,അശ്വതി ശ്രീകാന്ത് തുടങ്ങിയവര്‍ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ
നാല്‍പ്പത്തിമൂന്നാം പതിപ്പില്‍ വായനാക്കാരുമായി സംവദിക്കും.നവംബര്‍ പതിനാറ് ശനിയാഴ്ച
വൈകിട്ട് ആറര മുതല്‍ എട്ട് മണിവരെ കോണ്‍ഫ്രറന്‍സ് ഹാളിലാണ് റഫീഖ് അഹമ്മദും
പിപി രാമചന്ദ്രനും പങ്കെടുക്കുന്ന കാവ്യസന്ധ്യ.നവംബര്‍ പതിനഞ്ചിന് രാത്രി എട്ട് മുതല്‍ ഒന്‍പതര വരെയാണ് പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍ അഖില്‍ പി ധര്‍മ്മജന്‍
പങ്കെടുക്കുന്ന പരിപാടി.

നവംബര്‍ 10 ഞായറാഴ്ച വൈകിട്ട് ആറ് മുതല്‍ ഏഴ് വരെ അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് വായനക്കാരുമായി സംവദിക്കും.നവംബര്‍ 16 ന് മലയാളത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ്
പങ്കെടുക്കുന്ന പരിപാടിയും നടക്കും.രാത്രി 8.30 മുതല്‍ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി.നവംബര്‍ ആറ് മുതല്‍ പതിനേഴ് വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് പുസ്തകമേള.രണ്ടായിരത്തഞ്ചൂറിലധികം പ്രസാധകരാണ് ഇത്തവണ ളേയ്ക്ക് എത്തുന്നത്.

പുതിയ റെക്കോര്‍ഡ് കുറിച്ച് യുഎഇയില്‍ സ്വര്‍ണ്ണവില

0

യുഎഇയില്‍ സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധന.ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഗ്രാമിന് 310 കടന്നു.ആഗോളതലത്തില്‍ വന്‍ തോതില്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതാണ് വില വര്‍ദ്ധനയ്ക്ക് കാരണം.

311 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സായിട്ടാണ് ഇരുപത്തിരണ്ട് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില ഇന്ന് വര്‍ദ്ധിച്ചത്.ഇരുപത്തിനാല് ക്യാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 336 ദിര്‍ഹം അന്‍പത് ഫില്‍സായും വര്‍ദ്ധിച്ചു.301 ദിര്‍ഹം എഴുപത്തിയഞ്ച് ഫില്‍സ് ആണ് ഇരുപത്തിയൊന്ന് ക്യാരറ്റിന്റെ വില.അമേരിക്കന്‍ പ്രസിഡന്റും തെരഞ്ഞെടുപ്പും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ ഇനിയും കുറയ്ക്കും എന്ന സൂചനകളും ആണ് സ്വര്‍ണ്ണവിലയെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ ഔണ്‍സ് വില 2782 ഡോളര്‍ വരെ ഇന്ന് വര്‍ദ്ധിച്ചിരുന്നു.ഒരാഴ്ച്ചക്കുള്ളില്‍ രാജ്യാന്തര വിപിണിയില്‍ സ്വര്‍ണ്ണവില 2800 ഡോളറിന് മുകളിലേക്ക് കുതിക്കും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇറാന്‍ ഇനി ആക്രമിച്ചാല്‍ പ്രത്യാക്രമണം മാരകമായിരിക്കുമെന്ന് ഇസ്രയേല്‍

0

ഇറാന്‍ ഇനി ഇസ്രയേലില്‍ ആക്രമണം നടത്തിയാല്‍ പ്രത്യാക്രമണം അതിരൂക്ഷമായിരിക്കും എന്ന് ഇസ്രയേല്‍ സൈനിക മേധാവി ഹെര്‍സി ഹലേവി.കഴിഞ്ഞ തവണത്തേത് പോലെ ആയിരിക്കില്ല ആക്രമണം എന്നും ഇസ്രയേല്‍ സൈനിക മേധാവി ഇറാന് മുന്നറിയിപ്പ് നല്‍കി. അതെസമയം ഗാസയിലും ലബനനിലും അതിരൂക്ഷമായ ആക്രമണം തുടരുകയാണ് ഇസ്രയേല്‍ സൈന്യം.

ഇസ്രയേലിലേക്ക് മിസൈലുകള്‍ അയച്ച തെറ്റ് ഇനിയും ഇറാന്‍ ആവര്‍ത്തിച്ചാല്‍ ഒരിക്കല്‍ കൂടി തങ്ങള്‍ക്ക് അതിര്‍ത്തി കടക്കേണ്ടിവരും എന്നാണ് സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ തവണ ആക്രമിക്കാതെ വിട്ട സൈനിക കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കും എന്നും ഇസ്രയേല്‍ സൈനിക മേധാവി പറഞ്ഞു. ഇറാനില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ പങ്കെടുത്ത സൈനികരോടാണ് ഹെര്‍സി ഹലേവിയുടെ പ്രസ്താവന.ഒക്ടോബര്‍ ഇരുപത്തിയാറിന് ആണ് ഇറാനില്‍ ഇസ്രയേല്‍ സൈന്യം പ്രത്യാക്രമണം നടത്തിയത്. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രയേലിന് എതിരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായിട്ടായിരുന്നു ആക്രമണം.ഇതിനിടെ ഗാസയില്‍ അതിതീവ്രമായ ആക്രമണം ആണ് ഇസ്രയേല്‍ നടത്തുന്നത്.

വടക്കന്‍ ഗാസയില്‍ ഒരു നാലുനില കെട്ടത്തില്‍ ഇസ്രയേല്‍ നടത്തിയ മിസൈലാക്രമണത്തില്‍ തൊണ്ണൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ആഗോളശ്രദ്ധ ലബനന്‍ യുദ്ധത്തിലേക്ക് തിരിച്ചഞ്ഞതോടെ വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ അതിരൂക്ഷമായ ആക്രമണം ആണ് കഴിഞ്ഞ മുന്ന് ആഴ്ച്ചകളായി നടത്തിവരുന്നത്.ബെയ്ത്ത് ലെഹിയയില്‍ ആണ് തീവ്രമായ ആക്രമണം നടക്കുന്നത്. ഇവിടെ ആകെ 120 പേരാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

കുവൈത്തില്‍ പ്രവാസികളുടെ എണ്ണത്തില്‍ മുന്നില്‍ ഇന്ത്യക്കാര്‍

0

കുവൈത്തിലെ തൊഴില്‍ മേഖലയില്‍ പ്രവാസികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ വീണ്ടും ഒന്നാമത്. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത്. ഈജിപ്ഷ്യന്‍ പൗരന്മാരാണ് രണ്ടാം സ്ഥാനത്ത്.

സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട സ്ഥിതിവിവര കണക്കുകളിലാണ് കുവൈത്തിലെ പ്രവാസികളുടെ കണക്കുകള്‍ പുറത്തുവിട്ടത്. ഈ വര്‍ഷം ജൂണ്‍ വരെ 5,37,430 ഇന്ത്യക്കാരാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുറമേയുള്ള കണക്കുകളാണിത്. ഈജിപ്ഷ്യന്‍ പൗരന്മാരാണ് രണ്ടാം സ്ഥാനത്ത്. 4,47,000 പേരാണ് രാജ്യത്ത് തൊഴില്‍ മേഖലയിലുള്ളത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി ആകെ 16,89,000 പ്രവാസികളാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്.

സര്‍ക്കാര്‍ മേഖലയില്‍ 20.4 ശതമാനം പ്രവാസികളാണുള്ളത്. അതേസമയം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 4.4 ശതമാനം മാത്രമാണമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ തൊഴില്‍ വിപണയില്‍ വര്‍ദ്ധിച്ചു വരുന്ന ലഭ്യത കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയില്‍ അനധികൃത താമസക്കാര്‍ക്ക് തൊഴില്‍ നല്‍കിയാല്‍ 10 ലക്ഷം പിഴ

0

അനധികൃത താമസക്കാര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ ഒരു ദശലക്ഷം ദിര്‍ഹം പിഴയെന്ന് യുഎഇ ഐ.സി.പി.നവംബര്‍ ഒന്ന് മുതല്‍ രാജ്യവ്യാപക പരിശോധനയുണ്ടാകും.രണ്ട് മാസം നീണ്ടുനിന്ന യുഎഇ പൊതുമാപ്പ് നാളെ അവസാനിക്കും.

നവംബര്‍ ഒന്ന് മുതല്‍ കമ്പനികളില്‍ പരിശോധന പുനരാരംഭിക്കും എന്നാണ് യുഎഇ ഐസിപി മുന്നറിയിപ്പ് നല്‍കുന്നത്.താമസനിയമലംഘകരെ പിടികൂടുന്നതിനായി രാജ്യവ്യാപക പരിശോധനയുണ്ടാകും.അനധികൃത താമസക്കാരെ തൊഴിലെടുപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെയാണ് പിഴശിക്ഷയെന്നും ഐസിപി അറിയിച്ചു.താമസനിയമലംഘകരെ പിടികൂടി പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തും.രാജ്യത്ത് ഇനിയും താമസനിയമലംഘകരായി കഴിയുന്നവര്‍ പൊതുമാപ്പ് അവസാനിക്കും മുന്‍പ് രേഖകള്‍ നിയമപരമാക്കുകയോ രാജ്യത്ത് നിന്നും പുറത്ത് കടക്കുകയോ വേണം എന്ന് ദുബൈ ജിഡിആര്‍എഫ്എ ആവശ്യപ്പെട്ടു.

ജോലി ലഭിക്കാത്തതിന്റെ പേരില്‍ രേഖകള്‍ നിയമപരമാക്കാത്തവര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്ത് നിന്നും പുറത്ത് പോകണം എന്ന് ജിഡിആര്‍എഫ്എ കസ്റ്റമര്‍ ഹാപ്പിനെസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ സലേം എം ബിന്‍ അലി പറഞ്ഞു.ഇത്തരക്കാര്‍ക്ക് വീണ്ടും യുഎഇയിലേക്ക് തിരികെ എത്തുന്നതിന് തടസ്സങ്ങള്‍ ഇല്ല

ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ വീണ്ടും ഹൂത്തി ആക്രമണം

0

ചെങ്കടലില്‍ വീണ്ടും ചരക്ക് കപ്പലുകള്‍ക്ക് നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണം. മൂന്ന് കപ്പലുകള്‍ ആണ് ആക്രമിക്കപ്പെട്ടത്. ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ ആണ് ആക്രമിച്ചത് എന്നാണ് ഹുത്തികളുടെ അവകാശവാദം.ലൈബിരിയയില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കപ്പലുകള്‍ ആക്രമിച്ചുവെന്നാണ് ഹുത്തികളുടെ പ്രസ്താവന.ഒമാനിലെ സലാലയില്‍ നിന്നും ഇന്ത്യന്‍ തീരത്തേക്ക് സഞ്ചരിച്ചിരുന്ന മേസ്‌ക്കിന്റെ കപ്പല്‍ ആണ് ആക്രമിക്കപ്പെട്ടതില്‍ ഒന്ന്.

സീഷെല്‍സില്‍ നിന്നും സലാലയിലേക്ക് സഞ്ചരിച്ച എസ്.സി മൊണ്ടേരിയല്‍ എന്ന കപ്പലും സൂയസ് കനാലില്‍ നിന്നും ഷാങ്ഹായിലേക്ക് സഞ്ചരിച്ച മറ്റൊരു കപ്പലും ആക്രമിക്കപ്പെട്ടു.ആക്രമണത്തില്‍ കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. യെമന്റെ തെക്കന്‍പടിഞ്ഞാറന്‍ തീരത്തുകൂടി സഞ്ചരിച്ച ഒരു ചരക്ക് കപ്പലിന് സമീപത്ത് രണ്ട് സ്‌ഫോടനങ്ങള്‍ നടന്നുവെന്ന് ബ്രിട്ടിഷ് സമൂദ്രസുരക്ഷ ഏജന്‍സി പറയുന്നുണ്ട്.ഹമാസിന് പിന്തുണ പ്രഖ്യാപിച്ചാണ് ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കുന്നതെന്നും ഗാസ ലബനന്‍ യുദ്ധങ്ങള്‍ അവസാനിക്കും വരെ ഇത് തുടരുമെന്നും ഹൂത്തികള്‍ അറിയിച്ചു.

ഇസ്രയേല്‍ തുറമുഖങ്ങളിലേക്ക് സഞ്ചരിക്കുന്ന കപ്പലുകളോ ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെ ആണ് ആക്രമിക്കുന്നതെന്നും ഹൂത്തികള്‍ അവകാശപ്പെടുന്നുണ്ട്. ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നത് ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ചരക്ക് നീക്കത്തെ ബാധിച്ചിട്ടുണ്ട്. ചെങ്കടലും സൂയസ് കനാലും ഒഴിവാക്കിയാണ് പല ചരക്ക് കപ്പലുകളും സഞ്ചരിക്കുന്നത്.