Sunday, April 12, 2026
Home Blog Page 100

വാഹനത്തിന് വൃത്തിയില്ലെങ്കില്‍ മൂവായിരം ദിര്‍ഹം പിഴയെന്ന് അബുദബി

0

അബുദബി നഗരത്തില്‍ വാഹനം ഉപേക്ഷിക്കുകയും വൃത്തിഹീനമായും കണ്ടെത്തിയാല്‍ മൂവായിരം ദിര്‍ഹം പിഴയും വാഹനം കണ്ടുകെട്ടുകയും ചെയ്യും. അബുദബി മുനിസിപ്പാലിറ്റി ആരംഭിച്ച മൈ ക്ലീന്‍ വെഹിക്കിള്‍ ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. എമിറേറ്റിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിനാണ് ക്യാമ്പയിന്‍.അബുദബി സിറ്റി മുനിസിപ്പാലിറ്റിയാണ് അഞ്ച് ദിവസത്തെ ക്യാമ്പയിന്‍ ആരംഭിച്ചത്. നഗരത്തില്‍ പാര്‍ക്കിംഗ് മേഖലകളിലും മറ്റ് സ്ഥലങ്ങളിലുമായി വാഹനം ഉപേക്ഷിച്ചതായി കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. മൂവായിരം ദിര്‍ഹം പിഴയും വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ. വാഹനത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ് വൃത്തിഹീനമായി കണ്ടെത്തിയാലും സമാനമായ നടപടി സ്വീകരിക്കും.

യുഎഇ നിയമപ്രകാരം കണ്ടുകെട്ടിയ വാഹനങ്ങള്‍ തിരികെ ലഭിക്കുന്നതിന് അമ്പതിനായിരം ദിര്‍ഹം നല്‍കണം. എമിറേറ്റിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.


യുഎഇ സ്വദേശികള്‍ക്കുള്ള ഭവന പദ്ധതിയില്‍ പുരോഗതി

0

സ്വദേശികള്‍ക്കുള്ള ഭവന പദ്ധതിയില്‍ വന്‍ പുരോഗതിയെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും.ഭവന ഉടമസ്ഥാവകാശ നിരക്ക് തൊണ്ണൂറ്റിയൊന്ന് ശതമാനമായി ഉയര്‍ന്നു.ദേശീയ ലഹരിവിരുദ്ധ നയത്തിനും യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി.

അബുദബിയില്‍ ചേര്‍ന്ന യുഎഇ മന്ത്രിസഭയാണ് സ്വദേശികള്‍ക്കുള്ള ഭവന പദ്ധതിയുടെ പുരോഗതി വിലയിരുത്തിയത്. സ്വന്തമായി വീടുള്ള സ്വദേശികള്‍ എഴുപത്തിയാറ് ശതമാനത്തില്‍ നിന്നും തൊണ്ണൂറ്റിയൊന്ന് ശതമാനമായി ഉയര്‍ന്നു.
വീടിനായുള്ള ശേഷിക്കുന്ന അപേക്ഷകള്‍ പതിമൂവായിരത്തില്‍ നിന്നും 650-ആയി കുറഞ്ഞു. വീട് അനുവദിക്കുന്നതിനുള്ള കാലതാമസം നാല് വര്‍ഷത്തില്‍ നിന്നും ഒരു വര്‍ഷമായി കുറച്ചതായും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു. ഷെയ്ഖ് സായിദ് ഭവന പദ്ദതി തൊണ്ണൂറായിരം പൗരന്‍മാര്‍ക്കായി ഇതുവരെ അറുപത് ദശലക്ഷം ദിര്‍ഹത്തിന്റെ ധനസഹായം ആണ് നല്‍കിയത്. ദേശീയ ലഹരിവിരുദ്ധനയത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു.

ദേശീയ അന്തര്‍ദേശിയ തലങ്ങളില്‍ മയക്കുമരുന്ന് കടത്തുകാരേയും വ്യാപാരികളേയും തടയുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തും. ലഹരിമരുന്ന് ഉപയോഗത്തിന് എതിരെ എല്ലാ സാമൂഹിക വിഭാഗങ്ങളിലും പൊതു അവബോധം വര്‍ദ്ധിപ്പിക്കും.രാജ്യത്ത് കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങളും ആരംഭിക്കും.വാണിജ്യ-വ്യാപാര മേഖലയില്‍ അടക്കമുള്ള ഇരുപത്തിരണ്ട് രാജ്യാന്തര കരാറുകള്‍ക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്‌

0

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. ഇഞ്ചോടിഞ്ച്
പോരാട്ടം ആണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസും തമ്മില്‍.എന്നാല്‍ അവസാനഘട്ട സര്‍വേയിലും കമല ഹാരിസിനാണ് നേരിയ മുന്‍തൂക്കം.യുഎഇ സമയം വൈകിട്ട് നാല് മണിയോട് കൂടി വോട്ടെടുപ്പ് ആരംഭിക്കും.

ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ആണ് ഇത്തവണ അമേരിക്ക സാക്ഷിയായത്.സ്വിംഗ് സ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു അവസാന മണിക്കൂറുകളില്‍ ട്രംപിന്റെയും കമലയുടെയും പ്രചാരണം.24 കോടി പേര്‍ക്കാണ് ഇക്കുറി തെരഞ്ഞെടുപ്പില്‍ വോട്ടവകാശം.ഏഴ് കോടിയിലധികം പേര്‍ ഏര്‍ളി വോട്ടിംഗ് പോസ്റ്റ് വോട്ടിംഗ് എന്നിവയിലൂടെ സമ്മതിദാനഅവകാശം വിനിയോഗിച്ചുകഴിഞ്ഞു.പേപ്പര്‍ ബാലറ്റിലൂടെയണ് വോട്ടെടുപ്പ്.നാളെ പുലര്‍ച്ചെ യുഎഇ സമയം നാല് വരെയാണ് വോട്ടെടുപ്പ്. തൊട്ടുപിന്നാലെ വോട്ടെണ്ണലും ആരംഭിക്കും.എട്ട് മണിയോട് കൂടി ഫലസൂചനകള്‍ ലഭിച്ച് തുടങ്ങുമെങ്കിലും അന്തിമഫലം വൈകാനാണ് സാധ്യത.വോട്ടെര്‍മാര്‍ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയില്ല അമേരിക്കയില്‍.

അന്‍പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 538 അംഗ ഇലക്ടറല്‍ കോളേജാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്.ഇലക്ടറല്‍ കോളേജില്‍ 270 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് പ്രസിഡന്റാകുന്നത്.സാമ്പത്തികനയം,കുടിയേറ്റപ്രശ്‌നങ്ങള്‍,ഗര്‍ഭഛിദ്രം,വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ ആണ് ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. അവസാനം പുറത്ത് വന്ന സര്‍വ്വേകളില്‍ കമല ഹാരിസിന് 48.5 ശതമാനം ആണ് വിജയസാധ്യതപ്രവചിക്കുന്നത്.ഡൊണള്‍ഡ് ട്രംപിന് 47.6 ശതമാനവും

യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്:2023 മുതല്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 8.4 ദശലക്ഷം പേര്‍

0

യുഎഇ നടപ്പാലാക്കിയ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതുവരെ 8.4 ദശലക്ഷം ആളുകള്‍ രജിസ്റ്റര്‍ ചെയ്തതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. 2023 ജനുവരിയിലാണ് യുഎഇ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചത്. ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് നാനൂറ് ദിര്‍ഹമാണ് പിഴ ഈടാക്കുക.

രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കായാണ് തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയത്. 2023 ജനുവരിയില്‍ ആരംഭിച്ചതു മുതല്‍ ഇതുവരെ 8.4 ദശലക്ഷം ആളുകള്‍ രജിസ്റ്റര്‍ ചെയ്തതായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് നാല് മാസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതിന് സമയം അനുവദിച്ചിട്ടുണ്ട്. സമയപരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് നാനൂറ് ദിര്‍ഹമാണ് പിഴ ഈടാക്കുക. ലഭിച്ച പിഴകള്‍ ഒഴിവാക്കുന്നതിനും മന്ത്രാലയത്തില്‍ അപേക്ഷ നല്‍കാം. ഇതിനായി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ.

അപേക്ഷ ലഭിച്ച തിയതി മുതല്‍ 15 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷകനെ വിവരം അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമകള്‍, സംരംഭകര്‍, വീട്ടുജോലിക്കാര്‍, താല്ഡകാലിക തൊഴില്‍ കരാറില്‍ ജോലി ചെയ്യുന്നവര്‍, 18 വയസ് തികയാത്ത ജോലിക്കാര്‍, വിരമിച്ച ശേഷം ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല.


മഴക്കാല വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ബൃഹദ് പദ്ധതിയുമായി ദുബൈ

0

ദുബൈ മഴയക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വന്‍ പദ്ധതി നടപ്പാക്കുന്നു.വെള്ളപ്പൊക്ക ഭീഷണി പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. 2033-ഓട് കൂടിയായിരിക്കും ഡ്രേയ്‌നേജ് വികസന പദ്ധതി പൂര്‍ത്തിയാവുക.കഴിഞ്ഞ ഏപ്രിലില്‍ അനുഭപ്പെട്ട അസാധാരണ മഴയെ തുടര്‍ന്ന് ദുബൈയില്‍ പലയിടത്തും ദിവസങ്ങളോളം വെള്ളക്കെട്ട് തുടര്‍ന്നിരുന്നു.ഏപ്രില്‍ പതിനാറിന് ഒരു ദിവസം മാത്രം ഒരു വര്‍ഷം ലഭിക്കുന്ന മഴയാണ് ദുബൈയില്‍ പെയ്തത്.ഇതിന് പിന്നാലെയാണ് എമിറേറ്റിലെ ഡ്രേയ്‌നേജ് സംവിധാനം വിപുലപ്പെടുത്തുന്നതിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും നിര്‍ദ്ദേശം നല്‍കിയത്.

തസ്‌റീഫ് എന്ന പേരില്‍ 3000 കോടി ദിര്‍ഹം ചിലവില്‍ ആണ് എമിറേറ്റില്‍ മഴവെള്ളം കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നത്.ഡ്രെയ്‌നേജ് ശൃംഖലയുടെ ശേഷി 700 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കഴിഞ്ഞ ജൂണില്‍ ആണ് തുടക്കമായത്.ദുബൈ മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ആണ് ഡ്രെയ്‌നേജ് പദ്ധതിയുടെ വിപുലീകരണം നടപ്പാക്കുന്നത്.എമിറേറ്റിന്റെ എല്ലാം മേഖലകളിലും മഴവെള്ളം ഒഴിക്കിവിടുന്നതിനുള്ള സംവിധാനം നിര്‍മ്മിക്കും.മധ്യപൂര്‍വ്വദേശത്തെ തന്നെ ഏറ്റവും വലിയ ഡ്രേയ്‌നേജ് പദ്ധതിയാണ് ദുബൈ നടപ്പാക്കുന്നത്.പ്രതിദിനം 20 ദശലക്ഷം ക്യൂബിക് മീറ്റര്‍ ജലം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷിയിലേക്ക് ദുബൈയുടെ ഡ്രേയ്‌നേജ് ശൃംഖലയെ ഉയര്‍ത്തുകയാണ് ലക്ഷ്യം.

ഘട്ടംഘട്ടമായി നടപ്പാക്കുന്ന പദ്ധതി 2033-ല്‍ പൂര്‍ത്തിയാകും.കാലാവസ്ഥാ മാറ്റം നിമിത്തം രാജ്യത്ത് അനുഭവപ്പെടുന്ന മഴയുടെ തോതില്‍ വന്‍തോതില്‍ വര്‍ദ്ധന വന്ന പശ്ചാത്തലത്തില്‍ ആണ് പദ്ധതി.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതിയില്‍ മാറ്റം

0

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതിയില്‍ മാറ്റം . ഈ മാസം 13ന് നടക്കാനിരുന്ന വോട്ടെടുപ്പ് 20ലേക്ക് മാറ്റി. കല്‍പാത്തി രഥോല്‍സവം നടക്കുന്നതിനാലാണ് പാലക്കാട്ടെ വോട്ടെടുപ്പ് നീട്ടിയത്. 13 ാംതിയതി എന്നുള്ളത് മാറ്റണമെന്ന് നേരത്തെ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് വോട്ടെടുപ്പ് തീയതി മാറ്റിയതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി.

യുഎന്‍ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി നിരോധനം നടപ്പാക്കി ഇസ്രയേല്‍

0

ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് ഇസ്രയേല്‍.ഇക്കാര്യം ഔദ്യോഗികമായി ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയം ഐക്യരാഷ്ട്രസഭയെ അറിയിച്ചു.യുഎന്‍ ഏജന്‍സിയുമായുണ്ടായിരുന്ന സഹകരണ കരാറും ഇസ്രയേല്‍ റദ്ദാക്കി.

യുഎന്‍ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് നിരോധം ഏര്‍പ്പെടുത്തിക്കൊണ്ട് ഇസ്രയേല്‍ പാര്‍ലമെന്റ് കഴിഞ്ഞ ആഴ്ച്ച ബില്‍ പാസാക്കിയിരുന്നു.ഇപ്പോള്‍ നിരോധന നടപടിക്രമങ്ങളിലേക്കും കടന്നിരുക്കുകയാണ് നെതന്യാഹു ഭരണകൂടം.
1967-ല്‍ പ്രാബല്യത്തില്‍ വന്ന സഹകരണകരാര്‍ ആണ് ഇസ്രയേല്‍ റദ്ദാക്കിയത്.
ഇസ്രയേലിലും ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലും പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ യുഎന്‍ ഏജസിയുമായി സഹകരിക്കുന്നതിനും നിരോധനം ഉണ്ട്.

ഇസ്രയേലിന്റെ നടപടി ഗാസയിലെ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിന് തടസ്സമാകും എന്നാണ് സന്നദ്ധപ്രവര്‍ത്തകരുടെ ആശങ്ക.നിരോധനം പിന്‍വലിക്കണം എന്ന് അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടുവെങ്കിലും നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുകയാണ് ഇസ്രയേല്‍.ഹമാസുമായുള്ള ബന്ധം ആരോപിച്ചാണ് യുഎന്‍ ഏജന്‍സിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഹമാസിന്റെ പ്രവര്‍ത്തകര്‍ അഭയാര്‍ത്ഥി ഏജന്‍സിയില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഇക്കാര്യം ഐക്യരാഷ്ട്രസഭയെ അറിയിച്ചിട്ടുണ്ടെന്നും ഇസ്രയേലിന്റെ യു.എന്‍ അംബാസഡര്‍ ഡന്നി ഡാനോന്‍ പറഞ്ഞു.

അജ്മാനില്‍ ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ്

0

അജ്മാനില്‍ ഗതാഗതനിയമലംഘന പിഴകള്‍ക്ക് അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു.നവംബര്‍ നാല് മുതല്‍ ആണ് അന്‍പത് ശതമാനം ഇളവില്‍ പിഴ അടയ്ക്കുന്നതിന് അവസരം.

അജ്മാന്‍ എക്‌സിലൂടെയാണ് എമിറേറ്റില്‍ രേഖപ്പെടുത്തപ്പെട്ട ഗതാഗതപ്പിഴകള്‍ക്ക് അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചത്.നവംബര്‍ നാല് തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ പതിനഞ്ച് വരെയാണ് പകുതി പണം അടയ്ച്ച് പിഴ തീര്‍പ്പാക്കാന്‍ സാധിക്കുക. ഒക്ടോബര്‍ മുപ്പത്തിയൊന്ന് വരെ രേഖപ്പെടുത്തപ്പെട്ട ഗതാഗതനിയമലംഘന പിഴകള്‍ക്കാണ് അന്‍പത് ശതമാനം ഇളവ് ലഭിക്കുക.

അജ്മാനില്‍ രേഖപ്പെടുത്തപ്പെട്ട എല്ലാത്തരം ഗതാഗതനിയമലംഘന പിഴകള്‍ക്കും ഇളവ് ലഭിക്കും എന്ന് പൊലീസ് അറിയിച്ചു.എന്നാല്‍ ഗുരുതരഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ക്ക് ഇളവ് ലഭിക്കില്ല.ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴശിക്ഷ ലഭിച്ചിട്ടള്ളവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണം എന്ന് അജ്മാന്‍ പൊലീസ് ആവശ്യപ്പെട്ടു.

ദുബൈയില്‍ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

0

ദുബൈയില്‍ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 ന് പ്രവര്‍ത്തിച്ചു തുടങ്ങും. നഗരത്തിലെ ഗതാഗത സമയത്തില്‍ പതിനാറ് ശതമാനം വരെ കുറവ് രേഖപ്പെടുത്തുമെന്ന് സാലിക് കമ്പനി അറിയിച്ചു. ദുബൈയിലെ സാലിക് ഗേറ്റുകളുടെ എണ്ണം ഇതോടെ പത്തായി ഉയരും.

അല്‍ഖൈല്‍ റോഡിലെ ബിസിനസ് ബേ ക്രോസിംഗ്, ഷെയ്ഖ് സായിദ് റോഡില്‍ നിന്നും അല്‍ മൈദാന്‍ സ്ട്രീറ്റിനും ഉമ്മുല്‍ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള അല്‍ സഫ സൗത്തിലുമാണ് പുതിയ ടോള്‍ ഗേറ്റുകള്‍ സ്ഥാപിച്ചത്. നവംബര്‍ 24 ഞായറാഴ്ച പുതിയ ടോള്‍ ഗേറ്റുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് സാലിക് കമ്പനി അറിയിച്ചു. ഷാര്‍ജ, അല്‍നാഹ്ദ, ഖ്വിസൈസ് എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ ഉപയോഗിക്കുന്ന ഏറ്റവും തിരക്കേറിയ പാതയാണ് അല്‍ഖൈല്‍ റോഡ്. ഇവിടെ ഗതാഗത്തില്‍ 16 ശതമാനം വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. അല്‍മൈദാന്‍ സ്ട്രീറ്റ്, ഫിനാന്‍ഷ്യല്‍ സെന്റര്‍, അല്‍ അസയേല്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ 15 ശതമാനം വരെയും ഗതാഗതത്തില്‍ കുറവ് പ്രതീക്ഷിക്കുന്നുണ്ട്.

പുതിയ ഗേറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നഗര ഗതാഗത സമയത്തില്‍ പതിനാറ് ശതമാനം വരെ കുറവ് രേഖപ്പെടുത്തുമെന്ന് സാലിക് സിഇഒ ഇബ്രാഹിം അല്‍ ഹദ്ദാദ് അറിയിച്ചു. പൂര്‍ണമായും സൗരോര്‍ജത്തിലായിരിക്കും രണ്ട് ഗേറ്റുകളും പ്രവര്‍ത്തിക്കുക. അല്‍ സഫ സൗത്ത് ഗേറ്റ് അല്‍ സഫ നേര്‍ത്ത് ഗേറ്റുമായി ബന്ധിപ്പിച്ചാണ് പ്രവര്‍ത്തിക്കുക. ഒരു മണിക്കൂറിനുള്ളില്‍ രണ്ട് ഗേറ്റുകളിലൂടെ പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് ഒരു ഗേറ്റില്‍ നിന്നുമാത്രമായിരിക്കും ടോള്‍ ഈടാക്കുക എന്നും ഇബ്രാഹിം അല്‍ ഹദ്ദാദ് അറിയിച്ചു.

വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടപ്പാക്കുന്നത് വംശഹത്യയെന്ന് സൗദി

0

വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയെന്ന്
സൗദി അറേബ്യ. പലസ്ഥീന്‍ രാഷ്ട്രം സ്ഥാപിതമാകാതെ ഇസ്രയേലുമായി
ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.

സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവില്‍ ആണ് വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടപ്പാക്കുന്നത് വംശഹത്യയാണെന്ന് വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കിയത്. മാനുഷിക സഹായം എത്തിക്കാന്‍ കഴിയാത്ത വിധം സമ്പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തിയാണ് ഇസ്രയേല്‍ വടക്കന്‍ ഗാസയില്‍ ആക്രമണം നടത്തുന്നത്.ഇവിടെ സാധാരണജനങ്ങള്‍ക്ക് പാര്‍പ്പിടങ്ങളോ സുരക്ഷിത കേന്ദ്രങ്ങളോ കണ്ടെത്താന്‍ കഴിയുന്നില്ല.ഇത് മാനുഷിക മൂല്യങ്ങള്‍ക്കും രാജ്യാന്തര നിയമങ്ങള്‍ക്കും എതിരാണെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു.

സ്വതന്ത്രപലസ്തീന്‍ രാഷ്ട്രം സ്ഥാപിതകമാകും വരെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കില്ല എന്നതാണ് സൗദിയുടെ പ്രഖ്യാപിത നിലപാട്.അത് തുടരുമെന്നും ഫൈസല്‍ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. അമേരിക്കയുമായി നിലവില്‍ നടത്തി വരുന്ന ചര്‍ച്ചകളില്‍ ഇസ്രയേലുമായി നയന്ത്രതന്ത്രബന്ധം സ്ഥാപിക്കുന്ന വിഷയം ഇല്ല.ചില ഉഭയകക്ഷി കരാറുകള്‍ സംബന്ധിച്ചാണ് അമേരിക്കയുമായി നിലവില്‍ നടക്കുന്ന ചര്‍ച്ചകള്‍.ഇതില്‍ മറ്റൊരു മൂന്നാം കക്ഷി ഇല്ലെന്നും ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.