റമദാനിനോട് അനുബന്ധിച്ച് ഷാര്‍ജ എമിറേറ്റിലെ പൊതു പാര്‍ക്കിംഗ് സമയത്തിലും സുരക്ഷാ ക്രമീകരണങ്ങളിലും മാറ്റം പ്രഖ്യാപിച്ച് സിറ്റി മുനിസിപ്പാലിറ്റി. റമദാന്‍ മാസത്തില്‍ പൊതുജനങ്ങള്‍ക്ക് സുഗമമായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമാക്കാനും അധികൃതര്‍ തീരുമാനിച്ചു.റമദാന്‍ കാലയളവില്‍ പണമടച്ചുള്ള പൊതു പാര്‍ക്കിംഗ് സൗകര്യങ്ങള്‍ രാവിലെ 8 മണി മുതല്‍ അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. വിശ്വാസികള്‍ക്ക് പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നതിനായി പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട് . പള്ളികള്‍ക്ക് ചുറ്റുമുള്ള പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനാ സമയത്ത് ഒരു മണിക്കൂര്‍ സൗജന്യമായിരിക്കും. ഇവ നിലവിലുള്ള പതിവ് സംവിധാനത്തില്‍ തന്നെ തുടരും. പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പ്രത്യേക പരിശോധനാ സംഘങ്ങള്‍ രംഗത്തുണ്ടാകും. അതേസമയം റമദാനില്‍ ഭക്ഷണ സാധനങ്ങളുടെ ആവശ്യം വര്‍ദ്ധിക്കുന്നത് പരിഗണിച്ച് എമിറേറ്റിലുടനീളം കര്‍ശന പരിശോധനകള്‍ നടത്തുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഒബൈദ് സയീദ് അല്‍ തുനൈജി വ്യക്തമാക്കി. ബേക്കറികള്‍, കിച്ചണുകള്‍, മധുരപലഹാര കടകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. പകല്‍ സമയത്ത് ഭക്ഷണം തയ്യാറാക്കുന്നതിനും വില്‍ക്കുന്നതിനും കടകള്‍ക്ക് പുറത്ത് ഭക്ഷണം പ്രദര്‍ശിപ്പിക്കുന്നതിനും പ്രത്യേക അനുമതി നിര്‍ബന്ധമാണ്. അനധികൃത തെരുവ് കച്ചവടക്കാരെയും താല്‍ക്കാലിക മാര്‍ക്കറ്റുകളെയും തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.



