ആഗോള ഭക്ഷ്യവ്യാപാരത്തിനുള്ള പുതിയ കേന്ദ്രമായ ‘ഫുഡ് ഡിസ്ട്രിക്ടി’ന്റെ രൂപരേഖ ഡിപി വേള്‍ഡ് ഔദ്യോഗികമായി പുറത്തിറക്കി. നിലവില്‍ ദുബായിലുള്ള അല്‍ അവീര്‍ സെന്‍ട്രല്‍ ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റ് വിപുലീകരിച്ച് അതിനൂതന സൗകര്യങ്ങളോടെയാണ് ‘ഫുഡ് ഡിസ്ട്രിക്ട്’ എന്ന പേരില്‍ കേന്ദ്രമൊരുങ്ങുക.
ലോകത്തിലെ ഏറ്റവുംവലുതും നൂതനവുമായ ഭക്ഷ്യവ്യാപാരകേന്ദ്രങ്ങളിലൊന്നായി ഫുഡ് ഡിസ്ട്രിക്ടിനെ മാറ്റുകയാണ് ലക്ഷ്യം. 2024-ല്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ആഗോള ഭക്ഷ്യവ്യാപാരകേന്ദ്ര പദ്ധതി പ്രഖ്യാപിച്ചത്. പഴം, പച്ചക്കറി, പാലുത്പന്നങ്ങള്‍, മുളപ്പിച്ച വിത്തുത്പന്നങ്ങള്‍ എന്നിവയുടെ വിപണിയുമായി ബന്ധപ്പെട്ട് കാര്യങ്ങളും പുതിയ ആഗോള ഭക്ഷ്യ വ്യാപാരകേന്ദ്രത്തിലുണ്ടാവും.ഘട്ടംഘട്ടമായാണ് ദുബായ് ഫുഡ് ഡിസ്ട്രിക്ട് പരിഷ്കരണ പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ആദ്യഘട്ടം അടുത്തവര്‍ഷം ആരംഭിക്കും. പുതിയ കേന്ദ്രത്തിലൂടെ ഭക്ഷ്യവിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തിക്കൊണ്ട് വ്യാപാരശേഷി വര്‍ധിപ്പിക്കും. പ്രാദേശിക ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതും പദ്ധതിയുടെ പ്രധാന ഉദ്ദേശ്യമാണ്. 2.9 കോടി ചതുരശ്ര അടി വിസ്തീര്‍ണമുള്ള മള്‍ട്ടി കാറ്റഗറി ഫുഡ് ട്രേഡ് ഹബായിരിക്കും ദുബായ് ഫുഡ് ഡിസ്ട്രിക്ട് പദ്ധതി. നിലവിലെ മാര്‍ക്കറ്റിന്റെ ഇരട്ടിയിലേറെ വിസ്തീര്‍ണമായിരിക്കും ഉണ്ടാവുക. പദ്ധതി പൂര്‍ത്തിയാവുന്നതോടെ വ്യാപാരം, സംഭരണം, സംസ്കരണം, വിതരണം എന്നിവ ഒരുകേന്ദ്രത്തില്‍ നടപ്പാക്കാന്‍ സാധിക്കും. കോള്‍ഡ് സ്റ്റോറുകള്‍, താപനില നിയന്ത്രിത വെയര്‍ഹൗസിങ്, പ്രൈമറി-സെക്കന്‍ഡറി പ്രോസസിങ് സൗകര്യങ്ങള്‍, ഡിജിറ്റല്‍ ബാക്ക് ഓഫീസ് സൊല്യൂഷനുകള്‍, കാഷ് ആന്‍ഡ് കാരി ഓപ്ഷനുകള്‍, ബിസിനസ്, ഉപഭോക്തൃ സേവനം എന്നിവയ്ക്കായി ഒരു ഗൗര്‍മെറ്റ് ഫുഡ് ഹാള്‍ എന്നിവയും ദുബായ് ഫുഡ് ഡിസ്ട്രിക്ടില്‍ ഉണ്ടായിരിക്കും. 2004-ലാണ് ദുബായിലെ അല്‍ അവീര്‍ സെന്‍ട്രല്‍ ഫ്രൂട്ട് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റ് ആരംഭിച്ചത്. നിലവില്‍ 2500-ലേറെ വ്യാപാരകേന്ദ്രങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.



