കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒമാനിലെ താപനില പൂജ്യത്തിന് താഴെയായി, ജബല്‍ ഷംസില്‍ മൈനസ് 0.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3,000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയില്‍ നിന്നുള്ള റീഡിംഗ് പ്രകാരം താപനില പൂജ്യത്തിന് താഴെയായി. മൈനസ് 0.1 ഡിഗ്രി സെല്‍ഷ്യസ് ആണ് ജബല്‍ ഷംസില്‍ രേഖപ്പെടുത്തിയ താപനില. ജനുവരി 20 ന് സുല്‍ത്താനേറ്റിലുടനീളം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയായിരുന്നു ഇത്. ‘സൂര്യന്റെ പര്‍വ്വതം’ എന്നറിയപ്പെടുന്ന ജബല്‍ ഷംസ്, വടക്കന്‍ ഒമാനിലെ അല്‍ ഹജര്‍ പര്‍വതനിരയിലാണ് സ്ഥിതി ചെയ്യുന്നത്. ശൈത്യകാലത്ത് വിനോദസഞ്ചാരികളുടേയും പ്രകൃതിസ്നേഹികളുടേയും ജനപ്രിയ സ്ഥലമാണിത്. മറ്റ് പര്‍വതപ്രദേശങ്ങളിലും അതിശൈത്യം അനുഭവപ്പെട്ടു. ടെറസഡ് ഫാമുകള്‍ക്കും റോസ് ഗാര്‍ഡനുകള്‍ക്കും പേരുകേട്ട അല്‍ ഹജര്‍ പര്‍വതനിരകളിലെ മറ്റൊരു ഉയര്‍ന്ന പ്രദേശമായ സൈഖില്‍ 4.8 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന യാങ്കുളില്‍ താപനില 9.5 ഡ്രിഗ സെല്‍ഷ്യസ് ആയി കുറഞ്ഞപ്പോള്‍ ധാന്‍കില്‍ അത് 12.4 രേഖപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളില്‍ രാത്രി മുഴുവന്‍ ചൂട് ഗണ്യമായി തുടര്‍ന്നു. മസ്‌കറ്റില്‍ നിന്ന് ഏകദേശം 164 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒമാന്റെ മുന്‍ തലസ്ഥാനമായ നിസ്വയിലെ ചരിത്ര നഗരത്തില്‍ 11.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സുനൈനയില്‍ 11.6, പുരാതന പട്ടണമായ ബഹ്ലയില്‍ 12.3, ഉം അല്‍ സമൈമില്‍ 12.4 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. മധ്യ ഒമാനിലെ മരുഭൂമി പ്രദേശങ്ങളിലും ശൈത്യകാല തണുപ്പ് അനുഭവപ്പെട്ടു. ഹൈമയില്‍ 11, മുഖ്ഷിനില്‍ 11.3, ഫഹൂദില്‍ 11.5 എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്.



