റാസ് അല്‍ ഖൈമ അന്താരാഷ്ട്ര വിമാനത്താവളം വഴി 2025 ല്‍ യാത്രചെയ്തവരുടെ എണ്ണം 1,000,303 ആയി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ വളര്‍ച്ചയാണ് ഇത്തവണ കൈവരിച്ചിരിക്കുന്നത്.വികസനത്തിന്റെ ദ്രുതഗതിയിലുള്ള വേഗതയെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതോടൊപ്പം വ്യോമഗതാഗതത്തിനുള്ള പ്രാദേശിക കേന്ദ്രമെന്ന നിലയില്‍ വിമാനത്താവളത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങളുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചതോടെ വിമാനത്താവളത്തിന്റെ വിമാന ശൃംഖലയില്‍ പ്രകടമായ വികാസവും ഉണ്ടായി.ഇന്ത്യ, പാകിസ്ഥാന്‍, സൗദി അറേബ്യ, റഷ്യ, അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്ത് എന്നിവയുള്‍പ്പെടെ 16 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.പത്ത് ലക്ഷം യാത്രക്കാരുടെ എണ്ണം കവിഞ്ഞത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തന, വികസന തന്ത്രത്തിന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സിവില്‍ ഏവിയേഷന്‍ വകുപ്പ് ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമാനും എഞ്ചിനീയറുമായ ഷെയ്ഖ് സലേം ബിന്‍ സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍ ഖാസിമി പ്രസ്താവിച്ചു.2025 ലെ പദ്ധതികളുടെ ഭാഗമായി, യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, നിരീക്ഷണ, പ്രവര്‍ത്തന സംവിധാനങ്ങളിലേക്കുള്ള നവീകരണം, എമിറേറ്റിലെ ടൂറിസത്തെയും വാണിജ്യ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്നതിനായി വ്യോമ കണക്റ്റിവിറ്റി വിപുലീകരണം എന്നിവയുള്‍പ്പെടെ സമഗ്രമായ വികസന പരമ്പരകള്‍ പൂര്‍ത്തിയാക്കിയതായി ഷെയ്ഖ് സലേം ബിന്‍ സുല്‍ത്താന്‍ കൂട്ടിച്ചേര്‍ത്തു.



