ഇറാനിലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 16500 ലേറെയാണെന്ന് റിപ്പോര്‍ട്ട്. ഇറാനിലെ ഡോക്ടര്‍മാരാണ് പുതിയ കണക്ക് പുറത്തുവിട്ടത്. ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖമേനി പറഞ്ഞതിന് പിന്നാലെയാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും പുറത്തുവന്നത്.
ഇറാനില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരില്‍ നിന്ന് ശേഖരിച്ച് ഗ്രൗണ്ട് റിപ്പോര്‍ട്ടിലാണ് കൊല്ലപ്പെട്ടവരുടെ എണ്ണം 16500 നും 18000 ത്തിനും ഇടയിലാണെന്ന് പറയുന്നത്. പരിക്കേറ്റവരുടെ എണ്ണം 330000 ത്തിനും 360000 ത്തിനും ഇടയിലാണ്. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഗര്‍ഭിണികളുമുണ്ട് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭൂരിഭാഗം പേരും 30 വയസിന് താഴെ പ്രായമുള്ളവരാണെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇറാനിലെ 8 പ്രമുഖ ഐ ഹോസ്പിറ്റലും 16 എമര്‍ജന്‍സി വിഭാഗങ്ങളും സംയുക്തമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴുത്തിലും തലയിലും വെടിയേറ്റാണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതെന്നും സൈനിക ആയുധങ്ങളാണ് പ്രക്ഷോഭകാരികള്‍ക്കെതിരെ ഉപയോഗിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയെ ചൊല്ലിയാരംഭിച്ച പ്രതിഷേധം പിന്നീട് ഭരണവിരുദ്ധ സമരമായി മാറുകയായിരുന്നു. സമരത്തെ ഖമേനി ഭരണകൂടം അടിച്ചമര്‍ത്തിയത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞദിവസം ഖമേനി തന്നെ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപാണ് ജനങ്ങളെ അനാവശ്യമായി ഇളക്കിവിട്ടതെന്നായിരുന്നു ഖമേനി ആരോപിച്ചത്. അമേരിക്ക സൈനിക സഹായം നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് ജനത്തെ ഇളക്കിവിട്ടതെന്നും പ്രക്ഷോഭകാരികള്‍ അമേരിക്കയുടെ കാലാള്‍ പടയാണെന്നുമായിരുന്നു ഖമേനിയുടെ ആരോപണം. ഈതിനുപിന്നാലെയാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്.



