മുനിസിപ്പാലിറ്റിയുടെ റമസാന്‍ മാര്‍ക്കറ്റ് ദെയ്‌റ അല്‍ റാസ് മാര്‍ക്കറ്റില്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഇമറാത്തി മൂല്യങ്ങളും സാംസ്‌കാരിക പൈതൃകവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആഘോഷിക്കുന്ന വുള്‍ഫ കാലത്തിന്റെ ഭാഗമായാണ് റമസാന്‍ മാര്‍ക്കറ്റ് തുറക്കുന്നത്. ഫെബ്രുവരി 15വരെ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കും. റമസാനിലേക്കുള്ള ഒരുക്കം എന്ന നിലയിലാണ് മാര്‍ക്ക് തുറക്കുന്നത്. കുടുംബങ്ങള്‍ക്ക് ഒത്തുകൂടാനും സമയം ചെലവഴിക്കാനുമുള്ള സൗകര്യം മാര്‍ക്കറ്റിലുണ്ടാകും. പരമ്പരാഗത രീതിയില്‍ റമസാനുവേണ്ടി ഒരുങ്ങുന്നതിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികളും അരങ്ങിലെത്തും.പരമ്പരാഗത ഇമറാത്തി രുചികള്‍ വിളമ്പുന്ന 10 റസ്റ്ററന്റുകള്‍ പ്രത്യേകമായി ഇവിടെ പ്രവര്‍ത്തിക്കും. ഭക്ഷണത്തിനൊപ്പം പരമ്പരാഗത അറബിക് നാടന്‍ കലകളുടെ അവതരണം വേദിയില്‍ നടക്കും. ഇതിനു പുറമെ കുട്ടികള്‍ക്കായി വിവിധ ശില്‍പശാലകളും മല്‍ത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത വസ്ത്രങ്ങള്‍, ഈന്തപ്പഴ ഉല്‍പന്നങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ വിപണിയില്‍ ഉണ്ടാകും. രാവിലെ 10 മുതല്‍ രാത്രി 10 വരെ ബര്‍ദുബായ്, ദെയ്‌റ എന്നിവിടങ്ങളില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് സൗജന്യ അബ്രകള്‍ ആര്‍ടിഎ ഏര്‍പ്പാടാക്കി.



