ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ‘സ്‌കൂള്‍ ട്രാന്‍സ്പോര്‍ട്ട് ഷെയറിംഗ്’ പദ്ധതി വിപുലപ്പെടുത്താന്‍ നീക്കം. 2026 ന്റെ ആദ്യ പാദത്തില്‍ പുതിയ പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നതിനായി ആര്‍ടിഎ യാംഗോ ഗ്രൂപ്പുമായും അര്‍ബന്‍ എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ടുമായും ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. സ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും സ്‌കൂള്‍ ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കള്‍ക്കുള്ള ചെലവ് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
ദുബൈയുടെ ഗതാഗതത്തിനായുള്ള ദീര്‍ഘകാല ദര്‍ശനത്തിന് അനുസൃതമായി മൂന്ന് പ്രധാന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സംരംഭം.. ‘രക്ഷിതാക്കള്‍ക്കുള്ള സ്‌കൂള്‍ ഗതാഗത ചെലവ് കുറയ്ക്കുക, വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ എടുക്കുന്ന സമയം കുറയ്ക്കുക, തിരക്കേറിയ സമയങ്ങളില്‍ സ്‌കൂളുകള്‍ക്ക് ചുറ്റുമുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുക’ എന്നിവയാണ് ഈ ലക്ഷ്യങ്ങള്‍. രണ്ടാം സെമസ്റ്ററിനോടനുബന്ധിച്ച് പൈലറ്റ് ഘട്ടം ആരംഭിക്കുമെന്നും, അടുത്ത പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ദുബായ് എമിറേറ്റിന്റെ എല്ലാ മേഖലകളിലേക്കും സേവനം വ്യാപിപ്പിക്കും. ഇതിനുള്ള തയ്യാറെടുപ്പായി, നിലവിലെ സെമസ്റ്ററിന്റെ അവസാനത്തില്‍ പദ്ധതിയുടെ ഫലങ്ങള്‍ വിലയിരുത്തും. സ്‌കൂള്‍ ഗതാഗതം ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശതമാനം നിലവിലെ 49% ല്‍ നിന്ന് 60% ആയി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായി ആര്‍ടിഎ വെളിപ്പെടുത്തി. ഇത് റോഡിലെ ഗതാഗതകുരുക്ക് കുറക്കാന്‍ സഹായിക്കും. രണ്ടോ മൂന്നോ വിദ്യാര്‍ത്ഥികളുള്ള കുടുംബങ്ങള്‍ക്ക് സ്‌കൂള്‍ ഗതാഗത ഫീസ് 15% വരെ കുറയ്ക്കാന്‍ ഈ സംരംഭം സഹായിക്കും. ചില പ്രദേശങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ബസുകളില്‍ ചെലവഴിക്കുന്ന സമയം ഏകദേശം 35 മുതല്‍ 40% വരെ കുറയ്ക്കുന്നതിന് പുറമേ, നിലവില്‍ 40 മിനിറ്റ് എടുക്കുന്ന യാത്രാ സമയം ഏകദേശം 25 മിനിറ്റായി കുറയ്ക്കാനും സാധിക്കും. യാംഗോ ഗ്രൂപ്പുമായും അര്‍ബന്‍ എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുമായും ഉള്ള പങ്കാളിത്തം മത്സരാധിഷ്ഠിതമായ രീതിയില്‍ സേവനം നല്‍കുന്നതിന് സഹായിക്കുമെന്ന് ആര്‍ടിഎ അധികൃതര്‍ ചൂണ്ടിക്കാട്ടി.



