ഗ്രീന്‍ലാന്റ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി. കഴിഞ്ഞദിവസം വൈറ്റ് ഹൗസില്‍ ഇത് സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തി. ദേശസുരക്ഷയുടെ ഭാഗമായി ഗ്രീന്‍ലാന്റ് അമേരിക്കയ്ക്ക് വേണമെന്നാണ് ട്രംപിന്റെ വാദം.
ഡെന്‍മാര്‍ക്ക്, ഗ്രീന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമെ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്രീന്‍ലാന്റ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇവരില്‍ ഏതെല്ലാം രാജ്യങ്ങള്‍ക്ക് മേലാണ് തീരുവ അടിച്ചേല്‍പ്പിക്കുകയെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. എന്ത് അടിസ്ഥാനത്തിലാണ് തീരുവ ചുമത്തുകയെന്നത് സംബന്ധിച്ചും ട്രംപ് വ്യക്തത വരുത്തിയിട്ടില്ല. അതേസമയം അമേരിക്കയ്ക്കുള്ളില്‍ നിന്നടക്കം ഗ്രീന്‍ലാന്റ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം ഡാനിഷ് പ്രധാനമന്ത്രിയും ഗ്രീന്‍ലാന്റ് പ്രധാനമന്ത്രിയും അമേരിക്കയിലെത്തി വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായി കൂടിക്കാഴ്ച്ച നടത്തിയശേഷമാണ് ട്രംപിന്റെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. ദേശിയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്റ് അമേരിക്കയുടെ കൈവശം വരേണ്ടത് അനിവാര്യമാണ്. ഇതിനെ എതിര്‍ക്കുന്നവരെ തീരുവകൊണ്ട് നേരിടുമെന്നാണ് ട്രംപിന്റെ നിലപാട്. ഭൗമശാസ്ത്രപരമായി തന്ത്രപ്രധാനമായ പ്രദേശമാണ് ഗ്രീന്‍ലാന്റ്. നോര്‍ത്ത് അമേരിക്കയ്ക്കും അറ്റ്‌ലാന്റിക്കിനുമിടയില്‍ സ്ഥിതിചെയ്യുന്ന ഗ്രീന്‍ലാന്റ് മിസൈല്‍ ആക്രമണങ്ങള്‍ നേരത്തെ തിരിച്ചറിയാനും മേഖലയിലെ കപ്പലുകളുടെ നീക്കം വ്യക്തമായി നിരീക്ഷിക്കാനും സാധിക്കുന്ന പ്രദേശമാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അമേരിക്കയുടെ മിസൈല്‍ മോണിറ്ററിങ് സ്‌റ്റേഷനും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഗ്രീന്‍ലാന്റ് സ്വന്തമാക്കാനുള്ള ശ്രമം അമേരിക്ക നടത്തുന്നത്. വേണ്ടിവന്നാല്‍ സൈന്യത്തെ ഉപയോഗിച്ചും ഗ്രീന്‍ലാന്റ് പിടിച്ചെടുക്കുമെന്നാണ് അമേരിക്കന്‍ നിലപാട്. എന്നാല് ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഡെന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



