മലയോരപ്രദേശമായ ജബല്‍ ജെയ്‌സ് താല്‍ക്കാലികമായി അടച്ചു. കഴിഞ്ഞയാഴ്ച്ചയുണ്ടായ മഴയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും അസ്ഥിരമായ കാലാവസ്ഥയും പരിഗണിച്ചാണ് അടച്ചിട്ടത്.
ഡിസംബര്‍ 17 മുതല്‍ 19 വരെ പെയ്ത മഴയില്‍ വലിയ മഴവെള്ളപാച്ചിലിന് ജബല്‍ ജെയ്‌സ് സാക്ഷ്യം വഹിച്ചിരുന്നു. ഇത് പ്രദേശത്തേക്കുള്ള യാത്രയും മറ്റും അപകട സാധ്യത ഉള്ളതാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നിയന്ത്രിച്ചിരുന്നു. മഴയത്ത് പ്രദേശത്തുണ്ടായ നാശനഷ്ടങ്ങളും നിലവിലെ സ്ഥിതിഗതികളും വിലയിരുത്തി സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് ഇപ്പോള്‍ ജബല്‍ ജെയ്‌സ് താല്‍ക്കാലികമായി അടച്ചിട്ടത്. വിവിധ ഭാഗങ്ങളില്‍ മലമുകളില്‍ നിന്ന് വെള്ളം വീഴുന്നുണ്ട്. ഇത് അപകടത്തിന് ഇടയാക്കിയേക്കാം എന്നതിനാല്‍ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായാണ് ജബല്‍ ജെയ്‌സ് അടച്ചിടുന്നത് എന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് വിദഗ്ധ സംഘം പരിശോധനകള്‍ നടത്തുകയാണ് പൂജ്യം ഡിഗ്രിവരെ താപനില താഴുന്ന ജബല്‍ ജെയ്‌സിലേക്ക് സഞ്ചാരികളുടെ പ്രവാഹം ഉണ്ടാകുന്ന സമയമാണ് ശൈത്യകാലം. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍ വാടികളില്‍ ക്യാമ്പ് ചെയ്യരുതെന്നും അധികൃതര്‍ ജനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചിലപ്രദേശങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് മണ്ണിടിച്ചിലിനും വഴുക്കിവീഴുന്നതിനും കാരണമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രദേശത്തെ അഡ്വഞ്ചര് ടൂറിസത്തിനും അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തി.



