വിവിധ മേഖലകളില്‍ നിയമം കര്‍ശനമാക്കി ബഹ്‌റിന്‍. സാമ്പത്തിക ബാധ്യതയുള്ള പ്രവാസികളായ കമ്പനി ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഇനി ബാധ്യതകള്‍ തീര്‍ക്കാതെ രാജ്യം വിടാന്‍ കഴിയില്ല. ഇത് സംബന്ധിച്ച പുതിയ നിര്‍ദേശത്തിന് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.
ബഹ്‌റിനിലെ പ്രവാസികള്‍ സ്വയം വരുത്തിവെക്കുന്ന സാമ്പത്തിക ബാധ്യതകള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും നിക്ഷേപ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു എന്ന വിലയിരുത്തലിലാണ് പുതിയ നടപടി. സാമ്പത്തിക ബാധ്യതയുളളവര്‍ക്ക് താല്‍ക്കാലിക യാത്രാവിലക്ക് ഉള്‍പ്പെടെ ഏര്‍പ്പെടുത്തണമെന്നാണ് പ്രമേയത്തിലെ ഒരു നിര്‍ദ്ദേശം. നിലവില്‍ 85,000 വാണിജ്യ രജിസ്ട്രേഷനുകളില്‍ 29,000 എണ്ണം പ്രവാസികളുടെ ഉടമസ്ഥതയിലാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍കാലങ്ങളില്‍ നിരവധി തൊഴിലുടമളും തൊഴിലാളികളും വലിയ ബാധ്യതകള്‍ സ്വയം വരുത്തിവെക്കുകയും അത് തീര്‍ക്കാതെ രാജ്യം വിട്ടുപോവുകയും ചെയ്തിരുന്നു. ഇത്തരം പ്രവണതകള്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുകയും വാണിജ്യ ഇടപാടുകളിലെ വിശ്വാസം കുറക്കുന്നതിനും കാരണമാകുമെന്ന് എംപിമാര്‍ പാര്‍ലമെന്റ്ില്‍ വ്യക്തമാക്കി . പ്രാദേശിക വ്യാപാരികളും ചെറുകിട ഇടത്തരം സംരംഭങ്ങകരുമാണ് ഇതിന്റെ പ്രത്യാഘാതം ഏല്‍ക്കേണ്ടി വരുന്നതെന്നും എംപിമാര്‍ ചൂണ്ടികാട്ടി. പ്രവാസി നിക്ഷേപകര്‍ക്ക് സ്വദേശികളെ പോലെ തന്നെ വാണിജ്യ, ബാങ്കിങ് ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോഴും രാജ്യംവിടുന്നതിന് കുറഞ്ഞ നിയന്ത്രണങ്ങള്‍ മാത്രമാണ് നിലലിലുളളത്. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ കടബാധ്യതയുള്ള വ്യക്തികള്‍ രാജ്യംവിടുന്നത് തടയാന്‍ ബഹ്റൈന്‍ ഒഴികെയുള്ള ജി.സി.സി രാജ്യങ്ങള്‍ കര്‍ശനമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായ്പകള്‍ നല്‍കുമ്പോള്‍ കൃത്യമായ ജാമ്യ വ്യവസ്ഥ ഏര്‍പ്പെടുത്തുക, കോമേഴ്സ്യല്‍ രജിസ്ട്രേഷന്‍ നല്‍കുന്നതിന് മുമ്പുള്ള പരിശോധന നടപടികള്‍ ശക്തമാക്കുക,,ബാധ്യതകള്‍ തീര്‍പ്പാക്കുന്നതുവരെ താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍േദേശങ്ങളാണ് പ്രധാനമായും പ്രമേയത്തിലൂടെ മുന്നോട്ട് വച്ചിരിക്കുന്നത്. പുതിയ നിയമം രാജ്യത്തെ തൊഴില്‍ വിപണിയില്‍ വിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എം.പിമാര്‍ വ്യക്തമാക്കി..



