കളഞ്ഞു കിട്ടുന്ന വസ്തുക്കള്‍ ദുബൈ പൊലീസിന് കൈമാറിയാല്‍ അര ലക്ഷം ദിര്‍ഹം വരെ സമ്മാനം ലഭിക്കും. ഇത് സംബന്ധിച്ച പുതിയ ലോസ്റ്റ് & ഫൗണ്ട് നിയമത്തിന് യു എ ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.പൊലീസിന് കൈമാറുന്ന വസ്തുവിന്റെ മൂല്യത്തിന്റെ 10 ശതമാനം വരെ പ്രതിഫലം ലഭിക്കാമെന്നും ദുബൈ പൊലീസിന്റെ ഇലക്ട്രോണിക് സിസ്റ്റത്തില്‍ വസ്തുക്കള്‍ ലഭിക്കുന്നവര്‍ 24 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശം നല്‍കി.48 മണിക്കൂറിനുള്ളില്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വസ്തു ഏല്‍പിക്കണം. ഈ വസ്തുവിന്റെ അവകാശവാദം ഉന്നയിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഉടമസ്ഥന്‍ എത്തിയില്ലെങ്കില്‍ നിയമ വിധേയമായി കണ്ടെത്തിയയാള്‍ക്ക് സ്വന്തമാക്കാം.ഒരു വര്‍ഷത്തിന് ശേഷം ഉടമസ്ഥന്‍ എത്തിയാല്‍ വസ്തു തിരികെ നല്‍കുകയും വേണം. ഈ നിയമം ലംഘിച്ചാല്‍ വസ്തു കണ്ടെത്തിയ ആള്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും 2 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും അധികൃതര്‍ വ്യക്തമാക്കി.അവകാശി എത്താതെയിരുന്നാല്‍ വസ്തു ലേലത്തില്‍ വെക്കും. ലേലത്തില്‍ വിറ്റു പോയാലും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉടമസ്ഥന്‍ അവകാശ വാദം ഉന്നയിച്ചു മുന്നോട്ട് വന്നാല്‍ അതിന്റ മൂല്യം നല്‍കേണ്ടി വരും. പുതിയ നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.



