സൗദി അറേബ്യയ്ക്ക് മൈക്രോചിപ്പുകള്‍ വില്‍ക്കാന്‍ യുഎസ് അനുവദിച്ചതോടെ സര്‍ക്കാര്‍ പിന്തുണയുള്ള കൃത്രിമ ഇന്റലിജന്‍സ് സ്ഥാപനമായ ഹ്യൂമെയ്ന്‍ എന്‍വിഡിയയുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയിലാണ് പ്രഖ്യാപനം വന്നത്.
മൂന്ന് ദിവസത്തെ സന്ദര്‍ശന വേളയില്‍ നിരവധി തന്ത്രപ്രധാനമായ കരാറുകളിലാണ് അമേരിക്കയുമായി സൗദി പ്രധാനമന്ത്രിയും കിരിടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഒപ്പിട്ടത്. എഫ് 35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍, സിവില്‍ ആണവോര്‍ജ്ജ കരാര്‍ എന്നിവയില്‍ ഒപ്പുവെച്ചതിന് പിന്നെലെ അമേരിക്ക സൗദിയെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി പ്രഖ്യാപിക്കുകയും ചെയ്തു. ബുധനാഴ്ച സൗദി-യുഎസ് ബിസിനസ് ഫോറത്തിന് കിരീടാവകാശിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മേല്‍നോട്ടം വഹിച്ചപ്പോഴാണ് എന്‍വിഡിയ കരാര്‍ പ്രഖ്യാപിച്ചത്, ഇരു രാജ്യങ്ങളും ‘തന്ത്രപരമായ കൃത്രിമ ബുദ്ധി പങ്കാളിത്തത്തില്‍’ ഒപ്പുവച്ചതായി എന്‍വിഡിയ അറിയിച്ചു. സൗദി അറേബ്യയില്‍ എന്‍വിഡിയയില്‍ പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതിനു പുറമേ, എന്‍വിഡിയ എഐയുടെ പിന്തുണയോടെ അമേരിക്കയിലെ എഐ ഡാറ്റാ സെന്ററുകളിലേക്ക് ഹുമെയ്ന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യും. യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആസ്ഥാനമായുള്ള ഒരു എഐ സ്ഥാപനത്തിലേക്കും ജി42 ലേക്ക് നൂതന എന്‍വിഡിയ ചിപ്പുകള്‍ കയറ്റുമതി ചെയ്യുന്നതിന് അംഗീകാരം നല്‍കിയതായി യുഎസ് വാണിജ്യ വകുപ്പ് അറിയിച്ചതിന് പിന്നാലെയാണ് പുതിയ ഈ പ്രഖ്യാപനം വന്നത്. പദ്ധതി പ്രകാരം രണ്ട് കമ്പനികള്‍ക്കും 35,000 എന്‍വിഡിയ ബ്ലാക്ക്വെല്‍ ചിപ്പുകള്‍ വരെ വാങ്ങാന്‍ കഴിയുമെന്ന് വകുപ്പ് അറിയിച്ചു.മെയ് മാസത്തില്‍ ആരംഭിച്ച ഹുമൈന്‍, സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ധനസഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. എണ്ണയെ ആശ്രയിച്ചുള്ള സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രധാന വികസന പദ്ധതികളായ ഗിഗാ പ്രോജക്ടുകള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ ഇത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.



