അനധികൃതമായി എല്‍പിജി ഗ്യാസ് നിറയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്ത സംഭവത്തില്‍ കര്‍ശന നടപടിയെടുത്ത് ദുബൈ സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജി. 519 വാഹനങ്ങളും 12,367 സിലിണ്ടറുകളും പിടിച്ചെടുത്തു. വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.ദുബായ് പോലീസ്, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, ദുബായ് സിവില്‍ ഡിഫന്‍സ് എന്നിവയുമായി സഹകരിച്ച് ദുബായ് റെഗുലേറ്ററി കമ്മിറ്റി ഫോര്‍ പെട്രോളിയം പ്രോഡക്റ്റ്‌സ് ട്രേഡിംഗാണ് പരിശോധനകള്‍ നടത്തിയത്. 449 സംയുക്ത പരിശോധനകളാണ് ഇത്തരത്തില്‍ നടത്തിയത്. പിരശോധനയില്‍ 596 നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നിയമവിരുദ്ധമായി നിറച്ച 12,367 സിലിണ്ടറുകള്‍ കണ്ടുകെട്ടി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും, കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താതെയും അനധികൃത സിലിണ്ടറുകള്‍ കടത്താന്‍ ഉപയോഗിച്ച 519 ലൈസന്‍സില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതിനും, പൊതു സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും 2022 ജൂലൈ മുതല്‍ എല്‍പിജി മേഖലയില്‍ പരിശോധനകള്‍ ശക്തമാക്കിയിരുന്നു.അംഗീകൃത വിതരണ കമ്പനികളില്‍ നിന്ന് മാത്രമായി ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകള്‍ വാങ്ങാവൂ എന്ന് ഡിഎസിഇ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. സിലിണ്ടര്‍ നോസിലുകളിലെ ഫില്ലിംഗ് സീലുകള്‍ പരിശോധിച്ച് അവയുടെ ആധികാരികത ഉറപ്പു വരുത്തുകയും വേണം. ഗ്യാസ് സിലിണ്ടറുകള്‍ നിയമവിരുദ്ധമായി നിറയ്ക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ വേണ്ടി ആരെങ്കിലും സഹായം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.



