ഖത്തറില്‍ മനുഷ്യരില്ലാതെ എയര്‍ ടാക്‌സിയുടെ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി .പൂര്‍ണമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി നിയന്ത്രിച്ച എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കലിന് ഗതാഗത മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനി സാക്ഷിയായി.ഓള്‍ഡ് ദോഹ പോര്‍ട്ട് മുതല്‍ കതാര വരെയാണ് എയര്‍ ടാക്‌സി പറന്നത്.പൈലറ്റില്ലാതെ, മനുഷ്യന്റെ ഇടപെടലില്ലാതെ, സ്വയം തീരുമാനിച്ച് സുരക്ഷിതമായ പാതയാണ് തിരഞ്ഞെടുത്തത്. ഭാവിയിലെ നഗര ട്രാഫിക് പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതും വേഗതയും സുരക്ഷയും കൂട്ടുമെന്നതും ഇതിന്റെ ഏറ്റവും വലിയ നേട്ടമാണ്.ഇതിന്റെ പരീക്ഷണ ഫലങ്ങള്‍ പരിശോധിച്ച് സുരക്ഷ, നിയമങ്ങള്‍, സംവിധാനങ്ങള്‍ എന്നിവ തയ്യാറാക്കി ഈ എയര്‍ ടാക്‌സികളെ യഥാര്‍ത്ഥ നഗര യാത്രയ്ക്ക് ഉപയോഗിക്കാന്‍ മന്ത്രാലയം പദ്ധതിയിടുകയാണ്. ഖത്തറിന്റെ ഹൈടെക് ഗതാഗതത്തിന്റെ ഭാവിയിലേക്കുള്ള വാതില്‍ തുറക്കുന്ന ചരിത്ര നിമിഷമാണെന്ന് ഗതാഗത മന്ത്രി പ്രതികരിച്ചു.പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗത്തിലൂടെ ഖത്തറിനെ സ്മാര്‍ട്ട് ഗതാഗതത്തില്‍ ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്തെത്തിക്കുകയാണ് ലക്ഷ്യം.



