അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ആറ് മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്തു.ബേര്‍ഡ് ഐലന്‍ഡ് റിസര്‍വിനുള്ളില്‍ ഫുജൈറ പരിസ്ഥിതി അതോറിറ്റി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി പ്രവര്‍ത്തിച്ച ബോട്ടുകള്‍ വലയിലായത്.തുടര്‍ച്ചയായ നിരീക്ഷണ ക്യാംപെയ്ന്റെ ഭാഗമായി നടത്തിയ പതിവ് ഫീല്‍ഡ് പരിശോധനയിലാണ് ബോട്ടുകള്‍ പിടികൂടിയതെന്ന് എഫ്ഇഎ സ്ഥിരീകരിച്ചു. അനധികൃത പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് നിയമനടപടികള്‍ സ്വീകരിച്ചതായി അതോറിറ്റി അറിയിച്ചു.ദൈനംദിന നിരീക്ഷണം, കൃത്യമായ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍, നൂതന നിരീക്ഷണ സാങ്കേതികവിദ്യകള്‍ എന്നിവയെ ആശ്രയിച്ചാണ് അതോറിറ്റിയുടെ മോണിറ്ററിങ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.ഇത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ സഹായിക്കുമെന്ന് എഫ്ഇഎ ഡയറക്ടര്‍ അസീല അല്‍ മുല്ല പറഞ്ഞു.മറൈന്‍ റിസര്‍വുകള്‍ക്കുള്ളിലെ മത്സ്യബന്ധനം ഗുരുതരമായ പാരിസ്ഥിതിക ലംഘനമാണെന്നും അതിന് നിയമപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.കടല്‍ ജീവികളെ ദോഷകരമായി ബാധിക്കുന്നതോ കടലില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആയ പ്രവര്‍ത്തനങ്ങളോടും അതോറിറ്റി ഉടന്‍ പ്രതികരിക്കുമെന്നും അല്‍ മുല്ല കൂട്ടിച്ചേര്‍ത്തു.



