കുവൈത്തില്‍ കാലാവസ്ഥ മെച്ചപ്പെട്ടതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന ഗതാഗതം പുനരാരംഭിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.കാലാവസ്ഥാ സാഹചര്യങ്ങള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഇന്ന് രാവിലെ രാജ്യത്ത് കനത്ത മൂടല്‍മഞ്ഞും കാഴ്ചാപരിധി 50 മീറ്ററില്‍ താഴെയും അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെ താല്‍ക്കാലികമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. സര്‍വീസുകള്‍ പുനരാരംഭിച്ചതായി സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍രാജ്ഹി പറഞ്ഞു.യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാനത്താവളത്തിലെ ഓപ്പറേഷന്‍സ് ടീമുകളും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടീമുകളും സാഹചര്യം നിരീക്ഷിക്കുകയും വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിച്ചതായും അല്‍രാജ്ഹി വിശദീകരിച്ചു. വിമാന കമ്പനികളുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപിപ്പിച്ച് നിലവില്‍ പതിവ് ഷെഡ്യൂളുകള്‍ അനുസരിച്ചാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.



