പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെയ്ക്കാമെന്ന് 2024 മാര്‍ച്ചില്‍ കേരളം ഉറപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍. പദ്ധതിയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ എല്‍ഡിഎഫില്‍ ഭിന്നത തുടരുന്ന അവസരത്തിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. അനുനയ നടപടിയുടെ ഭാഗമായി സിപിഐ നേതൃത്വവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും കരാര്‍ പിന്‍ വലിക്കണമെന്നുമാണ് സിപിഐ മുന്നോട്ട് വെക്കുന്ന വാദം. ഇതിനെ സാധൂകരിക്കുന്ന പ്രതികരണമാണ കേന്ദ്ര വിദ്യാഭാസ സെക്രട്ടറിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. പിഎം ശ്രീക്കെതിരെ സംസ്ഥാനത്ത് ശക്തമായ നിലപാട് എടുക്കുമ്പോഴും പദ്ധതിക്ക് അനുകൂലമായി നിലപാടെടുക്കുമെന്ന് സര്‍ക്കാര്‍ ധാരണയില്‍ എത്തിയിരുന്നുവെന്ന് സഞ്ജയ് കുമാറിന്റെ പ്രതികരണം വ്യക്തമാക്കുന്നു. 2024 മാര്‍ച്ചില്‍ പദ്ധതിയുമായി സഹകരിക്കാന്‍ കേരളം ധാരണയായിരുന്നു എന്നാണ് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കുന്നത്. എന്‍ ഇപി ഒരുമാതൃക മാത്രമാണെന്നും പാഠപുസ്തകം സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയില്‍ കേരളം പങ്കാളിയായത് വലിയ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഇടത് മുന്നണിയില്‍ ചര്‍ച്ച പോലും നടന്നില്ല എന്ന് വ്യക്തം. പദ്ധതിയില്‍ കൂടിയാലോചനയില്ലാതെ ഒപ്പിട്ട നടപടിയിലാണ് സിപിഐ നിലവില്‍ ഇടഞ്ഞു നില്‍ക്കുന്നത്. എന്നാല്‍ ഒന്നര വര്‍ഷം മുന്നേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ധാരണയില്‍ എത്തിയെന്ന വെളിപ്പെടുത്തല്‍ സിപിഐ എങ്ങനെ വിലയിരുത്തും എന്നതാണ് കാത്തിരുന്നു കാണേണ്ടത്. കരാര്‍ റദ്ദാക്കാത്ത പക്ഷം മന്ത്രിമാരെ പിന്‍വലിക്കുന്നത് അടക്കമുള്ള കടുത്ത തീരുമാത്തിലേയ്ക്ക് കടക്കേണ്ടി വരുമെന്ന സിപിഐ സൂചന സൂചന നല്‍കിയിരുന്നു. നാളെ ചേരുന്ന സിപിഐ എക്‌സിക്യൂട്ടീവ് ഇക്കാര്യത്തില്‍ ്അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം. പദ്ധതിയുമായി മുന്നോട്ട പോകുമെന്ന് വിദ്യാഭാസ വകുപ്പും കരാര്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ സിപിഐയും ഉറച്ചുനില്‍ക്കുകയാണ്. സിപിഎം സിപിഐ കേന്ദ്ര നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലും ധാരണയിലെത്താന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല. സിപിഎം ദേശീയ നേതൃത്വം വിഷയത്തില്‍ ഇടപെടാത്തതിലും സിപിഐയ്ക്ക് രൂക്ഷമായ അതൃപ്തിയാണുള്ളത്. സിപിഎം ജനറല്‍ സെക്രട്ടറിയുടെ മൗനം വേദനിപ്പിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു പറഞ്ഞു. എന്നാല്‍ പ്രകാശ് ബാബുവിന്റെ പ്രതികരണം കാര്യമാക്കേണ്ടതില്ല എന്നായിരുന്നു എംഎ ബേബിയുടെ പ്രതികരണം. മുഖ്യമന്ത്രി സിപഐ നേതൃത്വവുമായി നടത്തുന്ന ചര്‍ച്ചയിലാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ.



