കുവൈത്തില്‍ വ്യാജമദ്യം വിതരണം ചെയ്തവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ.വിഷമദ്യം കഴിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് എതിരെയും നടപടി ഉണ്ടാകും.വിഷമദ്യദുരന്തത്തിന് പിന്നാലെ ആഭ്യന്തരമന്ത്രാലം നടത്തിയ പരിശോധനകളില്‍ എഴുപത്തിയൊന്ന് പേരാണ് പിടിയിലായത്.മദ്യനിര്‍മ്മാണ യൂണിറ്റിന്റെ നടത്തിപ്പുകാരനും പിടിയിലായിട്ടുണ്ട്.ഇരുപത്തിമൂന്ന് പേരുടെ മരണത്തിന് കാരണമായ വിഷമദ്യം ദുരന്തത്തിന് കാരണക്കാരായവര്‍ക്ക് എതിരെ കൊലക്കുറ്റം അടക്കം ചുമത്തിയേക്കും.
കടുത്ത പിഴയും ചുമത്തും.മദ്യം ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും കുവൈത്തില്‍ ഗുരുതര കുറ്റകൃത്യം ആണ്.വിഷമദ്യം കഴിച്ച് ചികിത്സയില്‍ കഴിയുന്ന വിദേശികള്‍ക്ക് ആരോഗ്യനില സാധാരണനിലയില്‍ എത്തുന്നതിന് പിന്നാലെ നിയമനടപടികള്‍ നേരിടേണ്ടിവരും.നിയമലംഘിച്ച് മദ്യപാനം നടത്തിയ കുറ്റത്തിന് നാടുകടത്തല്‍ ആയിരിക്കും ശിക്ഷയെന്നും പ്രദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പിന്നീട് തിരികെ എത്താന്‍ കഴിയാത്ത വിധത്തില്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാകും നാടുകടത്തല്‍.