ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ പ്രതിസന്ധി.യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ചു. തീരുവക്കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആണ് സന്ദര്‍ശനം മാറ്റിയത് എന്നാണ് സൂചന.വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഈ മാസം ഇരുപത്തിയഞ്ചിന് യു.എസ് സംഘം ദില്ലിയില്‍ എത്തുന്നതിന് ആണ് നിശ്ചയിച്ചിരുന്നത്.ഇരുരാജ്യങ്ങളും തമ്മിലുള്ള ആറാംഘട്ട ചര്‍ച്ചയാണ് നടക്കേണ്ടിയിരുന്നത്.യു.എസ് അസിസ്റ്റന്റ് ട്രേഡ് റെപ്രസന്റേറ്റീവ് ബ്രെന്‍ഡന്‍ ലിഞ്ചിന്റെ നേതൃത്വത്തില്‍ അഞ്ച് ദിവസം നീളുന്ന ചര്‍ച്ചയായിരുന്നു തീരുമാനിച്ചിരുന്നത്.ഇത് മാറ്റിയതതോടെ ഇന്ത്യാ-അമേരിക്ക ഉഭയകക്ഷി വ്യാപാരക്കരാര്‍ പ്രതിസന്ധിയിലായി.
ട്രംപ് ഇന്ത്യയ്ക്ക് മേല്‍ പ്രഖ്യാപിച്ച അന്‍പത് ശതമാനം തീരുവ ഓഗസ്റ്റ് ഇരുപത്തിയേഴിന് ആണ് പ്രാബല്യത്തില്‍ വരിക.ഇതിന് മുന്‍പ് ചര്‍ച്ചയിലൂടെ സമയമായത്തില്‍ എത്താന്‍ കഴിയും എന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ യു.എസ് പ്രതിനിധി സംഘത്തിന്റെ യാത്ര മാറ്റിവെച്ചത് അപ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു.ഇന്ത്യയുടെ കാര്‍ഷിക-ക്ഷീര മേഖലയില്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് വിപണി തുറന്ന് കിട്ടണം എന്നതാണ് ഡൊണള്‍ഡ് ട്രംപിന്റെ പ്രധാന ആവശ്യം.ഇതിനായി തീരുവ ഒഴിവാക്കണം.ജനിതകമാറ്റം വരുത്തിയ വിളകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ അനുവദിക്കണം എന്നും യു.എസ് ആവശ്യപ്പെടുന്നുണ്ട്.അമേരിക്കയുടെ ഈ ആവശ്യങ്ങളെല്ലാം ഇന്ത്യ നിരസിച്ചു.ഇതാണ് വ്യാപാരചര്‍ച്ച നീണ്ടുപോകാന്‍ കാരണം.