ഗാസയില്‍ പട്ടിണിമൂലം മരിച്ച കുട്ടികളുടെ എണ്ണം നൂറായി ഉയര്‍ന്നു.പോഷകാഹാരക്കുറവ് മൂലം പതിനൊന്ന് പേരാണ് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടയില്‍ മരിച്ചത്.ഗാസ സിറ്റി പിടിച്ചെടുക്കുന്നതിനുള്ള നീക്കം രണ്ട് മാസത്തിനുള്ളില്‍ ഇസ്രയേല്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്.ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 217 പേരാണ് പട്ടിണി മൂലം മരണപ്പെട്ടത്.ഇതില്‍ നൂറ് പേര്‍ കുട്ടികളാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.പോഷകാഹാരക്കുറവ് മൂലം കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ആയിരങ്ങളാണ്.ഗാസയിലെ പട്ടിണി നീക്കുന്നതിന് യുഎഇ അടക്കമുള്ള രാഷ്ട്രങ്ങള്‍ പരമാവധി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് ശ്രമങ്ങള്‍ നടത്തുന്നുണ്ട്.ഇതിനിടയിലാണ് ഗാസ പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കുന്നത് പദ്ധതിയുമായി ഇസ്രയേല്‍ മുന്നോട്ട് പോകുന്നത്.
ഇത് ഗാസയിലെ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കും എന്നാണ് രാജ്യാന്തര സമൂഹം ആശങ്കപ്പെടുന്നത്.ഒക്ടോബര്‍ ഏഴിന് മുന്‍പ് ഗാസ സിറ്റി പൂര്‍ണ്ണമായും പിടിച്ചെടുക്കുന്നതിനാണ് ഇസ്രയേല്‍ നീക്കം എന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇസ്രയേലില്‍ ഹമാസ് ആക്രമണം നടത്തിയതിന്റെ രണ്ടാം വാര്‍ഷികം കണക്കിലെടുത്താണ് ഈ സമയപരിധി നിശ്ചയിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ആറ് ലക്ഷത്തോളം പേരാണ് ഗാസ സിറ്റിയില്‍ ഉണ്ടായിരുന്നത്.ഇപ്പോള്‍ പത്ത് ലക്ഷത്തിലധികം പേര്‍ ഗാ സിറ്റിയില്‍ താമസിക്കുന്നുണ്ടാകും എന്നാണ് കണക്ക്.ഗാസയുടെ പലഭാഗങ്ങളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അഭയകേന്ദ്രം ആണ് നിലവില്‍ ഗാസ.ഇവരെ അവിടെ നിന്നും അല്‍ മവാസി മേഖലയിലേക്ക് നീക്കും എന്നാണ് റിപ്പോര്‍ട്ട്