പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരരെ വധിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.പാര്‍ലമെന്റില്‍ ആണ് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന.പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തെന്നും അമിത് ഷാ പറഞ്ഞു.
ഓപ്പറേഷന്‍ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്‌സഭയില്‍ ആണ് അമിത് ഷാ വ്യക്തമാക്കിയത്.ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹല്‍ഗാമില്‍ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷന്‍ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.കൊല്ലപ്പെട്ട ഭീകരരുടെ കയ്യിലുണ്ടായിരുന്നത് പഹല്‍ഗാമില്‍ ഉപയോഗിച്ച ആയുധങ്ങളെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.ഭീകരരില്‍ നിന്ന് പിടിച്ച ആയുധങ്ങള്‍ ഇന്നലെ അര്‍ദ്ധരാത്രി പ്രത്യേക വിമാനത്തില്‍ ഛണ്ഡിഗഡിലെ ലാബിലെത്തി പരിശോധിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
ഭീകരരെ വധിച്ച നടപടിയില്‍ സുരക്ഷാ സേനകളെയും ജമ്മു കശ്മീര്‍ പൊലീസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും അമിത് ഷാ അഭിനന്ദിച്ചു.പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകര്‍ത്തുവെന്നും അമിത് ഷാ പറഞ്ഞു. പഹല്‍ഗാമിലെ ആക്രമണത്തിനുശേഷം ഭീകരര്‍ സ്ഥിരം നിരീക്ഷണത്തില്‍ ഉണ്ടായിരുന്നു. മെയ് 22ന് ഇവരെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. അന്നു തുടങ്ങിയ ഓപ്പറേഷനാണ് ഭീകരരെ വധിക്കുന്നതിലേക്ക് നയിച്ചത്. ഭീകരരെ സഹായിച്ചവരെ നേരത്തെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഈ ഭീകരരെ തിരിച്ചറിഞ്ഞു എന്നും അമിത് ഷാ പറഞ്ഞു.