ഫുജൈറയിലെ ബീച്ചുകളില്‍ മുങ്ങി മരണങ്ങള്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 2024 ല്‍ എമിറേറ്റിലെ ബീച്ചുകളില്‍ ഇരുപത്തിയേഴ് പേരാണ് മുങ്ങി മരിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപകടങ്ങള്‍ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്.
പരിചിതമല്ലാത്ത സ്ഥലങ്ങളില്‍ നീന്താന്‍ ഇറങ്ങുന്നതും, സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതുമാണ് അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. സ്വദേശികളും പ്രവാസികളുമായുള്ള 27 പേരാണ് 2024 ല്‍ ബീച്ചില്‍ മുങ്ങി മരിച്ചത്. 2023 നെ അപേക്ഷിച്ച് ആറ് കേസുകള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്തു. വേനല്‍ക്കാലങ്ങളില്‍ ബീച്ചുകളില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
സുരക്ഷാ നിരീക്ഷണങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ നീന്താന്‍ ഇറങ്ങുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ബോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ ലൈഫ് ജാക്കറ്റുകള്‍ ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അപകടങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചു. നീന്താന്‍ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം ഇറങ്ങാന്‍ പാടുള്ളു എന്നാണ് നിര്‍ദ്ദേശം. രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലല്ലാതെ കുട്ടികളെ ബിച്ചില്‍ ഇറക്കരുത്. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം. ബീച്ചുകളില്‍ ഗാര്‍ഡുകള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 2024 ല്‍ ബീച്ചില്‍ അപകടത്തില്‍പ്പെട്ട 26 പേരെ രക്ഷപ്പെടുത്തിയിരുന്നു.