കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്.പൊതുസ്ഥലത്ത് മാസ്‌ക്ക് ഉപയോഗം പ്രോത്സാഹിപ്പിക്കണം എന്നാണ് നിര്‍ദ്ദേശം.പരിശോധനയും വര്‍ദ്ധിപ്പിക്കണം.
കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത കടുപ്പിക്കുകയാണ് കേരളം.ആശുപത്രികളില്‍ രോഗലക്ഷണങ്ങളോടെ എത്തുന്ന എല്ലാവരേയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാനും നിര്‍ദ്ദേശം ഉണ്ട്.ആശുപത്രികളില്‍ കൂട്ടിരിപ്പുകാര്‍ അടക്കം എല്ലാവരും മാസ്‌ക് ധരിക്കണം.രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ മാസ്‌ക്ക് ധരിച്ചേ പുറത്തിറങ്ങാവു എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.കോവിഡ് ബാധിച്ച് ഒരു മരണം കൂടി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഒരു എണ്‍പതുകാരനാണ് മരിച്ചത്.രാജ്യത്ത് ഏറ്റവും അധികം ആക്ടിവ് കേസുകള്‍ ഉളളത് കേരളത്തില്‍ ആണ്.
1416 രോഗികളാണ് നിലവില്‍ ഉള്ളത്.ഇന്ത്യയില്‍ ആക്ടീവ് കോവിഡ് കേസുകള്‍ 4026 ആയി ഉയര്‍ന്നു.രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കിടയില്‍ അറുപത്തിയഞ്ച് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.മഹാരാഷ്ട്രയില്‍ 494 പേര്‍ക്കും ഗുജറാത്തില്‍ 397 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.



