പാസ്പോര്‍ട്ട് പുതുക്കുന്ന പ്രവാസികള്‍ക്ക് സഹായകരമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ തീരുമാനം.വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാം.
ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാം.ഇതിനായി പുതിയ പാസ്‌പോര്‍ട്ട് നിയമം നടപ്പിലാക്കുന്നതായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷകര്‍ക്ക് അനെക്ഷ്വര്‍ ജെ എന്ന പേരില്‍ ദമ്പതികളുടെ ഫോട്ടോ പതിപ്പിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാം.ദമ്പതികള്‍ വിവാഹിതരാണെന്നും താമസം ഒന്നിച്ചാണെന്നും ഉറപ്പുനല്‍കുന്നതാകണം സത്യവാങ്മൂലം.ഒപ്പം തന്നെ വിവാഹ സര്‍ട്ടിഫിക്കറ്റില്ലാതെ ദമ്പതികള്‍ക്ക് പാസ്‌പോര്‍ട്ടില്‍ മാരിറ്റല്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നതിനായി അപേക്ഷിക്കുവാനും സാധിക്കും.ദമ്പതികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ, അപേക്ഷകന്റെ മുഴുവന്‍ പേര്,വിലാസം, ആധാര്‍ കാര്‍ഡ് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പറുകള്‍, രണ്ട് പേരുടെയും പാസ്പോര്‍ട്ട് നമ്പറുകള്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം.
കൂടാതെ പാസ്പോര്‍ട്ട് സംബന്ധമായ കാര്യങ്ങളില്‍ നല്‍കിയിട്ടുള്ള എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്തതില്‍ നിയമപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ആ കേസ് പൂര്‍ണ്ണമായും അപേക്ഷകന്റെ ഉത്തരവാദിത്തമായിരിക്കും. പാസ്പോര്‍ട്ട് നല്‍കുന്ന അതോറിറ്റിക്ക് ഇതില്‍ യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. അതിനാല്‍ സമര്‍പ്പിക്കുന്ന വിവരങ്ങള്‍ ക്യത്യമായിരിക്കണമെന്നും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി.