ഷാര്‍ജയില്‍ കൊല്ലം സ്വദേശി അതുല്യ മരിച്ചതില്‍ ദുരൂഹത ആരോപിച്ച് കുടുംബം.അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ നാളെ ഷാര്‍ജ പൊലീസില്‍ പരാതി നല്‍കും.അതുല്യയുടെ ഭര്‍ത്താവിന് എതിരെ കൊലക്കുറ്റം ചുമത്തി കേരള പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തു.ശനിയാഴ്ചയാണ് റോളയിലെ ഫ്‌ലാറ്റില്‍ കൊല്ലം സ്വദേശി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍തൃപീഢനം ആണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് രക്ഷിതാക്കള്‍ പരാതിപ്പെടുന്നത്.ഇതിന് തെളിവായി അതുല്യ അയച്ച ചിത്രങ്ങളും ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും കുടുംബാംഗങ്ങള്‍ നല്‍കുന്നുണ്ട്.അതുല്യയുടെ ഭര്‍ത്താവിന് എതിരെ കുടുംബാംഗങ്ങളുടെ പരാതിയില്‍ കേരളപൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൊലക്കുറ്റം അടക്കം ചുമത്തിയാണ് ചവറ തെക്കുംഭാഗം പൊലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.എങ്കിലും യുഎഇയിലെ നിയമനടപടികളാകും നിര്‍ണ്ണായകമാവുക.തുടര്‍നടപടിക്രമങ്ങള്‍ക്കായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായും അതുല്യയുടെ കുടുംബം ബന്ധപ്പെടുന്നുണ്ട്.അതുല്യയുടെ മരണത്തില്‍ അന്വേഷണം വേണം എന്ന് കുടുംബം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതും വൈകിയേക്കും.കൊല്ലം സ്വദേശി വിപഞ്ചികയേയും മകളേയും ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി രണ്ടാഴ്ച തികയും മുന്‍പാണ് അതുല്യയുടെ മരണം.വിപഞ്ചിക ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.