ദുബൈ നഗരം കൂടുതല്‍ സൗന്ദര്യവത്കരിച്ച് മുനിസിപ്പാലിറ്റി. മരങ്ങളും, പൂച്ചെടികളും, നട്ടുപിടിപ്പിച്ചും, പൂന്തോട്ടങ്ങള്‍ നിര്‍മ്മിച്ചുമാണ് ദുബൈയെ കൂടുതല്‍ മനോഹരമാക്കിയത്. പത്തൊമ്പത് കോടി ദിര്‍ഹം ചിലവിലാണ് പദ്ധതി നടപ്പിലാക്കിയത്.
എമിറേറ്റിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കാനുള്ള ദുബൈ മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായണ് പദ്ധതി നടപ്പിലാക്കിയത്. ഹരിത ഇടങ്ങള്‍, വെളിച്ച സംവിധാനം എന്നിവ ഉള്‍പ്പെടെ പാതയോരങ്ങളുടെയും മറ്റ് സ്ഥലങ്ങളുടെയും ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുകയാണ്. ഗ്രീന്‍ ദുബൈ പദ്ധതിയുടെ ഭാഗമായാണ് നഗരത്തിന്റെ സൗന്ദര്യവത്കരണം. 30 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കി. മൂന്ന് ലക്ഷത്തിലേറെ മരങ്ങളും തൈകളും, 2,22,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ പൂക്കളും നട്ടുപിടിപ്പിച്ചു.
ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റിന്റെയും അല്‍ ഖൈല്‍ റോഡിന്റെയും ഇന്റര്‍സെക്ഷന്‍, ട്രിപ്പോളി സ്ട്രീറ്റിന്റെയും ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ സ്ട്രീറ്റിന്റെ ഇന്റര്‍സെക്ഷന്‍, ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ് ഇന്റര്‍സെക്ഷനില്‍നിന്ന് അല്‍ മിന റോഡിലേക്കുള്ള ഷെയ്ഖ് റാഷിദ് റോഡ്, ഏഴാമത് ഇന്റര്‍ചേഞ്ചില്‍നിന്ന് ഷെയ്ഖ് സായിദ് റോഡ്, അല്‍ അമര്‍ദി സ്ട്രീറ്റ് ഇന്റര്‍സെക്ഷനില്‍നിന്ന് അല്‍ ഖവാനീജ് സ്ട്രീറ്റ് എന്നിവയുള്‍പ്പെടെ പ്രധാനയിടങ്ങളിലാണ് കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചത്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചെടികളും മരങ്ങളുമാണ് നട്ടുപിടിപ്പിച്ചത്. കൂടുതല്‍ ജലസേചന സൗകര്യങ്ങളും, സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള സംവിധാനങ്ങളുമാണ് പച്ചപ്പ് പരിപാലിക്കാന്‍ നടപ്പിലാക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മര്‍വാന്‍ അഹമ്മദ് ബിന്‍ ഗാലിത അറിയിച്ചു.