ശബരിമല സ്വര്‍ണപാളി മോഷ്ടിച്ച് കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയെയാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
രാജീവ് ചന്ദ്രശേഖരിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കവെയാണ് സ്വര്‍ണപാളി മോഷണം പോയ സംഭവം അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. നിലവില്‍ കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ അന്വേഷണം മന്ദഗതിയിലാണ് എന്ന് കഴിഞ്ഞദിവസം കോടതി കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് കേസ് അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ സന്നദ്ധത പ്രകടിപ്പിച്ചത്. കേസിന് അന്തര്‍സംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍, ഹൈക്കോടതി നിര്‍ദ്ദേശിക്കുകയാണെങ്കില്‍ കേസ് ഏറ്റെടുക്കുന്നതില്‍ തടസ്സമില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. നിലവില്‍ സ്വര്‍ണത്തിന്റെ കാലപഴക്കം നിര്‍ണയിക്കുന്നതിനുള്ള എഫ് എസ് എല്‍ റിപ്പോര്‍ട്ട് അന്തിമഘട്ടത്തിലാണ്. നേരത്തെ അന്വേഷണം നടത്താന്‍ ഇഡിയും രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കൊള്ളക്കേസിലെ വിവരങ്ങളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നല്‍കിയ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. കേസുകളുടെ എഫ്‌ഐആറുകള്‍, റിമാന്‍ഡ് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പകര്‍പ്പാണ് ഇ.ഡി ആവശ്യപ്പെട്ടത്. ഇവ നല്‍കാന്‍ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സി.മോഹിത് ഉത്തരവിടുകയായിരുന്നു.



