പൊതു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി സ്മാര്‍ട്ട് ക്യാമറ ട്രയല്‍ ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
പൊതു ശുചിത്വ നിരീക്ഷണം മെച്ചപ്പെടുത്തുക, നിയമലംഘകര്‍ക്കെതിരെയുള്ള നടപടികള്‍ വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘സ്മാര്‍ട്ട് വേസ്റ്റ് മാനേജ്‌മെന്റ്’ ചട്ടക്കൂടിന്റെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റി സ്മാര്‍ട്ട് ക്യാമറ സിസ്റ്റത്തിന്റെ പൈലറ്റ് ഘട്ടം ആരംഭിച്ചത്. തത്സമയ ഡാറ്റ വിശകലനം ചെയ്ത് എഐ സഹായത്തോടെ മേല്‍നോട്ടവും നിര്‍വ്വഹണവും മെച്ചപ്പെടുത്തുന്നതാണ് പദ്ധതി. പൈലറ്റ് ഘട്ടത്തില്‍ മാലിന്യ ശേഖരണ വാഹനങ്ങലിലും ഗതാഗത വാഹനങ്ങളിലും സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിക്കും. റോഡുകളിലെയും റെസിഡന്‍ഷ്യല്‍ ഏരിയകളിലെയും ശുചിത്വ നിലവാരം നിരീക്ഷിക്കുന്നതിനും മാലിന്യ പാത്രങ്ങള്‍, നടപ്പാതകള്‍, പൊതു സ്‌ക്വയറുകള്‍ക്ക് എന്നിവയ്ക്ക് സമീപം അനധികൃത മാലിന്യ നിക്ഷേപം നടത്തുന്ന സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നുണ്ട്. പ്രദേശങ്ങളിലെ ചിത്രങ്ങള്‍ പകര്‍ത്തുകയും അത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതോടെ ഫീല്‍ഡ് ടീമുകള്‍ക്ക് നടപടി കള്‍ എളുപ്പത്തില്‍ സ്വീകരിക്കാനും കഴിയും. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍് 500 ദിര്‍ഹം വരെയാണ് പിഴ ചുമത്തുക. നിരീക്ഷണ സംവിധാനങ്ങളുടെ ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുക, ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കലിനെ പിന്തുണയ്ക്കുക, നഗര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള സുസ്ഥിര നയങ്ങള്‍ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു തന്ത്രപരമായ സമീപനത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ മര്‍വാന്‍ അഹമ്മദ് ബിന്‍ ഗാലിറ്റ സ്ഥിരീകരിച്ചു. പൈലറ്റ് ഘട്ടത്തിലെ ഫലങ്ങള്‍ വിലയിരുത്തിയാകും പദ്ധതി നടപ്പിലാക്കുക. ദുബായ് ഇന്റഗ്രേറ്റഡ് വേസ്റ്റ് മാനേജ്‌മെന്റ് സ്ട്രാറ്റജി 2041 നെ പിന്തുണയ്ക്കുന്നതിനും, പൊതു ശുചിത്വത്തിന്റെയും ജീവിത നിലവാരത്തിന്റെയും സുസ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനും, സുസ്ഥിരതയിലും നവീകരണത്തിലും ഒരു മുന്‍നിര ആഗോള നഗരമെന്ന നിലയില്‍ എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.



