കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തട്ടിച്ച 140 മില്യണ്‍ ദിര്‍ഹം അബുദാബി പോലീസ് തിരിച്ചുപിടിച്ച് യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കി. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 15,642 കേസുകള്‍ ആണ് കഴിഞ്ഞ് രണ്ട്
വര്‍ഷത്തിനിടെ പോലീസ് കൈകാര്യം ചെയ്തത്. ഇത് എമിറേറ്റിലെ ഡിജിറ്റല്‍ ഭീഷണികളുടെ വര്‍ദ്ധിച്ചുവരുന്ന വ്യാപ്തിയെ അടിവരയിടുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാത്രം അബുദബിയില്‍ സൈബര്‍ ത്ട്ടിപ്പ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായാണ് പോലീസ് അറിയിച്ചത്. 15,642 കേസുകളില്‍ നിന്നായി തട്ടിച്ച 140 മില്ല്യണ്‍ ദിര്‍ഹത്തിന്റെ തട്ടിപ്പാണ് പൊലീസ് പിടിച്ചത്. ഈ തുക തിരികെ അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്ക് നല്‍കിയതായും അബുദാബി പോലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ റാഷിദ് ഖലഫ് അല്‍ ദഹേരിയുടെ നേതൃത്വത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സൈബര്‍ തട്ടിപ്പുകള്‍ പെരുകിയതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി
അബുദാബി പോലീസ് ‘സൂക്ഷിച്ചുകൊള്ളുക’ എന്ന കാമ്പെയ്നിന്റെ പുതിയ പതിപ്പ് ആരംഭിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന രൂപങ്ങളെക്കുറിച്ച് സമൂഹ അവബോധം വളര്‍ത്തുന്നതിനാണ് ഈ കാമ്പെയ്ന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫോണ്‍ തട്ടിപ്പുകള്‍, വ്യാജ ലിങ്കുകള്‍, റിമോട്ട് ആക്സസ് സോഫ്റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലെ അപകടസാധ്യതകള്‍, പ്രീമിയം നമ്പറുകള്‍ക്കോ വാഹനങ്ങള്‍ക്കോ നിക്ഷേപം നടത്തല്‍, വ്യാജ ജോലി ഓഫറുകള്‍, സോഷ്യല്‍ മീഡിയയില്‍ അജ്ഞാത ഉപയോക്താക്കളില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കല്‍, തെറ്റിദ്ധരിപ്പിക്കുന്ന ഓണ്‍ലൈന്‍ പരസ്യങ്ങള്‍, വഞ്ചനാപരമായ പ്രോപ്പര്‍ട്ടി ഡീലുകള്‍, നിക്ഷേപ തട്ടിപ്പുകള്‍ എന്നിവയുള്‍പ്പെടെ സൈബര്‍ തട്ടിപ്പിന്റെ ഒമ്പത് പ്രധാന മേഖലകള്‍ കാമ്പെയ്നില്‍ ഉള്‍പ്പെടുന്നു.



