സുഡാനിലെ ദുരിതബാധിത ജനതയുടെ അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് 5 മില്യണ്‍ യുഎസ് ഡോളര്‍ നല്‍കും. ഇതിനായി ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫീസുമായി കരാര്‍ ഒപ്പിട്ടു.
യുഎഇ എയ്ഡ് ഏജന്‍സി ചെയര്‍മാന്‍ ഡോ. താരിഖ് അഹമ്മദ് അല്‍ അമേരിയുടെ സാന്നിധ്യത്തിലാണ് യുഎഇ എയ്ഡ് ഏജന്‍സിയും ഒസിഎച്ച്എയും തമ്മില്‍ കരാറില്‍ ഒപ്പുവച്ചത്. മേഖലാ, അന്തര്‍ദേശീയ പങ്കാളികളുമായുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുള്ളതാണ് യുഎഇ യുടെ പ്രവൃത്തി. സുഡാനിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം, അയല്‍രാജ്യങ്ങളായ ചാഡ്, ദക്ഷിണ സുഡാന്‍, ഉഗാണ്ട, എത്യോപ്യ എന്നിവിടങ്ങളിലേക്ക് വലിയ തോതില്‍ കുടിയേറ്റമുണ്ടാവുന്നതുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ തീര്‍ക്കുന്നുണ്ട്. സുഡാന്‍ ജനതയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും സംഭാവന നല്‍കിക്കൊണ്ട്, സിവിലിയന്മാരെ സംരക്ഷിക്കുന്നതിനും മാനുഷിക സഹായം സുരക്ഷിതമായും തടസ്സമില്ലാതെയും എത്തിക്കുന്നതും ലക്ഷ്യമിട്ടാണ് കരാര്‍. കഴിഞ്ഞ ദശകത്തില്‍ (2015-2025), യുഎഇ സുഡാന് 4.24 ബില്യണ്‍ ഡോളര്‍ സഹായം നല്‍കിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി (2023-2025) പൊട്ടിപ്പുറപ്പെട്ടതിനുശേഷം, യുഎഇ 784 മില്യണ്‍ ഡോളര്‍ മാനുഷിക സഹായത്തിനായി അനുവദിച്ചിരുന്നു. സുഡാനില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തിന്റെ വെളിച്ചത്തില്‍, യുഎഇ അതിന്റെ അടിയന്തര മാനുഷിക പ്രതികരണം തുടരുകയും ഈ ദാരുണവും വിനാശകരവുമായ ആഭ്യന്തരയുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഡോ. അല്‍ അമേരി പറഞ്ഞു.



