ഷാര്‍ജ: പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഖോര്‍ഫക്കാനിലേക്ക് പുതിയ മലയോര പാത നിര്‍മ്മിക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 1,100 മീറ്റര്‍ ഉയരത്തിലേക്കാണ് പുതിയ മലയോരപാത. എമിറേറ്റിലെ ശൈത്യകാല വിനോദ സഞ്ചാരം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിനാണ് പദ്ധതി. ഇതുവരെ കാണാത്ത അത്ഭുതം. ഇങ്ങനെയാണ് ഷാര്‍ജയിലെ ഖോര്‍ഫക്കന്‍ മലനിരകളിലേക്ക് നിര്‍മ്മിക്കുന്ന പുതിയ പാതയുടെ വിശേഷണം. യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പുതിയ റോഡ് പദ്ധതി പ്രഖ്യാപിച്ചത്. ശൈത്യകാലത്ത് പര്‍വ്വതനിരകളിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനാണ് പദ്ധതി. അല്‍ ഖുസൈര്‍ തുരങ്കത്തില്‍ നിന്നും പാത ആരംഭിക്കും. മലനിരകളിലൂടെ സഞ്ചരിച്ച് മനോഹരമായ വഴിയോര കാഴ്ചകള്‍ സമ്മാനിച്ച് ഖോര്‍ഫക്കനിലെ ഏറ്റവും വലിയ പര്‍വ്വതനിരകളില്‍ അവസാനിക്കും. ഖോര്‍ഫക്കന്റെ നോക്കെത്താ ദൂരത്തെ കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് സമ്മാനിക്കും വിധമാണ് പദ്ധതി നടപ്പിലാക്കുക. ഖോര്‍ഫക്കാനിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് പാത പര്‍വ്വത പ്രദേശങ്ങളിലേക്കെത്തും. യുഎഇയില്‍ ശൈത്യകാലത്ത് ഏറ്റവുമധികം വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശമെന്ന നിലയിലാണ് ഷാര്‍ജ ഭരണകൂടം മലയോര പാത നിര്‍മ്മിക്കുന്നത്. റോഡ് പദ്ധതിയ്‌ക്കൊപ്പം കല്‍ബയില്‍ ജബല്‍ ദീം പദ്ധതിയും തുറക്കുമെന്ന് ഷെയ്ഖ് ഡോ സുല്‍ത്താന്‍ അറിയിച്ചു. വിശ്രമ സ്ഥലം, ഫാമുകള്‍, കളിസ്ഥലം, കാഴ്ചകള്‍ കാണുന്നതിനായി പ്രത്യേക സ്ഥലങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ജബല്‍ ദീം പദ്ധതി. 2026 മാര്‍ച്ചോടെ സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.