2025 ലെ മൂന്നാം പാദത്തില്‍ ഷാര്‍ജ വിമാനത്താവളം വഴി സഞ്ചരിച്ചത് 50 ലക്ഷത്തിലധികം യാത്രക്കാര്‍. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 16.7 ശതമാനം വര്‍ധനവാണുണ്ടായത്.
പ്രാദേശികമായും അന്തര്‍ദേശീയമായും ഒരു മുന്‍നിര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ വിമാനത്താവളത്തിന്റെ സ്ഥാനം
മുന്നേറികൊണ്ടിരിക്കുകയാണ്. ഷെഡ്യൂള്‍ ചെയ്തതും അല്ലാത്തതുമായ വിമാനങ്ങളുടെ ആകെ എണ്ണം 30,737 ആയി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 27,758 വിമാനങ്ങളാണ് എത്തിയിരുന്നത്. ഇതില്‍ നിന്ന് 10.7 ശതമാനം വര്‍ധനവാണുണ്ടായത്.അതേസമയം, ചരക്കുനീക്കം 3.9 ശതമാനം വര്‍ധിച്ചു. 48,073 ടണ്‍ ചരക്കാണ് കൈകാര്യം ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 46,284 ടണ്‍ ചരക്കുനീക്കമാണ് നടന്നത്. കടല്‍വ്യോമ ചരക്ക് 32.8 ശതമാനം വളര്‍ച്ചയോടെ 3,236 ടണ്ണില്‍ നിന്ന് 4,296 ടണ്ണായി ഉയര്‍ന്നു.വിമാനത്താവളത്തിന്റെ തുടര്‍ച്ചയായ പ്രവര്‍ത്തന വളര്‍ച്ച ഷാര്‍ജയുടെ ദീര്‍ഘകാല വികസന പദ്ധതികള്‍ക്ക് അനുസൃതമായി വ്യോമയാന മേഖലയെ പിന്തുണയ്ക്കുന്നതില്‍ നിര്‍ണായക പങ്കിനെയും പ്രതിഫലിപ്പിക്കുന്നു.അടിസ്ഥാന സൗകര്യങ്ങളിലെ സുസ്ഥിരമായ നിക്ഷേപം, ശേഷി വികസനം, കാര്യക്ഷമതയും യാത്രക്കാരുടെ അനുഭവവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയുടെ ഫലമായാണ് ശക്തമായ പ്രകടനം കാഴ്ചവെച്ചതെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിദ്ഫ പറഞ്ഞു.



