Sunday, December 21, 2025
HomeNewsKeralaശ്രീനിവാസന് വിട...അരനൂറ്റാണ്ട് നീണ്ട സിനിമാജീവിതം

ശ്രീനിവാസന് വിട…അരനൂറ്റാണ്ട് നീണ്ട സിനിമാജീവിതം

ശ്രീനിവാസന്‍ വിടപറയുമ്പോള്‍ മാഞ്ഞു പോകുന്നത് മലയാള സിനിമയുടെ ശ്രീനി ഹാസമാണ്. സാധാരണ ജീവിതങ്ങളെ അസാധാരണമായി അവതരിപ്പിച്ചാണ് ശ്രീനിവാസന്‍ മലയാള സിനിമയുടെ പൂമുഖത്ത് ആര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത ഇരിപ്പിടത്തില്‍ ഇരുപ്പുറപ്പിച്ചത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും അര നൂറ്റാണ്ട് അരങ്ങുവാണ ബഹുമുഖപ്രതിഭയ്ക്ക് മലയാളത്തിന്റെ യാത്രാമൊഴി.69 വര്‍ഷം നീണ്ട മനുഷ്യായുസിന് അന്ത്യമാകുമ്പോള്‍ അനശ്വരമാകുന്നത് അര നൂറ്റാണ്ട് നീളുന്ന സിനിമാ ജീവിതമാണ്. 1977 ല്‍ പി എ ബക്കറിന്റെ മണിമുഴക്കത്തിലൂടെ മലയാള സിനിമയിലേക്ക് തന്റെ വരവറിയിച ശ്രീനി, ആദ്യം ചെറിയ വേഷങ്ങളിലൂടെ പ്രതിഭയുടെ കാമ്പറിയിച്ചു. 79 ല്‍ സംഘഗാനത്തില്‍ നായകനായി എത്തിയ ശ്രീനിവാസന്‍ അഭിനയത്തിന്റെ പഞ്ചവടിപ്പലം കടന്നെത്തിത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു പട്ടണപ്രവേശമായിരുന്നു. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഒരുക്കി സിനിമയുടെ സര്‍വ മേഖലയിലും സര്‍വാധിപത്യം പുലര്‍ത്തിയ ശ്രീനിവാസന്‍ വരച്ചിട്ടതൊക്കെയും സാധാരണ ജീവിതങ്ങളായിരുന്നു. ആക്ഷേപഹാസ്യത്തിന്റെ സാധ്യതകളെ അതി സൂക്ഷ്മമായി നിരീക്ഷിച്ച് അവതരിപ്പിച്ച ശ്രീനിവാസന്‍ അന്നുവരെ ഉണ്ടായിരുന്ന സിനിമാ മാമൂലുകള്‍ തച്ചുടച്ചു. സ്വയം കളിയാക്കലിന് വിധേയമായി ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രീനിയുടെ ലോകത്തിന്റെ വിശാലതയിലേക്ക് ഒരു തലമുറയെത്തന്നെ ആകര്‍ഷിക്കുന്നതായിരുന്നു.സെല്‍ഫ് ട്രോള്‍ എന്നതിന്റെ തലതൊട്ടപ്പനാകാന്‍ തന്നേക്കാള്‍ യോഗ്യന്‍ വേറെ ഇല്ലെന്ന് ഓരോ കഥാപാത്രത്തിലൂടെയും ശ്രീനിവാസന്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ എംഎ ധവാന്‍, ചിദംബരത്തിലെ മുനിയാണ്ടി, നാടോടിക്കാറ്റിലെ കുറ്റന്വേഷകനായ വിജയന്‍, പൊന്‍മുട്ടയിടുന്ന താറാവിലെ സ്വര്‍ണപണിക്കാരന്‍, പാവം പാവം രാജകുമാരനിലെ പാരലല്‍ കോളജ് അധ്യാപകന്‍, വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍, ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയന്‍ മാഷ്, ഉദയനാണ് താരത്തിലെ സരോജ്കുമാര്‍… എണ്ണിയാലും പറഞ്ഞാലും തീരാത്ത കഥാപാത്രങ്ങള്‍ തലയെടുപ്പോടെ നില്‍ക്കുന്നു. ആദ്യമായി തിരക്കഥ ഒരുക്കിയ പൂച്ചക്കൊരു മൂക്കുത്തി മലയാളസിനിക്കുള്ള മുഖാഭരണമായി. സന്മസുളളവര്‍ക്ക് സമാധാനം, ടി.പി. ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത,ചമ്പക്കുളം തച്ചന്‍, വരവേല്‍പ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണന്‍, ഒരു മറവത്തൂര്‍ കനവ് , അയാള്‍ കഥയെഴുതുകയാണ്, കഥ പറയുമ്പോള്‍ ,ഞാന്‍ പ്രകാശന്‍ തുടങ്ങി എണ്ണം പറഞ്ഞ തിരക്കഥകള്‍ ഓര്‍മ്മകളില്‍ കാലാതിവര്‍ത്തിയായി തുടരും. ഇടം വലം നോക്കാതെയുള്ള ശ്രീനിവാസന്റെ സാമൂഹ്യ വിമര്‍ശനങ്ങളും കാലത്തെ അതിജീവിച്ച സന്ദേശമായിരുന്നു. ശ്രീനീ സ്പര്‍ശമുള്ള സിനിമകളിലെ സംഭാഷണങ്ങളെ പരാമര്‍ശിക്കാതെ മലയാളിയുടെ ഏത് ദിവസമാണ് പൂര്‍ണമാകുന്നത്. ഇന്നും ജീവിത പ്രചോദനമാകാന്‍ എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ എന്ന ഒറ്റ ഡൈലോഗ് മതിയാകും. ജീവിതത്തിലും നിലപാടുകളിലും പോരാളിയായിരുന്ന അത്ഭുതത്തിന് വിട.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments