ശബരിമല സ്വര്‍ണകൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍ അറസ്റ്റില്‍. പ്രത്യേക അന്വേഷണസംഘത്തിന്റെ ഓഫീസില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു വിജയകുമാര്‍. കേസില്‍ ജയിലില്‍ കഴിയുന്ന പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡിലെ അംഗമായിരുന്നു വിജയകുമാര്‍.
ശബരിമല സ്വര്‍ണപാളി കൊള്ളകേസില്‍ അന്നത്തെ ദേവസ്വം ബോര്‍ഡിലെ അംഗമായിരുന്ന വിജയകുമാര് ഉച്ചയോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തി കീഴടങ്ങിയത്. കേസില്‍ മുന്‍കൂര് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്ന വിജയകുമാര്‍ അത് പിന്‍വലിച്ചാണ് കീഴടങ്ങിയത്. ഇദ്ദേഹത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുമെന്ന് വാര്‍ത്തകള്‍ക്കിടിയൊണ് നാടകീയമായ നീക്കം. സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങിയതെന്നാണ് വിജയകുമാര്‍ പറയുന്നത്. അതേസമയം താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വിജയകുമാര്‍ പറഞ്ഞു. കേസില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യപങ്കാളിത്തമുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം പരാമര്‍ശിച്ചതോടെയാണ് വിജയകുമാറിനേയും ബോര്‍ഡിലെ മറ്റൊരു അംഗമായ ശങ്കര്‍ദാസിനേയും അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹം ശക്തമായത്. ഇരുവരും തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ബോര്‍ഡിലെ എല്ലാവരും ചേര്‍ന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൈമാറാനുള്ള തീരുമാനമെടുത്തത് എന്ന് എ പത്മകുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. മറ്റ് അംഗങ്ങളിലേക്ക് അന്വേഷണം നീളാത്തതില്‍ കോടതി അതൃപ്തി രേഖ്‌പെടുത്തുകയും ചെയ്തതോടെയാണ് വിജയകുമാറിന്റേയും ശങ്കര്‍ ദാസിന്റേയും അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. 2018 ലാണ് സിപിഎം പ്രതിനിധിയായി വിജയകുമാര്‍ ദേവസ്വം ബോര്‍ഡിലെത്തിയത്. സ്വര്‍ണപ്പാളി കേസില്‍ മെറ്റൊരു സിപിഎം നേതാവ് കൂടി അകത്തായതോടെ പാര്‍ട്ടിയും കൂടുതല്‍ പ്രതിസന്ധിയിലായി.



