വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ കര്‍ശന നടപടികളുമായി കുവൈത്ത്. നിയമനങ്ങളിലും പ്രമോഷനുകളിലും സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
സര്‍ക്കാര്‍ സര്‍വീസുകളില്‍ വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍. ഇതുസംബന്ധിച്ച് എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വകുപ്പുകള്‍ക്കും കമ്മീഷന്‍ തലവന്‍ ഡോ. ഇസാം അല്‍ റുബൈയാന്‍ ഔദ്യോഗിക സര്‍ക്കുലര്‍ അയച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച പുതിയ ഇലക്ട്രോണിക് ഫോം ഇനി മുതല്‍ നിര്‍ബന്ധമാക്കും.പുതിയ നിബന്ധന പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നല്‍കുന്ന ഔദ്യോഗിക തുല്യതാ ഫോമുമായി പൊരുത്തപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ ഇനി മുതല്‍ അംഗീകാരം നല്‍കുകയുള്ളൂ. നിയമനങ്ങളിലും പ്രമോഷനുകളിലും സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള അവ്യക്തതയോ വൈരുദ്ധ്യമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നേരിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ഡോ. ഇസാം അല്‍ റുബൈയാന്‍ നിര്‍ദ്ദേശിച്ചു.



