വിനോദസഞ്ചാരത്തിനും ചരിത്രകാഴ്ചകൾക്കും പ്രശസ്തമായ മെലീഹ നാഷനൽ പാർക്കിൽ പ്രത്യേകം തയാറാക്കിയ പനോരമിക് ലോഞ്ചുകളിലാണ് വാനനിരീക്ഷണ പരിപാടികൾ സംഘടിപ്പിക്കുന്നത്.വാനനിരീക്ഷണത്തിലും ജ്യോതിഃശാസ്ത്രത്തിലും താത്പര്യമുള്ള വിനോദസഞ്ചാരികൾക്ക് ഏറ്റവും നല്ല കാഴ്ച അനുഭവം സമ്മാനിക്കുക എന്നതാണ് ലക്ഷ്യം.സെപ്റ്റംബർ 7ന് നടക്കുന്ന പൂർണ ചന്ദ്രഗ്രഹണവും തനിമ ഒട്ടും ചോരാതെ കാഴ്ചക്കാരിലേക്കെത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.ഇൗ വർഷത്തെ ഏറ്റവും സവിശേഷമായ ജ്യോതിശാസ്ത്ര സംഭവമായി കണക്കാക്കപ്പെടുന്നതാണ് പൂർണ ചന്ദ്രഗ്രഹണം.കടുംചുവപ്പ് നിറത്തിലുള്ള ഗോളമായി മാറുന്ന ചന്ദ്രനെ ചിലയിടങ്ങളിൽ മാത്രമേ കാണാൻ സാധിക്കു.സവിശേഷമായ ഇൗ ദൃശ്യാനുഭവമാണ് സഞ്ചാരികൾക്കായി ഒരുങ്ങുന്നത്.
സാറ്റേൺ ഒാപ്പോസിഷൻ എന്നറിയപ്പെടുന്ന ശനി ഭൂമിയോട് ഏറ്റവും അടുത്തെത്തുന്ന പ്രതിഭാസവും കാണാനുള്ള സജ്ജീകരണം ഒരുക്കുന്നുണ്ട്.മെലീഹയുടെ തെളിഞ്ഞ ആകാശ കാഴ്ചകളിൽ വാനനിരീക്ഷകർക്ക് ഇൗ കാഴ്ചകളൊക്കെ ആസ്വദിക്കാം. ടെലസ്കോപുകളടക്കം മികച്ച സാങ്കേതികസൗകര്യങ്ങളും ഇൗ വിഷയങ്ങളിൽ ആഴത്തിൽ അറിവുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ഇൗ ജ്യോതിശാസ്ത്രരാവുകളും കുടുംബങ്ങൾക്കും വാനനിരീക്ഷകർക്കും ഒരുപോലെ ആസ്വാദ്യകരമാവുമെന്ന് മെലീഹ നാഷണൽ പാർക്ക് മാനേജർ ഒമർ ജാസിം അൽ അലി പറഞ്ഞു.രണ്ട് ആകാശവിസ്മയങ്ങളും സംഭവിക്കുക വാരാന്ത്യത്തിലാണ് .