ശ്രീനിവാസന് വിട നല്കി സിനിമാ സാംസ്കാരിക ലോകം. ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എന്നും എല്ലാവര്ക്കും നന്മകള് മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്റെ ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. മലയാളക്കരയാകെ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കലാസാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംസ്കാര ചടങ്ങിലേക്കെത്തി. ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപ്തരിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗണ്‍ ഹാളിലും വീട്ടിലുമായി പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധിപ്പേരെത്തിയിരുന്നു. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്.



