വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തി. എസ്‌സി – എസ്ടി അതിക്രമം തടയല്‍, ആള്‍ക്കൂട്ട കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
ആദ്യം കൊലപാതകത്തിനുള്ള വകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസ് എടുത്ത് പൊലീസ് സമ്മര്‍ദ്ദത്തിനൊടുവില്‍ ഏഴാം ദിവസം ആണ് പ്രതികള്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ കൂടി ചുമത്തിയത്. കഴിഞ്ഞ ദിവസം മന്ത്രി കെ രാജന്‍ തന്നെ എസ് സി എസ് ടി വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാളയാര്‍ അട്ടപ്പള്ളത്ത് വെച്ചാണ് ചത്തീസ്ഗഡ് സ്വദേശിയായ രാം നാരായണ്‍ ബാഗലിനെ ഒരു സംഘം കള്ളനാണെന്നാരോപിച്ച് തല്ലിക്കൊന്നത്. ധനസഹായത്തോടൊപ്പം ഗുരുതര വകുപ്പുകള്‍ കൂടി ചുമത്തണമെന്നായിരുന്നു രാം നാരായണന്റെ കുടുംബത്തിന്റെ ആവശ്യം. കുടുംബത്തിന് അധികൃതര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എസ്‌സി – എസ്ടി അതിക്രമം തടയല്‍, ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തയ്യാറായത്. അതേസമയം, ആദ്യ ദിവസങ്ങളില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനും മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചതായി വിമര്‍ശനം ഉയര്‍ന്നു. കൂടുതല്‍ പേര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നെങ്കിലും അത് ശേഖരിക്കാനും പൊലീസിന് കഴിഞ്ഞില്ല. രണ്ട് ദിവസത്തിനുശേഷം മര്‍ദ്ദനത്തില്‍ പങ്കെടുത്തവര്‍ നാടുവിട്ടു. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് വിവരം. ആദ്യ മണിക്കൂറുകളില്‍ ഉണ്ടായ അനാസ്ഥ കാരണം തെളിവുകള്‍ ശേഖരിക്കുന്നതിലും അന്വേഷണ സംഘത്തിന് പരിമിതിയുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണുകള്‍ നശിപ്പിച്ചതായിട്ടാണ് വിലയിരുത്തല്‍. എന്നാല്‍ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ നടപടി സ്വീകരിക്കുമെന്നും കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ അട്ടപ്പള്ളം സ്വദേശികളായ ജഗദീഷ്, വിനോദ് എന്നിവരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തില്‍ ഇവരും പങ്കെടുത്തു എന്നാണ് കണ്ടെത്തല്‍..



