ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ അടുത്ത പതിപ്പ് 2026 ഫെബ്രുവരി 3 മുതല്‍ 5 വരെ ദുബൈയില്‍ നടക്കും. ‘ഭാവി ഗവണ്‍മെന്റുകളെ രൂപപ്പെടുത്തല്‍’ എന്ന വിഷയത്തിലാണ് ഇത്തവണത്തെ ഉച്ചകോടി. 150 ലോകരാജ്യങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2013 ല്‍ യുഎഇയില്‍ ആരംഭിച്ച ലോക ഗവണ്‍മെന്റ്‌സ് ഉച്ചകോടി, വിവിധ വിഷയങ്ങളില്‍ പ്രായോഗിക പരിഹാരങ്ങളും പുതിയ ആശയങ്ങളും സ്വാധീനമുള്ള പങ്കാളിത്തങ്ങളും രൂപപ്പെടുന്ന ഒരു ആഗോള വേദിയായി മാറുക എന്ന നേതൃത്വത്തിന്റെ കാഴ്ചപ്പാടാണ് നയിച്ചത്. ഭരണം, സാങ്കേതികവിദ്യ, വ്യോമയാനം, ലോജിസ്റ്റിക്‌സ്, ടൂറിസം, ആഗോള വ്യാപാരം, നിക്ഷേപം തുടങ്ങിയ സുപ്രധാന മേഖലകളുടെ ഭാവിയെക്കുറിച്ചുള്ള തന്ത്രപരമായ സംഭാഷണങ്ങള്‍ ഈ വര്‍ഷത്തെ പതിപ്പില്‍ ഉണ്ടാകും. 35-ലധികം രാഷ്ട്രത്തലവന്മാരും ഗവണ്‍മെന്റ് തലവന്മാരും നിരവധി സര്‍ക്കാര്‍ പ്രതിനിധികളും 150-ലധികം ഗവണ്‍മെന്റുകളും പങ്കെടുക്കുന്ന പരിപാടിയാണിത്. പ്രമുഖ ചിന്താ നേതാക്കളും ആഗോള വിദഗ്ധരും ഉള്‍പ്പെടെ 6,000-ത്തിലധികം പേര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഈ നേതാക്കളും പങ്കെടുക്കും,’
ലോകത്തെ പ്രമുഖ കോര്‍പ്പറേഷനുകളും വിജ്ഞാന സ്ഥാപനങ്ങളും ഉള്‍പ്പെടെ 70-ലധികം തന്ത്രപരമായ പങ്കാളികളുടെ ശക്തമായ ശൃംഖലയാണ് ഈ ദൗത്യത്തിന് കരുത്ത് പകരുന്നത്.
ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരില്‍ ഭൂട്ടാന്‍ രാജാവായ ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക്്, സ്വിസ് പ്രസിഡന്റ് ഗൈ പാര്‍മെലിന്‍; ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയല്‍ നോബോവ; എസ്‌തോണിയയുടെ പ്രസിഡന്റ് അലര്‍ കാരിസ്; കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് അല്‍-ഖാലിദ് അല്‍-ഹമദ് അല്‍-മുബാറക് അല്‍-സബ, സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് , അല്‍ബേനിയയുടെ പ്രധാനമന്ത്രി എഡി രാമ; തുടങ്ങിയ രാഷ്ട്ര നേതാക്കളും പങ്കാളികളാവും. ഈ വര്‍ഷം ലോക ഗവണ്‍മെന്റ് ഉച്ചകോടിക്കൊപ്പം യുഎഇ ലോക സമ്മാന ജേതാക്കളുടെ ഉച്ചകോടിയും നടത്തുന്നു. വേള്‍ഡ് ലോറേറ്റ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ ഫെബ്രുവരി 1, 2 തീയതികളില്‍ നടക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ പരിപാടിയില്‍ നോബല്‍ സമ്മാനം, ട്യൂറിംഗ് അവാര്‍ഡ്, വുള്‍ഫ് പ്രൈസ്, ഫീല്‍ഡ്‌സ് മെഡല്‍, ഗ്രേറ്റ് അറബ് മൈന്‍ഡ്‌സ്, മറ്റ് പ്രധാന അന്താരാഷ്ട്ര ശാസ്ത്ര ബഹുമതികള്‍ എന്നിവയുള്‍പ്പെടെ ആഗോള അംഗീകാരങ്ങള്‍ നേടിയ ലോക പ്രമുഖ സമ്മാന ജേതാക്കള്‍ പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി, സര്‍ക്കാരുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ക്ക് ശാസ്ത്രീയ പരിഹാരങ്ങള്‍ നല്‍കുന്നതില്‍ ഈ സമ്മാന ജേതാക്കള്‍ സഹകരിക്കും, അവരുടെ ചര്‍ച്ചകളുടെ ഫലങ്ങള്‍ ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പ്രഖ്യാപിക്കും.



