യു.എ.ഇയിലെ ഭൂരിഭാഗം ആളുകളും ജോലിക്കാരും പുതുവര്‍ഷത്തില്‍ പുതിയ ജോലിയിലേയ്ക്ക് മാറാന്‍ ആഗ്രഹിക്കുന്നതായി സര്‍വെ റിപ്പോര്‍ട്ട്. പ്രമുഖ പ്രൊഫഷണല്‍ നെറ്റ്വര്ക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. യുഎഇയിലെ തൊഴില്‍ വിപണിയില്‍ ഈ വര്‍ഷം വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പത്തില്‍ ഏഴ് പേരും പുതിയ അവസരങ്ങള്‍ തേടുന്നതായാണ് ലിങ്ക്ഡ്ഇന്‍ നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഒരു റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ള ജോലികളില്‍ 74% പേരും സന്തുഷ്ടരാണെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ ജോലി കണ്ടെത്തുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു അന്ന് 65% ജീവനക്കാരും അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യു.എ.ഇയില്‍ നിരവധി തൊഴിലവസരങ്ങള്‍ ഉള്ളതിനാല്‍ ജോലി മാറ്റം എളുപ്പത്തില്‍ സാധ്യമാകുമെന്നാണ് തൊഴിലന്വേഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ അനുഭവ പരിചയമുള്ള ജീവനക്കാര്‍ തൊഴില്‍ മാറുമ്പോള്‍ വൈദഗ്ധ്യമുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ തൊഴിലുടമകള്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പുതുതായി യുഎഇ യിലെത്തെത്തിയത് രണ്ട് ദശലക്ഷത്തോളം ആളുകളാണ് . ഇത് തൊഴില്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയതായാണ് വിലയിരുത്തല്‍. യുഎഇ ഇപ്പോള്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജോലികള്‍ക്ക് വലിയ പ്രധാന്യമാണ് നല്‍കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലകളില്‍ വരാനിരിക്കുന്നത് വലിയ അവസരങ്ങളാണ് . അതുകൊണ്ട് തന്നെ പുതിയതായി യു.എ.ഇയിലെ തൊഴില്‍ മേഖലയിലേക്ക് കടന്നു വരുന്നവര്‍ക്കും അവസരങ്ങള്‍ക്ക് കുറവുണ്ടാകില്ല. ജോബ് മാച്ച്’ പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് ശരിയായ ജോലി വേഗത്തില്‍ കണ്ടെത്താനാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നത്.



