കനത്ത മഴയെ തുടര്‍ന്ന് ടെക്‌സാസിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണം 24 ആയി. ദുരന്തത്തില്‍ സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 23 പെണ്‍കുട്ടികളടക്കം നിരവധി പേരെ കാണാതായി. കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.ഇന്നലെ രാത്രിയോടെ അപ്രതീക്ഷിതമായി പെയ്ത അതിതീവ്ര മഴ, ടെക്‌സാസ് സംസ്ഥാനത്ത് മിന്നല്‍ പ്രളയമാണ് സൃഷ്ടിച്ചത്. കെര്‍ കൗണ്ടിയിലുണ്ടായ പ്രളയ ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയാണ്. വേനല്‍ക്കാല ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാതായി. ബോട്ട്, ഹെലികോപ്റ്റര്‍ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. 237 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്. അതേസമയം ടെക്‌സസിന്റെ പടിഞ്ഞറും മധ്യ ഭാഗങ്ങളിലും പ്രളയത്തിന് സാധ്യതയുണ്ടെന്നും ജനങ്ങളോട് ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് നല്‍കി. മിന്നല്‍ പ്രളയം ഭയപ്പെടുത്തുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രതികരിച്ചു. പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ട്രംപ് സഹായം വാഗ്ദാനം ചെയ്തു. ടെക്‌സസ് ഗവര്‍ണറുമായി സംസാരിച്ചതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഗ്വാഡലൂപ്പ് നദിയില്‍ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ ക്രമാതീതമായ നിലയില്‍ ജലനിരപ്പുയരുന്നത് ആദ്യമായാണ്.