ഗാസയില്‍ ഭക്ഷണവിതരണത്തിനായി ആക്രമണത്തില്‍ ഇടവേള പ്രഖ്യാപിച്ച് ഇസ്രയേല്‍.3 പ്രദേശങ്ങളില് പത്ത് മണിക്കൂര്‍ സമയം സൈനിക നീക്കം നിര്‍ത്തിവെയ്ക്കും.ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകള്‍ പ്രവേശിച്ച് തുടങ്ങി.പട്ടിണിമരണങ്ങള്‍ തുടര്‍ച്ചയായതിന് പിന്നാലെയാണ് ഗാസയില്‍ ചില പ്രദേശങ്ങളില്‍ ഇസ്രയേല്‍ സൈനികനീക്കം താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായി പ്രഖ്യാപിച്ചത്.അല്‍മവാസി, ദെയ്ര്‍ അല്‍ ബലാഹ്,ഗാസ സിറ്റി എന്നിവിടങ്ങളില്‍ ആണ് പ്രതിദിനം പത്ത് മണിക്കൂര്‍ ആക്രമണം നിര്‍ത്തിവെയ്ക്കുക.രാവിലെ പത്ത് മുതല്‍ രാത്രി എട്ട് മണി വരെയാണ് ഈ പ്രദേശങ്ങളില്‍ സൈനിക നീക്കം നിര്‍ത്തിവെയ്ക്കുക എന്ന് ഐഡിഎഫ് അറിയിച്ചു.
ഐക്യരാഷ്ട്രസഭയുമായും മറ്റ് രാജ്യാന്തരസംഘടനകളുമായി സഹകരിച്ചാണ് തീരുമാനം എന്നും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.ഐക്യരാഷ്ട്രസഭയുടെയും സന്നദ്ധസംഘടനകളുടെയും വാഹനങ്ങള്‍ക്ക് സഹായവസ്തുക്കളുമായി കടന്ന് പോകുന്നതിന് സുരക്ഷിതമായ റൂട്ടുകള്‍ ഒരുക്കും എന്നും ഇസ്രയേല്‍ അറിയിച്ചു.രാവിലെ ആറ് മുതല്‍ രാത്രി പതിനൊന്ന് വരെ ഈ റൂട്ടുകളിലൂടെ സന്നദ്ധസംഘടനകളുടെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം.ഇസ്രയേലിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിച്ച് തുടങ്ങി.ഈജിപ്തില്‍ നിന്നും 180 ട്രക്കുകളും ജോര്‍ദ്ദാനില്‍ നിന്നും അറുപത് ട്രക്കുകളും ഗാസയിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.ഗാസയില്‍ ഭക്ഷ്യവസ്തുക്കള്‍ എയര്‍ഡ്രോപ് ചെയ്യുന്നുണ്ടെന്നും ഇസ്രയേല്‍ അറിയിച്ചു.