യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങളുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറന്‍ ഉള്‍നാടന്‍ പ്രദേശങ്ങളിലും തീരദേശ മേഖലകളിലും കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ച പരിധി കുറയാന്‍ ഇടയുണ്ട്.
വരും ദിവസങ്ങളില്‍ യുഎഇയുടെ പലഭാഗങ്ങളിലും അസ്ഥിരമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മൂടല്‍മഞ്ഞ് ചിലയിടങ്ങളില്‍ ദൂരകാഴ്ച്ചയെ ബാധിക്കും. വ്യാഴാഴ്ച രാവിലെ വരെ അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായിരിക്കും. ആകാശം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ മേഖലകളില്‍ വെള്ളിയാഴ്ചയോടെ താപനിലയില്‍ നേരിയ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു. ശനിയാഴ്ചയും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത.റോഡുകളില്‍ ദൂരക്കാഴ്ച കുറയുന്നത് അപകടങ്ങള്‍ക്ക് കാരണമായേക്കാം എന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. കൃത്യമായ അകലം പാലിച്ചും ഗതാഗത നിയമങ്ങള്‍ അനുസരിച്ചും മാത്രമേ യാത്ര ചെയ്യാവൂ എന്ന് പൊലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടല്‍ പൊതുവെ ശാന്തമായിരിക്കുമെങ്കിലും തീരപ്രദേശങ്ങളില്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ നേരിയ തോതില്‍ തിരമാലകള്‍ ഉയര്‍ന്നേക്കാം.



