യുഎഇയില്‍ അതിശൈത്യത്തിനു തുടക്കമായി.വരും ദിവസങ്ങളില്‍ രാജ്യത്തുടനീളം താപനില ഗണ്യമായി കുറയുമെന്നും ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ശബാത്ത് സീസണ്‍ എന്നറിയപ്പെടുന്ന ഇനിയുള്ള 26 ദിവസങ്ങളില്‍ തണുപ്പിന്റെ കാഠിന്യം കൂടും. ഈ മാസം 15 മുതല്‍ 8 ദിവസം ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു.
ഫെബ്രുവരി 10ഓടെ തണുപ്പ് കുറയും.പലയിടങ്ങളിലും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് രാവിലെ 9.30 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. വടക്കന്‍കിഴക്കന്‍ മേഖലകളിലും ദ്വീപുകളിലും താഴ്ന്ന നിലയിലുള്ള മേഘങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമ്പോള്‍ കുറഞ്ഞ താപനില 15 മുതല്‍ 18 ഡിഗ്രി വരെയായിരിക്കും.എന്നാല്‍ പര്‍വതമേഖലയായ ജബല്‍ ജെയ്‌സില്‍ തണുപ്പ് 5 ഡിഗ്രിയിലേക്ക് വരെ താഴുമെന്നാണ് പ്രവചനം.രാത്രിയിലും ചൊവ്വാഴ്ച പുലര്‍ച്ചെയും തീരദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും ഈര്‍പ്പത്തിന്റെ അളവ് വര്‍ധിക്കും. ഇത് മൂടല്‍മഞ്ഞിന് കാരണമായേക്കാം. നിലവില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 10 മുതല്‍ 30 കിലോമീറ്റര്‍ വരെയാണെങ്കിലും വാരന്ത്യത്തോടെ ഇത് 55 കിലോമീറ്റര്‍ വരെയായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതോടെ കടല്‍ പ്രക്ഷുബ്ധമാകാനും പൊടിപടലങ്ങള്‍ ഉയരുന്നത് മൂലം ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്.വ്യാഴം, വെള്ളി ദിവസങ്ങളില്‍ തണുപ്പ് ഇനിയും കൂടുമെന്നാണ് റിപോര്‍ട്ടുകള്‍.പുലര്‍ച്ചെ വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരും കടലില്‍ പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ശൈത്യം കടുക്കുന്ന സാഹചര്യത്തില്‍ താമസക്കാര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.



